കണക്ക് തെറ്റല്ലേ സാറേ... പൊതുയോഗത്തില്‍ ബൈജുവിനെ നിറുത്തിപ്പൊരിച്ച് നിക്ഷേപകര്‍
2022-23ലെ പ്രവര്‍ത്തനഫലം കാലതാമസം വരുത്താതെ പുറത്തുവിടണമെന്ന് ആവശ്യം
കമ്പനിയുടെ സാമ്പത്തിക കണക്കുകളില്‍ സുതാര്യത വേണമെന്നും പ്രവര്‍ത്തനഫലം കാലതാമസം വരുത്താതെ പുറത്തുവിടണമെന്നും ഉള്‍പ്പെടെയുള്ള ആവശ്യങ്ങളുമായി ബൈജൂസ് സ്ഥാപകന്‍ ബൈജു രവീന്ദ്രനെ വാര്‍ഷിക പൊതുയോഗത്തില്‍ നിറുത്തിപ്പൊരിച്ച് നിക്ഷേപകര്‍.
കമ്പനിയില്‍ നടക്കുന്നതെന്താണെന്ന് കൃത്യമായും വ്യക്തമായും ഓഹരി ഉടമകളെ അറിയിച്ചിരിക്കണമെന്നും പ്രതിസന്ധികളൊഴിവാക്കി മുന്നോട്ടുപോകാന്‍ 'വിശ്വാസം' അരക്കിട്ടുറപ്പിക്കേണ്ടത് അനിവാര്യമാണെന്നും ബുധനാഴ്ച നടന്ന മൂന്ന് മണിക്കൂറോളം നീണ്ട യോഗത്തില്‍ നിക്ഷേപകര്‍ ചൂണ്ടിക്കാട്ടി.
ബൈജുവിന്റെ കണക്കുകള്‍
2021-22 സാമ്പത്തിക വര്‍ഷത്തെ പ്രവര്‍ത്തനഫലം കഴിഞ്ഞദിവസമാണ് എഡ്‌ടെക് സ്ഥാപനമായ ബൈജൂസ് പുറത്തുവിട്ടത്. ഇതുപ്രകാരം ബൈജൂസിന്റെ മാതൃസ്ഥാപനമായ തിങ്ക് ആന്‍ഡ് ലേണിന്റെ വരുമാനം 5,015 കോടി രൂപയാണ്. 2020-21ല്‍ 2,280 കോടി രൂപയായിരുന്നു. 2021-22ല്‍ വരുമാനം 10,000 കോടി രൂപ കടന്നുവെന്ന് ബൈജൂസ് നേരത്തേ അവകാശപ്പെട്ടിരുന്നു. പ്രവര്‍ത്തനഫലം പുറത്തുവന്നതോടെ ഈ അവകാശവാദം പൊള്ളയായിരുന്നുവെന്ന് വ്യക്തമായി.
മാത്രമല്ല, കമ്പനിയുടെ നഷ്ടം 4,564 കോടി രൂപയില്‍ നിന്ന് 8,245 കോടി രൂപയായി 2021-22ല്‍ കുത്തനെ കൂടുകയും ചെയ്തു. 18 മാസത്തെ കാലതാമസം വരുത്തിക്കൊണ്ട് കഴിഞ്ഞ സെപ്റ്റംബറിലാണ് ബൈജൂസ് 2020-21ലെ പ്രവര്‍ത്തനഫലം പുറത്തുവിട്ടത്.
2021ല്‍ അമേരിക്കന്‍ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നെടുത്ത 120 കോടി ഡോളറിന്റെ (ഏകദേശം 10,000 കോടി രൂപ) കടം തിരിച്ചടയ്ക്കാനുള്ള പരിശ്രമത്തിലാണ് ഇപ്പോള്‍ ബൈജൂസ്.
സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന കമ്പനിയുടെ മൊത്തം മൂല്യം ഇതിനിടെ നിക്ഷേപക സ്ഥാപനങ്ങള്‍ വെട്ടിത്താഴ്ത്തിയിരുന്നു. കമ്പനിയിലെ പ്രമുഖ നിക്ഷേപകരായ നെതര്‍ലന്‍ഡ്‌സ് ആസ്ഥാനമായ പ്രൊസസ് 2,200 കോടി ഡോളറില്‍ നിന്ന് 300 കോടി ഡോളറിലേക്കാണ് ബൈജൂസിന്റെ മൂല്യം വെട്ടിക്കുറച്ചത്. ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാന്‍ ബൈജു രവീന്ദ്രന്‍ അടുത്തിടെ സ്വന്തം വീട് പണയംവച്ചുവെന്ന വാര്‍ത്തകളും പുറത്തുവന്നിരുന്നു.