യു.എ.ഇയില്‍ ഇനി വിസിറ്റിംഗ് വീസയിലും ജോലി ചെയ്യാമോ? അംഗീകാരം നല്‍കണമെന്ന് ആവശ്യം
ദുബൈയില്‍ നടന്ന സംരംഭക സമ്മേളനത്തിലാണ് ആവശ്യമുയര്‍ന്നത്
പ്രവാസികളുടെ പറുദീസയെന്ന വിശേഷണമുള്ള രാജ്യമാണ് യു.എ.ഇ. ഒരുകോടിക്കടുത്ത് വിദേശികളാണ് യു.എ.ഇയില്‍ നിലവില്‍ തൊഴിലെടുക്കുന്നത്. അതില്‍ 35 ലക്ഷത്തിലധികം പേര്‍ ഇന്ത്യക്കാര്‍. അതില്‍ തന്നെ നല്ലൊരുപങ്കാകട്ടെ മലയാളികളും.
യു.എ.ഇയിലെ കമ്പനികളില്‍ വൈദഗ്ദ്ധ്യമുള്ള ജീവനക്കാരെ ഉറപ്പാക്കുന്നതിനായി വിസിറ്റിംഗ് വീസയിലുമെത്തി (Tourist/Visiting Visa - സന്ദര്‍ശക വീസ) ജോലി ചെയ്യാന്‍ അനുവദിക്കണമെന്ന ആവശ്യം ഉന്നയിച്ചിരിക്കുകയാണ് യു.എ.ഇയുടെ നാച്ചുറലൈസേഷന്‍ ആന്‍ഡ് റെസിഡന്‍സി പ്രോസിക്യൂഷന്‍ മേധാവിയും അഡ്വക്കേറ്റ് ജനറലുമായ ഡോ. അലി ഹുമൈദ് ബിന്‍ ഖത്തേം. കഴിഞ്ഞയാഴ്ച ദുബൈയില്‍ നടന്ന സംരംഭക സമ്മേളനത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം ഉന്നയിച്ചത്.
വിസിറ്റിംഗ് വീസയിലെത്തുന്നവര്‍ക്കും രാജ്യത്ത് തൊഴിലെടുക്കാന്‍ അനുവദിച്ചാല്‍ അത് കമ്പനികള്‍ക്കും തൊഴിലെടുക്കുന്നവര്‍ക്കും രാജ്യത്തിനും ഒരുപോലെ നേട്ടമാകുമെന്ന് അദ്ദേഹം പറയുന്നു. വൈദഗ്ദ്ധ്യമുള്ള തൊഴിലാളികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് കമ്പനികള്‍. നിരവധി സന്ദര്‍ശകര്‍ യു.എ.ഇയില്‍ ജോലി നേടാന്‍ ശ്രമിക്കുന്നുമുണ്ട്. ഈ സാഹചര്യത്തില്‍, സന്ദര്‍ശക വീസയിലെത്തുന്നവര്‍ക്ക് ജോലി ചെയ്യാനുള്ള അനുമതി നല്‍കുന്നത് പരിഗണിക്കേണ്ടതാണെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നിലവില്‍ അനുമതിയില്ല
നിലവില്‍ തൊഴില്‍ വീസയില്‍ എത്തുന്നവര്‍ക്ക് മാത്രമാണ് യു.എ.ഇയില്‍ തൊഴിലെടുക്കാന്‍ അനുമതിയുള്ളത്. സന്ദര്‍ശക വീസയിലെത്തി ജോലി നേടിയാല്‍ ജോലി കൊടുത്ത കമ്പനിക്കും ജോലി ലഭിച്ചയാള്‍ക്കും നിയമപ്രകാരം ശിക്ഷ ലഭിക്കും. 50,000 ദിര്‍ഹം വരെയാണ് പിഴ. അതായത്, 11 ലക്ഷത്തോളം രൂപ.