ബൈജൂസിന്റെ തലപ്പത്തേക്ക് വീണ്ടുമൊരു മലയാളി; രാജിവച്ച് അനില്‍ ഗോയല്‍
ബൈജൂസില്‍ നിന്ന് ഉന്നതര്‍ രാജിവയ്ക്കുന്നത് ആദ്യമല്ല
പ്രമുഖ എഡ്‌ടെക് (EdTech) സ്ഥാപനമായ ബൈജൂസിന്റെ ചീഫ് ടെക്‌നോളജി ഓഫീസറായി (CTO) ജിനി തട്ടിലിനെ നിയമിച്ചു. നിലവില്‍ ബൈജൂസിന്റെ ഉപസ്ഥാപനമായ എപിക്കിന്റെ (Epic) എന്‍ജിനിയറിംഗ് വിഭാഗം സീനിയര്‍ വൈസ് പ്രസിഡന്റായി പ്രവര്‍ത്തിക്കുകയായിരുന്നു ജിനി.
അനില്‍ ഗോയല്‍ രാജിവച്ച ഒഴിവിലാണ് ജിനി തട്ടിലിന് സ്ഥാനക്കയറ്റം നല്‍കി സി.ടി.ഒയായി നിയമിക്കുന്നതെന്ന് ഓഹരി ഉടമകള്‍ക്ക് അയച്ച കത്തില്‍ ബൈജൂസ് വ്യക്തമാക്കിയിട്ടുണ്ട്. മൂന്ന് വര്‍ഷത്തെ സേവനത്തിന് ശേഷമാണ് അനില്‍ ഗോയല്‍ ബൈജൂസിന്റെ പടിയിറങ്ങിയത്.
25 വര്‍ഷത്തെ അനുഭവ സമ്പത്ത്
സോഫ്റ്റ്‌വെയര്‍ രംഗത്ത് 25ലേറെ വര്‍ഷങ്ങളുടെ അനുഭവ സമ്പത്തുണ്ട് മലയാളിയായ ജിനി തട്ടിലിന്. ഇ-കൊമേഴ്‌സ്, അഡ്വര്‍ടൈസിംഗ്, അനലിറ്റിക്‌സ്, പേയ്‌മെന്റ്‌സ്, ഓണ്‍ലൈന്‍ ബാങ്കിംഗ്, പേഴ്‌സണല്‍ ഫിനാന്‍സ്, ബിസിനസ് ഇന്റലിജന്‍സ്, ഹെല്‍ത്ത്‌കെയര്‍, ട്രാന്‍സ്‌പോര്‍ട്ടേഷന്‍ മേഖലകളിലും പ്രവര്‍ത്തന സമ്പത്തുണ്ട്.
ബൈജൂസിന്റെ പല ഏറ്റെടുക്കല്‍ നടപടികള്‍ക്ക് പിന്നിലും ജിനിയുടെ നിര്‍ണായക പങ്കാളിത്തവുമുണ്ടായിരുന്നു. ആഗോള വിപണിയില്‍ ബൈജൂസ് ഉത്പന്നങ്ങളുടെ വിജയകരമായ വിപണനത്തിന് ചുക്കാന്‍ പിടിച്ചിട്ടുള്ള ജിനി, ബൈജൂസിന്റെ പ്രവര്‍ത്തന പുനഃക്രമീകരണങ്ങളുടെ (strategic restructuring) ഭാഗമായി കൂടിയാണ് പുതിയ ചുമതലയിലേക്ക് എത്തുന്നത്.
തുടര്‍ക്കഥയാകുന്ന രാജിയും സാമ്പത്തിക പ്രതിസന്ധിയും
ബൈജൂസില്‍ നിന്ന് ഉന്നതര്‍ രാജിവയ്ക്കുന്നത് ആദ്യമല്ല. സി.എഫ്.ഒയായിരുന്ന അജയ് ഗോയല്‍, ബൈജൂസ് ഇന്ത്യ ബിസിനസ് സി.ഇ.ഒ മൃണാള്‍ മോഹിത്, ചീഫ് ബിസിനസ് ഓഫീസര്‍ പ്രത്യുഷ അഗര്‍വാള്‍, ബൈജ്യൂസ് ട്യൂഷന്‍ സെന്റേഴ്‌സ് ബിസിനസ് ഹെഡ് ഹിമാന്‍ഷു ബജാജ്, ക്ലാസ് 4-10 ബിസിനസ് ഹെഡ് മുക്ത ദീപക്, ബൈജൂസിന്റെ അന്താരാഷ്ട്ര ചുമതലയുണ്ടായിരുന്ന സീനിയര്‍ വൈസ് പ്രസിഡന്റും മലയാളിയുമായ ചെറിയാന്‍ തോമസ് എന്നിവര്‍ ഇക്കഴിഞ്ഞ മാസങ്ങളിലായി രാജിവച്ചവരാണ്. ഇവരുടെ നിരയിലേക്കാണ് അനില്‍ ഗോയലും ചേരുന്നത്.
അമേരിക്കന്‍ വായ്പാദാതാക്കളില്‍ നിന്ന് വാങ്ങിയ കടം വീട്ടാന്‍ പ്രതിസന്ധി നേരിടുന്ന ബൈജൂസിന് താത്കാലിക ആശ്വാസവുമായി മണിപ്പാല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. രഞ്ജന്‍ പൈ 1,400 കോടി രൂപയുടെ നിക്ഷേപം നടത്തിയിരുന്നു. ബൈജൂസിന് കീഴിലെ ആകാശ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഓഹരി പങ്കാളിത്തം നേടുകയാണ് ഇതുവഴി ഡോ. രഞ്ജന്‍ പൈ ചെയ്തത്. ഉപസ്ഥാപനമായ എപിക്കിനെ വിറ്റൊഴിഞ്ഞ് വായ്പ വീട്ടാനുള്ള നടപടികളും പുരോഗമിക്കവേയാണ് ജിനി തട്ടില്‍ നിര്‍ണായക സ്ഥാനത്തേക്ക് എത്തുന്നതെന്ന പ്രത്യേകതയുമുണ്ട്.
അതേസമയം 9,400 കോടി രൂപയുടെ വിദേശ ഇടപാടുകളുമായി ബന്ധപ്പെട്ട് ബൈജൂസിന് നോട്ടീസ് അയച്ചിരുന്നുവെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) സ്ഥിരീകരിച്ചതും അടുത്തിടെയാണ്. നോട്ടീസ് ലഭിച്ചിരുന്നില്ലെന്നാണ് ബൈജൂസ് നേരത്തേ പറഞ്ഞിരുന്നത്. ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ട് (ഫെമ/FEMA) ചട്ടം ലംഘിച്ചുവെന്ന് കാട്ടിയായിരുന്നു നോട്ടീസ്.