സ്വര്‍ണത്തിന്റെ പിന്തുണയുള്ള ഡിജിറ്റല്‍ കറന്‍സി അവതരിപ്പിക്കാന്‍ സിംബാബ്‌വെ

ഉയര്‍ന്ന പണപ്പെരുപ്പം മൂലമുള്ള പ്രാദേശിക കറന്‍സിയുടെ ഇടിവിനെ ചെറുക്കാനാണ് ഈ നീക്കം

Update:2023-04-24 17:40 IST

Image:@ReserveBankZim/fb/canva

സിംബാബ്‌വെയിൽ സ്വര്‍ണ പിന്തുണയുള്ള ഡിജിറ്റല്‍ കറന്‍സി അവതരിപ്പിക്കാന്‍ ഒരുങ്ങുന്നതായി സിംബാബ്‌വെ വാര്‍ത്താ ഏജന്‍സിയായ ദി സണ്‍ഡേ മെയില്‍ റിപ്പോര്‍ട്ട് ചെയ്തു. യു.എസ് ഡോളറിനെതിരെ പ്രാദേശിക കറന്‍സിയുടെ മൂല്യത്തകര്‍ച്ചയില്‍ നിന്ന് സ്ഥിരത കൈവരിക്കാനുള്ള സര്‍ക്കാര്‍ സംരംഭമാണിത്. 1 യുഎസ് ഡോളറിന് 1,001 ZWL ആണ് സിംബാബ്‌വെ ഡോളറിന്റെ ഔദ്യോഗിക നിരക്ക്. എന്നിരുന്നാലും, ഉയര്‍ന്ന പണപ്പെരുപ്പം കാരണം, കറന്‍സിക്ക് അതിന്റെ മൂല്യം നഷ്ടപ്പെടുകയും ബ്ലൂംബെര്‍ഗ് പ്രകാരം 1 യുഎസ് ഡോളറിന് 1,750 ZWL എന്ന നിരക്കില്‍ സിംബാബ്‌വെയിലെ ആളുകള്‍ക്കിടയില്‍ വ്യാപാരം നടത്തുകയും ചെയ്യുന്നു.

കൂടുതല്‍ ഇടിവില്‍ നിന്ന് സംരക്ഷണം

സ്വര്‍ണത്തിന്റെ പിന്തുണയുള്ള ഡിജിറ്റല്‍ കറന്‍സി എന്ന നീക്കം ചെറിയ അളവിലുള്ള സിംബാബ്‌വെ ഡോളറുകള്‍ ഡിജിറ്റല്‍ ഗോള്‍ഡ് ടോക്കണിലേക്ക് മാറ്റാന്‍ അനുവദിക്കുമെന്ന് റിപ്പോര്‍ട്ട് പറയുന്നു. സിംബാബ്‌വെ കറന്‍സി മൂല്യം കൂടുതല്‍ ഇടിയുന്നതില്‍ നിന്ന് ഇത് സംരക്ഷിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യം കൂടുതല്‍ കരുത്തുറ്റ ഭാവിയിലേക്ക് പോകുമ്പോള്‍ കറന്‍സിയുടെ ചാഞ്ചാട്ടം ഉള്‍പ്പടെയുള്ള പ്രശ്‌നങ്ങള്‍ക്കുള്ള പോംവഴികളില്‍ എല്ലാവരെയും ഉള്‍പ്പെടുത്തുകയെന്നതാണ് പദ്ധതിയുടെ ഉദ്ദേശമെന്ന് സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ ജോണ്‍ മംഗുദ്യ പറഞ്ഞു. സിംബാബ്‌വെയുടെ വാര്‍ഷിക ഉപഭോക്തൃ വില പണപ്പെരുപ്പം ഫെബ്രുവരിയിലെ 92 ശതമാനത്തില്‍ നിന്ന് മാര്‍ച്ചില്‍ 87.6 ശതമാനത്തിലെത്തി. നിലവിലെ വിനിമയ നിരക്കില്‍ വലിയ ചാഞ്ചാട്ടമുണ്ട്.

യു.എസ് ഡോളര്‍ സ്വീകരിച്ചിരുന്നു

ഒരു ദശാബ്ദത്തിലേറെയായി കറന്‍സി മൂല്യം ഇടിയുന്നതിനും പണപ്പെരുപ്പത്തിനും എതിരെ പോരാടുകയാണ് സിംബാബ്‌വെ. 2009-ല്‍, ഉയര്‍ന്ന പണപ്പെരുപ്പം മൂലം രാജ്യം അതിന്റെ കറന്‍സിയായി യു.എസ് ഡോളര്‍ സ്വീകരിച്ചു. പിന്നീട് 2019-ല്‍ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമത്തില്‍ രാജ്യം സിംബാബ്‌വെ ഡോളര്‍ വീണ്ടും അവതരിപ്പിച്ചു.

പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനും കറന്‍സിയുടെ മൂല്യം ഇടിയുന്നത് തടയാനും കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ സിംബാബ്‌വെ  പൊതുജനങ്ങള്‍ക്ക് വില്‍ക്കാന്‍ സ്വര്‍ണ നാണയം പുറത്തിറക്കിയിരുന്നു. 2,000 സ്വര്‍ണ നാണയങ്ങളാണ് റിസര്‍വ് ബാങ്ക് വഴി വാണിജ്യ ബാങ്കുകളിലെത്തിയത്. പൊതു ജനങ്ങള്‍ക്ക് ബാങ്കുകളില്‍ നിന്ന് സ്വര്‍ണ നാണയങ്ങള്‍ വാങ്ങി ദൈനംദിന ഇടപാടുകള്‍ക്ക് ഇവ ഉപയോഗിക്കാന്‍ സാധിക്കുമെന്ന് അന്ന ബാങ്ക് അറിയിച്ചിരുന്നു. ഏകദേശം 31 ഗ്രാം വരുന്ന 22 ക്യാരറ്റ് ആയിരുന്നു ഓരോ നാണയങ്ങളും. ഇത് കൂടാതെ കഴിഞ്ഞ വര്‍ഷം രാജ്യത്തെ കുതിച്ചുയരുന്ന വില നിയന്ത്രിക്കുന്നതിനായി യുഎസ് ഡോളര്‍ വീണ്ടും ഉപയോഗിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.

Tags:    

Similar News