ലോകവ്യാപാരത്തിന്റെ എല്ലാ കളിനിയമങ്ങളും ലംഘിച്ചുകൊണ്ട് അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാരയുദ്ധം ആരംഭിച്ചുകഴിഞ്ഞിരിക്കുന്നു. ഇറക്കുമതി ചുങ്കം എന്ന സംരക്ഷണഭിത്തി തീര്‍ത്തുകൊണ്ടാണ് ഇരു രാജ്യങ്ങളും പുതിയ വ്യാപാരയുദ്ധത്തിന് വഴിമരുന്നിട്ടിരിക്കുന്നത്. ഇതാകട്ടെ ലോകവ്യാപാര സംഘടനയുടെ (WTO) എല്ലാ നിബന്ധനകളെയും തകര്‍ക്കുന്നതും അതിന്റെ നിലനില്‍പ്പിനെതന്നെ ചോദ്യം ചെയ്യുന്ന നിലയിലേക്ക് വളര്‍ന്നിരിക്കുകയുമാണ്. സ്വതന്ത്ര വ്യാപാരത്തിന്റെ എക്കാലത്തെയും വക്താക്കളായാണ് അമേരിക്ക അറിയപ്പെടുന്നത്. എന്നാല്‍ ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റ് പദവിയില്‍ ഉപവിഷ്ടനായതോടുകൂടി അന്തര്‍ദേശീയ കരാറുകളില്‍ നിന്നെല്ലാം പിന്മാറി കൂടുതല്‍ സംരക്ഷണ ഭിത്തികള്‍ (Protectionlist) കെട്ടുന്നതിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. ഒബാമ തുടങ്ങിവെച്ച ബഹുരാഷ്ട്ര സ്വതന്ത്രവ്യാപാരസംഘടനയായ TPPയില്‍ നിന്ന് പിന്‍വാങ്ങിക്കൊണ്ടാണ് ട്രംപ് തന്റെ ഇന്നിംഗ്‌സ് ആരംഭിച്ചത് തന്നെ. വടക്കന്‍ അമേരിക്കന്‍ രാഷ്ട്രങ്ങളായ കാനഡ, മെക്‌സിക്കോ, യു.എസ് എന്നിവര്‍ അംഗങ്ങളായ NAFT യില്‍ നിന്നും പതിയെ പിന്‍വലിയാനുള്ള ഒരുക്കത്തിലാണ് ട്രംപ്.
തുറന്നത് പോര്‍മുഖം
ചൈനയുമായി പതിറ്റാണ്ടുകളായി വ്യാപാരകമ്മി നേരിട്ടുകൊണ്ടിരിക്കുന്നു എന്നതാണ് ട്രംപിന്റെ പുതിയ നയത്തിനുള്ള ന്യായീകരണം. 1300 ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് 23 ശതമാനം തീരുവ ചുമത്തിക്കൊണ്ടാണ് ട്രംപ് പൊടുന്നനെ വ്യാപാരയുദ്ധത്തിലേക്ക് കടന്നത്. ഇറക്കുമതി ചുങ്കം ഉയര്‍ത്തി ആഭ്യന്തര വ്യാപാരം പ്രോല്‍സാഹിപ്പിക്കുക എന്നത് ട്രംപ് ഒരു നയമായി തന്നെ സ്വീകരിച്ചിരിക്കുകയാണ്. അമേരിക്കയിലേക്കുള്ള സ്റ്റീല്‍, അലുമിനിയം ഉല്‍പ്പന്നങ്ങള്‍ക്ക് 10 മുതല്‍ 25 ശതമാനം വരെ ഇറക്കുമതി തീരുവ ചുമത്തിക്കൊണ്ടാണ് 2018 മാര്‍ച്ചില്‍ ട്രംപ് പുതിയൊരു വ്യാപാരയുദ്ധ പോര്‍മുഖം തുറന്നത്.
ചൈനയും വെറുതെ ഇരുന്നില്ല. 106 അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഇറക്കുമതി ചുങ്കം ഏര്‍പ്പെടുത്തികൊണ്ടാണ് അവര്‍ പ്രതികരിച്ചത്. ഇതില്‍ അമേരിക്കയില്‍നിന്നുള്ള സോയബീന്‍, പന്നിയിറച്ചി, മറ്റ് മാംസവിഭവങ്ങള്‍, വൈന്‍ എന്നിവയെല്ലാം ഉള്‍പ്പെടുന്നു.
അമേരിക്കയില്‍ ഉല്‍പ്പാദിപ്പിക്കുന്ന സോയാബീനിന്റെ 60 ശതമാനവും കയറ്റി അയയ്ക്കപ്പെടുന്നത് ചൈനയിലേക്കാണ്. മിഷിഗണ്‍, ഇയോവ, ഒഹൈയോ എന്നീ സംസ്ഥാനങ്ങളിലെ കൃഷിക്കാരെ ഇത് നേരിട്ട് ബാധിക്കും.
ലക്ഷ്യം ലോക മേധാവിത്വം
അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാരയുദ്ധം ലോകമേധവിത്വത്തിനായുള്ള കളികളുടെ ഭാഗമാണെന്ന വിലയിരുത്തലുകളുമുണ്ട്. ഏതാണ്ട് 50ലധികം രാജ്യങ്ങളിലേക്ക് ചൈനീസ് സൗഹൃദഹസ്തങ്ങള്‍ പ്രത്യക്ഷമായി നീണ്ടിരിക്കുകയാണ്. OBOR, സമുദ്രാനന്തര പട്ടുപാത (Maritime Silk Road) എന്നിവയിലൂടെ ചൈനയുടെ നീരാളിക്കൈക്കള്‍ ലോകമെമ്പാടും നീളുന്നത് ട്രംപിനും അമേരിക്കയ്ക്കും തീരെ പഥ്യമല്ല.
ലോക ജനസംഖ്യയുടെ അഞ്ചിലൊന്ന് വസിക്കുന്നത് ചൈനയിലാണ് - 140 കോടിയില്‍പ്പരം ജനങ്ങള്‍. ചൈന പുരോഗതിയുടെ മൂന്നാം ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. മാവോ, ഡെങ് തുടങ്ങിയവര്‍ക്കുശേഷം ഭരണഘടനാ പരിഷ്‌കാരത്തിലൂടെ നവയുഗത്തിലേക്ക് ചൈനീസ് പരിഷ്‌കാരം എന്ന പരിപാടിയുമായി അത്യുന്നത നേതാവായി ഷീചിന്‍ പിങ് മാറിക്കഴിഞ്ഞിരിക്കുകയാണ്. 140 കോടി ജനങ്ങളില്‍ ഒന്‍പതു കോടി പേരെ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗങ്ങളായുള്ളൂ. എന്നാല്‍ ഈ ന്യൂനപക്ഷം ചൈനയെ അക്ഷരാര്‍ത്ഥത്തില്‍ ഇരുമ്പ് കൂട്ടില്‍ അടച്ചിരിക്കുകയാണ്. ജനാധിപത്യ കേന്ദ്രീകരണത്തിലൂടെ അച്ചടക്കം അടിച്ചേല്‍പ്പിച്ച് വികസനത്തിലേക്ക് കുതിക്കുകയാണ് ചൈന.
1978ല്‍ കയറ്റുമതിയുടെ കാര്യത്തില്‍ 32-ാം സ്ഥാനത്തായിരുന്നു ചൈന. 1987ല്‍ ഇത് 12-ാം സ്ഥാനമായി ഉയര്‍ന്നു. 2010 ആയപ്പോഴേക്കും ലോകത്തിലെ ഒന്നാം നമ്പര്‍ കയറ്റുമതിക്കാരായി ചൈന മാറിയിരുന്നു. 2020 ആകുമ്പോഴേക്കും ലോകത്തിലെ ഏറ്റവും മികച്ചതും വലുതുമായ പ്രതിരോധ സേനയും ചൈനയുടേതാകുമെന്നാണ് വിലയിരുത്തല്‍.
ചൈന, റഷ്യ, വടക്കന്‍ കൊറിയ കൂട്ടുകെട്ട് മുന്നില്‍ക്കാണുന്ന അമേരിക്കന്‍ നയതന്ത്രജ്ഞര്‍ക്ക് ഇരിപ്പുറക്കുന്നില്ല എന്നാണ് അണിയറ സംസാരം. ഈ മൂന്നിടത്തേയും ഭരണാധികാരികളുമായി ഒട്ടേറെ സമാനതകുള്ള നേതാവാണ് ട്രംപ്. റഷ്യയുടെ പുട്ടിനും, ചൈനയുടെ ഷിയും വടക്കന്‍ കൊറിയയുടെ കിമ്മുമെല്ലാം ആജീവനാന്ത ഭരണാധികാരികളാകാനുള്ള നെട്ടോട്ടത്തിലാണ്. ട്രംപും ഏകാധിപത്യ പവറിന്റെ കാര്യത്തില്‍ ഒട്ടും പിന്നില്ലല്ല. അനിയന്ത്രിത അധികാരം, ഏകാധിപത്യ പ്രവണത, അതിദേശീയത എന്നിവയിലൂടെ ജനസമ്മിതി നേടാമെന്ന് ഈ നാലുപേരും ഉറച്ചു വിശ്വസിക്കുന്നു.
സ്വന്തം ദേശത്തിന്റെ ഉയര്‍ത്തേഴുന്നേല്‍പ്പ്, ചൈന ഒരു മഹത്തായ ശക്തി എന്നീ മുദ്രാവാക്യങ്ങളാണ് ഷി ചൈനയില്‍ ഉയര്‍ത്തുന്നതെങ്കില്‍ 'America first' എന്ന നയമാണ് ട്രംപിന്റെ തുറപ്പുചീട്ട്. 1917വരെ അമേരിക്ക പുലര്‍ത്തിവന്ന 'അമേരിക്ക അമേരിക്കക്കാര്‍ക്ക്' എന്ന ഉള്‍വലിയില്‍ സിദ്ധാന്തത്തിലേക്ക് ട്രംപ് ആ രാഷ്ട്രത്തെ കൊണ്ടുചെന്നെത്തിക്കുന്നു എന്നതാണ് മറ്റൊരു തമാശ. ഒന്നാം ലോകമഹായുദ്ധത്തിന്റെ അന്ത്യ കാലഘട്ടങ്ങളില്‍ ജര്‍മനിക്കെതിരെ യുദ്ധം പ്രഖ്യാപിച്ചുകൊണ്ടാണ് വുഡ്രോവില്‍സണ്‍ 1917 മാര്‍ച്ചില്‍ ഉള്‍വലിയില്‍ (Isolationism) സിദ്ധാന്തത്തില്‍നിന്ന് പുറത്തുവന്നത്. അന്നു മുതല്‍ ഇന്നോളം ലോകക്രമം നിര്‍ണയിക്കുന്നതില്‍ പ്രധാന പങ്ക് അമേരിക്കയ്ക്കുണ്ട്. ആ നയങ്ങളില്‍ നിന്നുള്ള വ്യതിയാനമാണ് വ്യാപാരയുദ്ധത്തിലൂടെ ട്രംപ് പറഞ്ഞുവെച്ചിരിക്കുന്നത്.
കര്‍ഷകര്‍ പ്രതിസന്ധിയില്‍
ഈ യുദ്ധ പോര്‍മുഖത്ത് ആത്യന്തിക നഷ്ടം അമേരിക്കന്‍ കര്‍ഷകര്‍ക്കാവും എന്നതാണ് ഏറ്റവും വലിയ വൈരുധ്യം. പന്നി ഫാമുകള്‍ ഇപ്പോള്‍ത്തന്നെ പ്രതിസന്ധിയിലാണ്. ബീഫ് വിപണി നഷ്ടപ്പെട്ടാല്‍ ചെറുകിട കര്‍ഷകര്‍ കന്നുകാലി വളര്‍ത്തലില്‍ നിന്ന് പിന്‍വലിയും. സോയബീന്‍ കര്‍ഷകര്‍ക്ക് പിടിച്ചുനില്‍ക്കാന്‍ ആവുന്നില്ല. എന്നാല്‍ കാര്‍ഷിക വിപണി നിയന്ത്രിക്കുന്ന വമ്പന്മാരായ Monjunto Cargil തുടങ്ങിയ കമ്പനികള്‍ നികുതിയിളവിലൂടെ സമ്പത്ത് കുന്നുകൂട്ടുകയും ചെയ്യുന്നു.
അമേരിക്കന്‍ ഉപഭോക്താക്കള്‍ ഇനി ഉല്‍പ്പന്നങ്ങള്‍ക്ക് കൂടുതല്‍ വില നല്‍കേണ്ടിവരും. അസംഘടിത മേഖലയില്‍ ധാരാളം തൊഴില്‍ നഷ്ടമുണ്ടാകും. നികുതിദായകര്‍ക്ക് അധികബാധ്യത ഉണ്ടായേക്കാം. സാമ്പത്തിക കുത്തകകള്‍ പതിയെ അമേരിക്കന്‍ ആഭ്യന്തരവിപണി പിടിച്ചെടുത്തേക്കാം. ചൈനയിലാകട്ടെ ബദല്‍ മാര്‍ഗങ്ങള്‍ ദീര്‍ഘകാലയളവിലേക്ക് മെച്ചമായി ഭവിച്ചേക്കാം. കൂടുതല്‍ ആഭ്യന്തര വിപണി കണ്ടെത്തല്‍, സ്വാശ്രയത്വം, കാര്‍ഷികരംഗത്ത് ഉത്തേജനം എന്നിവയൊക്കെ ദീര്‍ഘകാലയളവില്‍ നേടാന്‍ ഇപ്പോഴത്തെ താല്‍ക്കാലിക തിരിച്ചടി വഴിമരുന്നിട്ടേക്കാം. ഏതായാലും ലോകം പുതിയ വ്യാപാരയുദ്ധത്തിലേക്ക് നീങ്ങുന്നത് ഉടനടി ലോകസമ്പദ്‌വ്യവസ്ഥയ്ക്ക് താങ്ങാനാവുന്നതല്ല.