മൊത്തവില പണപ്പെരുപ്പം ഇടിയുന്നു, 19 മാസത്തിന് ശേഷം ഒറ്റയക്കത്തില്‍

സെപ്റ്റംബര്‍ മാസം 10.7 ശതമാനം ആയിരുന്നു മൊത്തവില പണപ്പെരുപ്പം

Update:2022-11-14 14:50 IST

രാജ്യത്തെ മൊത്തവില പണപ്പെരുപ്പം (Wholesale Price Inflation) 19 മാസത്തെ താഴ്ന്ന നിലയില്‍. ഒക്‌ടോബര്‍ മാസം 8.39 ശതമാനം ആണ് ഹോള്‍സെയില്‍ പ്രൈസ് ഇന്‍ഡക്‌സിനെ (WPI) അടിസ്ഥാനമാക്കിയുള്ള രാജ്യത്തെ മൊത്തവില പണപ്പെരുപ്പം. 18 മാസത്തിനിടെ ആദ്യമായാണ് പണപ്പെരുപ്പം ഒറ്റയക്കത്തില്‍ എത്തുന്നത്.

സെപ്റ്റംബര്‍ മാസം 10.7 ശതമാനം ആയിരുന്നു മൊത്തവില പണപ്പെരുപ്പം. ഓഗസ്റ്റില്‍ ഇത് 12.41 ശതമാനം ആയിരുന്നു. കഴിഞ്ഞ മെയ് മാസം റെക്കോര്‍ഡ് നിരക്കായ 15.88 ശതമാനത്തില്‍ എത്തിയ മൊത്തവില പണപ്പെരുപ്പമാണ് ഇപ്പോള്‍ ഒറ്റയക്കത്തിലേക്ക് ഇടിഞ്ഞത്. ഇന്ധനവിലയില്‍ ഉള്‍പ്പടെ മാറ്റം വന്നതാണ് പണപ്പെരുപ്പത്തിന്റെ തോത് കുറയാന്‍ കാരണം.

ഇന്ധന, ഊര്‍ജ്ജ വിലക്കയറ്റം ഒക്‌ടോബറില്‍ 32.61ല്‍ നിന്ന് 23.71 ശതമാനമായി കുറഞ്ഞു. മാനുഫാക്‌ചേര്‍ഡ് ഉല്‍പ്പന്ന വിഭാഗത്തില്‍ പണപ്പെരുപ്പം കുറഞ്ഞത് 6.34ല്‍ നിന്ന് 4.42 ശതമാനം ആയാണ്. ഡബ്ല്യുപിഐ ഇന്‍ഡക്‌സിലെ മൂന്നില്‍ രണ്ട് ഭാഗവും മാനുഫാക്‌ചേര്‍ഡ് വിഭാഗത്തില്‍ നിന്നാണ്. 8.33 ശതമാനം ആണ് ഒക്ടോബറിലെ ഭക്ഷ്യ പണപ്പെരുപ്പം. സെപ്റ്റംബറില്‍ ഇത് 11.03 ശതമാം ആയിരുന്നു. പച്ചക്കറി വിലക്കയറ്റവും മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 39.66ല്‍ നിന്ന് 17.61 ആയി കുറഞ്ഞു.

Tags:    

Similar News