വാക്‌പോര് കഴിഞ്ഞു, വ്യാപാര യുദ്ധം തുടങ്ങി; ജാഗ്രതയോടെ ഇന്ത്യ

Update: 2018-07-07 11:19 GMT

ആഗോള വ്യാപാര മേഖലയെ അനിശ്ചിതാവസ്ഥയിലേയ്ക്ക് തള്ളിവിട്ട് ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തികളായ യുഎസും ചൈനയും തമ്മിൽ ട്രേഡ് യുദ്ധം തുടങ്ങി.

34 ബില്യണ്‍ ഡോളര്‍ മൂല്യം വരുന്ന ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് 25 ശതമാനം ഇറക്കുമതി തീരുവ ചുമത്താനുള്ള യുഎസ് ഗവണ്‍മെന്റിന്റെ തീരുമാനം ഇന്നലെ അർധരാത്രിയോടെ നിലവിൽ വന്നു. ട്രംപ് ഭരണകൂടത്തിന്റെ നീക്കത്തിനുള്ള ചൈനയുടെ മറുപടി പെട്ടെന്നായിരുന്നു. യുഎസ് ഉല്‍പ്പന്നങ്ങൾക്ക് ഇറക്കുമതി തീരുവ വര്‍ദ്ധിപ്പിച്ച് അവർ അതേ നാണയത്തില്‍ തിരിച്ചടിച്ചു.

യുഎസ്‌ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അടുത്തതായി 16 ബില്യൺ ഡോളർ മൂല്യമുള്ള ചൈനീസ് ഉൽപ്പന്നങ്ങളെ ലക്ഷ്യമിടുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. ചൈനയും പിൻവലിയുന്ന ലക്ഷണമില്ല.

വ്യവസായിക മെഷിനറി, ആരോഗ്യ രംഗത്തെ ഉപകരണങ്ങള്‍, ഓട്ടോമൊബൈല്‍ ഉല്‍പ്പന്നങ്ങള്‍ എന്നിവയ്ക്കാണ് പ്രധാനമായും തീരുവ ഏര്‍പ്പെടുത്തിയിരിക്കുന്നത്. മാംസം, സമുദ്ര വിഭവങ്ങള്‍, ആ‍ഡംബര കാറുകള്‍ ഉള്‍പ്പെടെ യുഎസ്സില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന തുല്യമൂല്യമുളള ഉല്‍പ്പന്നങ്ങള്‍ക്ക് തീരുവ പ്രഖ്യാപിച്ചാണ് ചൈന തിരിച്ചടിച്ചത്.

എല്ലാ സംഭവ വികാസങ്ങളെയും കൃത്യമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ് ഇന്ത്യ. പെട്ടെന്നൊരു പ്രതികൂല സ്വാധീനം ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്ക്ക് ഇതുമൂലം ഉണ്ടാകില്ലെന്നാണ് വാണിജ്യ മന്ത്രാലയം പറയുന്നത്. പക്ഷെ സ്വകാര്യ സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായത്തിൽ യുഎസ് ചൈനയോട് ഇളവുകൾ തേടുന്നുണ്ടെങ്കിൽ അതേപോലെതന്നെ എപ്പോൾ വേണമെങ്കിലും ഇന്ത്യയോടും ഇതേ രീതി അവലംബിക്കാം. അതുകൊണ്ട് തന്നെ ഇന്ത്യ ജാഗ്രതയോടെ ഇരിക്കണമെന്നാണ് അവരുടെ അഭിപ്രായം.

ചൈനയും യുഎസും പരസ്പരം വ്യാപാരം ചെയ്തിരുന്ന ഉല്പന്നങ്ങൾ ഇനി ഇന്ത്യ പോലുള്ള രാജ്യങ്ങളിലേയ്ക്ക് വൻതോതിൽ കയറ്റുമതി ചെയ്യപ്പെടാനുള്ള സാധ്യതയുണ്ട്. അങ്ങനെ ആവശ്യത്തിലധികം സാധനങ്ങൾ വിപണിയിലെത്തിയാൽ അത് കെട്ടിക്കെടക്കുന്ന അവസ്ഥയുണ്ടാകും.

വ്യാപാരയുദ്ധം നീണ്ടുപോയാൽ കൂടുതൽ രാജ്യങ്ങളെ ഇത് ബാധിക്കുകയും സാമ്പത്തിക മാന്ദ്യം ഉൾപ്പെടെയുള്ള അനന്തര ഫലങ്ങൾ എല്ലാ രാജ്യത്തേയും ജനങ്ങൾ നേരിടേണ്ടിയും വരും.

അതേസമയം, ഇതൊരു മികച്ച അവസരമാണെന്നാണ് കയറ്റുമതി മേഖലയിലെ വിദഗ്ധരുടെ വിലയിരുത്തൽ. ടെക്സ്റ്റൈൽ, ലെതർ, ഫുട്‍വെയർ എന്നിവയുടെ കയറ്റുമതിയിൽ ഇന്ത്യയ്ക്ക് ഗുണമുണ്ടാകുന്ന സാഹചര്യമാണിത്. എങ്കിലും, എടുത്തുചാടി ഒരു നീക്കം നടത്തുന്നത് വ്യാപാര ബന്ധങ്ങളിൽ ഉലച്ചിലുണ്ടാക്കും.

ഇപ്പോൾ ഇന്ത്യയും യുഎസും ഒരു വ്യാപാര പാക്കേജ് ഉണ്ടാക്കാനുള്ള ചർച്ചയിലാണ്. ഈ മാസം അവസാനം വാഷിംഗ്‌ടണിൽ വെച്ചാണ് രണ്ടാം വട്ട ചർച്ച.

Similar News