വോട്ട് ഉന്നമിടാതെ നിര്‍മ്മല; നികുതിയില്‍ തൊട്ടില്ല, റെയില്‍വേക്ക് നേട്ടം

നികുതിക്കേസുകള്‍ പിന്‍വലിക്കാനും തീരുമാനം, പി.എം കിസാന്‍ ആനുകൂല്യം ഉയര്‍ത്തിയില്ല

Update:2024-02-01 14:22 IST

Image : Nirmala Sitharaman /PIB

നരേന്ദ്ര മോദി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞും അടുത്ത സാമ്പത്തിക വര്‍ഷത്തേക്കായി ജൂലൈയില്‍ ഉണ്ടായേക്കുമെന്ന് കരുതുന്ന സമ്പൂര്‍ണ ബജറ്റിനുള്ള അടിയത്തറയിട്ടും ഇടക്കാല ബജറ്റ് അവതരിപ്പിച്ച് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. 2047നകം ഇന്ത്യയെ 'വികസിത ഭാരത'മാക്കുകയെന്ന 'അമൃതകാല' കാമ്പയിനില്‍ ഉറച്ചുനിന്നുള്ള ബജറ്റില്‍ പക്ഷേ, വോട്ട് ഉന്നമിട്ടുള്ള പ്രഖ്യാപനങ്ങളൊന്നും ഉണ്ടായില്ലെന്നത് ശ്രദ്ധേയമായി. തിരഞ്ഞെടുപ്പ് നേരിടാനൊരുങ്ങുന്ന സര്‍ക്കാരിന്റെ 'ആത്മവിശ്വാസം' ഉയര്‍ത്തിക്കാട്ടിയുള്ളതും തികഞ്ഞ അച്ചടക്കത്തോടെയുള്ളതുമായ ബജറ്റാണിതെന്ന് നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നു.

നിര്‍ണായക പ്രഖ്യാപനങ്ങള്‍
നികുതി: നികുതി നിരക്കുകളില്‍ മാറ്റങ്ങള്‍ക്കൊന്നും നിര്‍മ്മല തയ്യാറായില്ല. പ്രത്യക്ഷ, പരോക്ഷ നികുതി നിരക്കുകളും ഇറക്കുമതി തീരുവകളും മാറ്റമില്ലാതെ നിലനിറുത്തി. അതായത്, ആദായനികുതി നിരക്കുകളിലും മറ്റും തത്കാലം ഇളവുകളൊന്നുമില്ല
അതേസമയം, സ്റ്റാര്‍ട്ടപ്പുകളിലേക്കുള്ള സോവറീന്‍ വെല്‍ത്ത്, പെന്‍ഷന്‍ ഫണ്ട് എന്നിവയ്ക്ക് നല്‍കിയിരുന്ന നികുതിയിളവിന്റെ കാലാവധി 2024 മാര്‍ച്ച് 31ല്‍ നിന്ന് 2025 മാര്‍ച്ച് 31ലേക്ക് നീട്ടി.
നികുതിയിളവുകള്‍: 1962 മുതലുള്ള നികുതിക്കേസുകളില്‍ ഇളവ് തരുമെന്ന് നിര്‍മ്മല പറഞ്ഞു. ഇതുപ്രകാരം 2009-10 വരെയുള്ളതും 25,000 രൂപവരെയുള്ളതുമായ കേസുകളും 2010-11 മുതല്‍ 2014-15 വരെയുള്ളതും 10,000 രൂപവരെയുള്ളതുമായ കേസുകള്‍ പിന്‍വലിക്കും. ഇത് നിരവധി പേര്‍ക്ക് ആശ്വാസമാകും.
റെയില്‍വേ: റെയില്‍വേക്ക് റെക്കോഡ് 2.55 ലക്ഷം കോടി രൂപ വകയിരുത്തിയ നിര്‍മ്മല, മൂന്ന് വന്‍കിട ഇടനാഴികളും പ്രഖ്യാപിച്ചു. ഒന്ന് ഊര്‍ജം (Energy), ധാതു (Minerals), സിമന്റ് ഇടനാഴിയും മറ്റൊന്ന് തുറമുഖ കണക്റ്റിവിറ്റയുമാണ്. ഉയര്‍ന്ന ചരക്കുനീക്കം നടക്കുന്ന മേഖലകള്‍ക്കുള്ളതാണ് മൂന്നാമത്തേത്. പി.എം. ഗതിശക്തി പദ്ധതിയിലൂന്നിയുള്ളതാണ് ഈ ഇടനാഴികള്‍. ഇത് ചരക്കുനീക്കവും യാത്രാസൗകര്യങ്ങളും സുഗമമാക്കാനും ചെലവുകള്‍ ചുരുക്കാനും സഹായകമാകുമെന്ന് നിര്‍മ്മല പറഞ്ഞു.
കൂടുതല്‍ വന്ദേഭാരത് ട്രെയിനുകള്‍ വരും. മെട്രോ, നമോ ഭാരത് പദ്ധതികള്‍ കൂടുതല്‍ നഗരങ്ങളിലേക്ക് വ്യാപിപ്പിക്കും.
മൂലധനച്ചെലവും ധനക്കമ്മിയും: നടപ്പുവര്‍ഷത്തെ ധനക്കമ്മി ജി.ഡി.പിയുടെ 5.8 ശതമാനമായിരിക്കുമെന്ന് പുനര്‍നിര്‍വചിച്ച നിര്‍മ്മല, 2025-26ഓടെ ഇത് 4.5 ശതമാനത്തിലേക്ക് താഴ്ത്തുമെന്നും പ്രഖ്യാപിച്ചു. 2024-25ല്‍ പ്രതീക്ഷിക്കുന്നത് 5.1 ശതമാനമാണ്.
അടുത്തവര്‍ഷത്തേക്കുള്ള സര്‍ക്കാരിന്റെ മൂലധനച്ചെലവ് 11.1 ശതമാനം ഉയര്‍ത്തി 11.11 ലക്ഷം കോടി രൂപയാക്കിയിട്ടുണ്ട്. ഇത് ജി.ഡി.പിയുടെ 3.4 ശതമാനമാണ്. സംസ്ഥാനങ്ങള്‍ക്കുള്ള 50-വര്‍ഷ പലിശരഹിത വായ്പാ പദ്ധതി 2024-25ലും തുടരും.
ടൂറിസം: അയോദ്ധ്യയില്‍ വിഗ്രഹ പ്രതിഷ്ഠ നടന്ന പശ്ചാത്തലത്തില്‍ ആത്മീയ (Spiritual) ടൂറിസത്തിന് ഉള്‍പ്പെടെ ഊന്നല്‍ നല്‍കും. ജി20 സമ്മേളനത്തിന് വേദിയായത് രാജ്യത്തിന് വലിയ കുതിപ്പായി. ടൂറിസം മേഖലകളുടെ ബ്രാന്‍ഡിംഗിനും മാര്‍ക്കറ്റിംഗിനും സംസ്ഥാനങ്ങള്‍ക്ക് ദീര്‍ഘകാല പലിശരഹിത വായ്പ നല്‍കും. ലക്ഷദ്വീപില്‍ പോര്‍ട്ട് കണക്റ്റിവിറ്റി, ടൂറിസം അടിസ്ഥാനസൗകര്യം, യാത്രികര്‍ക്കുള്ള സൗകര്യങ്ങള്‍ എന്നിവ മെച്ചപ്പെടുത്തും.
കാര്‍ഷികം: കര്‍ഷകര്‍ക്കുള്ള പി.എം കിസാന്‍ ആനുകൂല്യങ്ങള്‍ ഉയര്‍ത്തിയേക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഉണ്ടായില്ല. വളം സബ്‌സിഡി വെട്ടിക്കുറയ്ക്കുകയും ചെയ്തു.
ഭവന മേഖല: പ്രധാനമന്ത്രി ആവാസ് യോജനയില്‍ 5 വര്‍ഷത്തിനകം രണ്ടുകോടി വീടുകള്‍ കൂടി നിര്‍മ്മിക്കും.
ആരോഗ്യം: കൂടുതല്‍ മെഡിക്കല്‍ കോളേജുകള്‍ രാജ്യത്ത് സ്ഥാപിക്കും. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള വിവിധ വാക്‌സിനുകളുടെ വിതരണം ഉഷാറാക്കും. ആയുഷ്മാന്‍ ഭാരത് ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയിലേക്ക് കൂടുതല്‍ ആശാ, അംഗനവാടി വര്‍ക്കര്‍മാരും.
ഹരിതോര്‍ജം: ഒരുകോടി വീടുകളിലേക്ക് സൗരോര്‍ജ പാനലുകള്‍. ഇതുവഴി പ്രതിമാസം 300 യൂണിറ്റ് വൈദ്യുതി ലഭിക്കും.
വിന്‍ഡ് എനര്‍ജി ഉത്പാദനശേഷി ഒരു ഗിഗാ വാട്ടായി ഉയര്‍ത്തുമെന്ന് പറഞ്ഞ ധനമന്ത്രി, 2030ഓടെ കോള്‍ ഗ്യാസിഫിക്കേഷന്‍ 100 ദശലക്ഷം ടണ്ണാക്കുമെന്നും പറഞ്ഞു. ഇത് പ്രകൃതിവാതകം, മെത്തനോള്‍, അമോണിയ എന്നിവയുടെ ഇറക്കുമതി കുറയ്ക്കാന്‍ സഹായിക്കും.
പ്രകൃതിവാതകത്തില്‍ കംപ്രസ്ഡ് ബയോഗ്യാസ് ബ്ലെന്‍ഡിംഗ് നിര്‍ബന്ധമാക്കും.
സമുദ്രോത്പന്നം: പ്രധാനമന്ത്രി മത്സ്യസമ്പാദ യോജനയുടെ ഭാഗമായി അക്വാകള്‍ച്ചര്‍ ഉത്പാദനം 3 ടണ്ണില്‍ നിന്ന് 5 ടണ്ണാക്കും. കയറ്റുമതി ഇരട്ടിയായി വര്‍ധിപ്പിച്ച് ഒരുലക്ഷം കോടി രൂപയിലെത്തിക്കും. പുതുതായി 55 ലക്ഷം തൊഴിലുകളും സൃഷ്ടിക്കും.
വ്യോമയാനം: നിലവിലെ വിമാനത്താവളങ്ങള്‍ വികസിപ്പിക്കും, പുതിയ വിമാനത്താവളങ്ങള്‍ സ്ഥാപിക്കും.
Tags:    

Similar News