ഇലക്ട്രിക് വാഹന മേഖലയിൽ ഒരു കരിയര്‍; പിജി കോഴ്‌സുമായി ഐഐടി മദ്രാസ്
ഐഐടി-മദ്രാസിലെ എട്ട് ഡിപ്പാര്‍ട്ട്‌മെന്റുകള്‍ ചേര്‍ന്നാണ് കോഴ്‌സ് വികസിപ്പിച്ചത്
ഇലക്ട്രിക് വാഹന (ഇവി) മേഖലയില്‍ കരിയര്‍ ആഗ്രഹിക്കുന്നവര്‍ക്കായി ഇന്ത്യന്‍ ഇന്‍സ്റ്റ്റ്റിയൂട്ട് ഓഫ് ടെക്‌നോളജി- മദ്രാസ് പിജി കോഴ്‌സ് ആരംഭിക്കുന്നു. മൂന്നാം വര്‍ഷ ബിടെക്ക്-ഡ്യുവല്‍ ഡിഗ്രി വിദ്യാര്‍ത്ഥികള്‍ക്ക് ഇവി കോഴ്‌സിന് ചേരാം. ഈ മാസം ആരംഭിക്കുന്ന കോഴ്‌സില്‍ 25 പേര്‍ക്കാണ് പ്രവേശനം.
ഇലക്ട്രിക് വാഹന രംഗത്തെ ഗവേഷണ കഴിവുകളെ പരിപോക്ഷിപ്പിക്കുകയാണ് കോഴ്‌സിന്റെ ലക്ഷ്യം. ഇവി പ്രൊഡക്ട് ഡെവലപ്‌മെന്റ്, വെഹിക്കിള്‍ അഗ്രഗേറ്റ് എഞ്ചിനീയറിംഗ്, പോര്‍ട്ട്‌ഫോളിയോ പ്ലാനിംഗ്, കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് കാലിബറേഷന്‍, വെരിഫിക്കേഷന്‍ ആന്‍ഡ് വാലിഡേഷന്‍ തുടങ്ങി ഇലക്ട്രിക് വാഹന മേഖലയിലെ കരിയറിന് ആവശ്യമായ നൈപുണ്യങ്ങള്‍ കോഴ്‌സിലൂടെ ലഭിക്കും.
ഐഐടി-മദ്രാസിലെ എട്ട് ഡിപ്പാര്‍ട്ട്‌മെന്റുകള്‍ ചേര്‍ന്നാണ് ഇവി കോഴ്‌സ് വികസിപ്പിച്ചത്. ഇവികളുടെ അടിസ്ഥാന വിവരങ്ങള്‍ മുതല്‍ മോട്ടോര്‍,ബാറ്ററി തുടങ്ങി സമഗ്ര മേഖലകളും ഉള്‍ക്കൊള്ളുന്നതാണ് കോഴ്‌സെന്ന് ഐഐടിയിലെ എഞ്ചിനീയറിംഗ് ഡിസൈന്‍ വകുപ്പ് മേധാവി ടി അശോകന്‍ പറഞ്ഞു. ഭാവിയില്‍ ഇ-മൊബിലിറ്റി മേഖലയില്‍ കൂടുതല്‍ കോഴ്‌സുകള്‍ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.