സ്വന്തമായി വീടും കാറും ഭൂമിയുമില്ലാത്ത പ്രധാനമന്ത്രി; മോദിയുടെ ആസ്തി എത്രയെന്നറിയാമോ?
തെരഞ്ഞെടുപ്പ് കമ്മീഷനു നല്‍കിയ സത്യവാങ്മൂലത്തിലാണ് ആസ്തി വിവരങ്ങള്‍ വെളിപ്പെടുത്തിയത്
വാരണാസിയില്‍ നിന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജനവിധി തേടുന്ന നരേന്ദ്ര മോദി തെരഞ്ഞെടുപ്പ് കമ്മീഷന്‍ മുമ്പാകെ ആസ്തി വിവരങ്ങള്‍ വെളിപ്പെടുത്തി. സ്വന്തമായി ഭൂമിയോ വീടോ കാറോ ഇല്ലാത്ത നരേന്ദ്രമോദിയുടെ മൊത്തം ആസ്തി 3.02 കോടി രൂപയാണ്. ഇതില്‍ 2.85 കോടി രൂപയും സ്ഥിര നിക്ഷേപങ്ങളാണ്. കൈയില്‍ 52,920 രൂപയുണ്ട്.
എസ്.ബി.ഐയിലാണ് നരേന്ദ്രമോദിയുടെ നിക്ഷേപങ്ങളില്‍ ഭൂരിഭാഗവും. നാഷണല്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റില്‍ 9.12 ലക്ഷം രൂപ നിക്ഷേപിച്ചിട്ടുണ്ട്. വ്യക്തിഗത വായ്പകളോ വാഹന വായ്പകളോ ഒന്നും സ്വന്തം പേരിലില്ല. നാല് സ്വര്‍ണ മോതിരങ്ങളുണ്ട്. മൊത്തം 45 ഗ്രാം തൂക്കം വരുന്ന ആഭരണങ്ങളുടെ മൂല്യം 2.67 ലക്ഷം രൂപയാണ്.
വരുമാനം കൂടി
പ്രധാനമന്ത്രിക്ക് ലഭിക്കുന്ന ശമ്പളവും ബാങ്കില്‍ നിന്നുള്ള പലിശയുമാണ് മുഖ്യ വരുമാനം. ആദായ നികുതി റിട്ടേണ്‍ പ്രകാരം 2022-23 സാമ്പത്തിക വര്‍ഷത്തിലെ വരുമാനം 23.56 ലക്ഷം രൂപയാണ്. 2018-19ല്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ഇത് 11.14 ലക്ഷമായിരുന്നു. അഞ്ച് വര്‍ഷം കൊണ്ട് ഇരട്ടിയിലധികം വര്‍ധിച്ചു. ഓഹരി, മ്യൂച്വല്‍ഫണ്ട്, ബോണ്ട് പോലുള്ള നിക്ഷേപങ്ങളുമില്ല
മൂന്നാം തവണയാണ് നരേന്ദ്രമോദി വാരണാസിയില്‍ നിന്ന് ജനവിധി തേടുന്നത്. ജൂണ്‍ ഒന്നിനാണ് വാരണാസിയില്‍ തെരഞ്ഞെടുപ്പ്.