രണ്ടാം മഹാമാരിക്കാലത്ത് 23000 പെരെ പുതുതായി നിയമിച്ച് ഫ്‌ളിപ്കാര്‍ട്ട്; സൗജന്യ ഇന്‍ഷുറന്‍സും
ഇന്ത്യയിലെമ്പാടും വിവിധ വിഭാഗങ്ങളിലായി ഡെലിവറി എക്‌സിക്യുട്ടീവുകളുടെ പോസറ്റിലേക്കടക്കം നിരവധി പേര്‍ക്കാണ് തൊഴില്‍ ലഭിച്ചത്.
രാജ്യത്തെ രണ്ടാമത്തെ വലിയ ഇ-കൊമേഴ്‌സ് ഭീമന്മാരായ ഫ്‌ളിപ്കാര്‍ട്ട് കഴിഞ്ഞ മൂന്ന് മാസം കൊണ്ട് നിയമനം നടത്തിയത് 23000 പേരെ. വാള്‍മാര്‍ട്ട് ഉടമസ്ഥതയിലുള്ള ഈ കമ്പനിയില്‍ വിവിധ തസ്തികകളിലേക്ക് എത്തിയവര്‍ക്ക് സൗജന്യ ഇന്‍ഷുറന്‍സോടെയാണ് നിയമനം. 2021 മാര്‍ച്ച് മാസം മുതല്‍ മെയ് മാസം വരെയുള്ള നിയമന കണക്കാണ് ഫ്‌ളിപ്കാര്‍ട്ട് പുറത്തുവിട്ടത്.
ഇന്ത്യയിലെമ്പാടും വിവിധ വിഭാഗങ്ങളിലായി ഡെലിവറി എക്‌സിക്യുട്ടീവുകളുടെ പോസ്റ്റിലേക്കടക്കം നിരവധി പേര്‍ക്കാണ് തൊഴില്‍ ലഭിച്ചതെന്ന് ഫ്‌ളിപ്കാര്‍ട്ട് സീനിയര്‍ വൈസ് പ്രസിഡന്റ് ഹേമന്ത് ബദ്രി വ്യക്തമാക്കി. തങ്ങള്‍ മുഖ്യ പരിഗണന നല്‍കുന്നത് ഉപഭോക്താക്കളുടെ ആവശ്യം നിറവേറ്റുന്നതിനാണെന്നും അതൊടൊപ്പം ജീവനക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നുണ്ടെന്നും അദ്ദേഹം പറയുന്നു. ''ഈ പരീക്ഷണ സമയങ്ങളില്‍ അവരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി എല്ലാ പുതിയ ജോലിക്കാരെയും ഞങ്ങളുടെ ആരോഗ്യ സംരക്ഷണ, ആരോഗ്യ സംരംഭങ്ങളില്‍ ഉള്‍പ്പെടുത്തും,'' കമ്പനി പറഞ്ഞു.
വിതരണ ശൃംഖലയില്‍ പ്രവര്‍ത്തിക്കുന്ന തങ്ങളുടെ ജീവനക്കാര്‍ക്കെല്ലാം മാഹാമാരിക്കാലത്ത് പാലിക്കേണ്ട കരുതലിനെ കുറിച്ച് പരിശീലനവും കമ്പനി നല്‍കുന്നുണ്ട്. പുതുതായി ജോലിക്കെടുത്ത എല്ലാവര്‍ക്കും ആരോഗ്യവുമായി ബന്ധപ്പെട്ട ആനുകൂല്യങ്ങള്‍ ഉറപ്പാക്കുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.
മുന്‍കരുതലുകളെയും സുരക്ഷയെയും കുറിച്ചുള്ള അവബോധം, വിതരണ ശൃംഖലയുടെ വിവിധ വശങ്ങളില്‍ നേരിട്ട് നിയമനം നേടുന്നതിനുള്ള പരിശീലന പരിപാടികള്‍ എന്നിവയും നടത്തുന്നതായി കമ്പനി അറിയിച്ചു.