ഇന്ത്യയ്ക്ക് പുറത്ത് ആദ്യ ഐഐടി യുഎഇയില്‍
ഇന്ത്യ-യുഎഇ വ്യാപാര കരാറിന്റെ ഭാഗമായാണ് ഐഐടി ആരംഭിക്കുന്നത്
ഇന്ത്യയ്ക്ക് പുറത്ത് ആദ്യമായി ഐഐടി (IIT) സ്ഥാപിക്കാന്‍ ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍. യുഎഇയിലായിരിക്കും ആദ്യ വിദേശ ഐഐടി സ്ഥാപിക്കുക. ഇന്ത്യയും യുഎഇയുമായി ഒപ്പുവെച്ച ഏറ്റവും പുതിയ വ്യാപാര കരാറിന്റെ ഭാഗമായാണ് ഐഐടിയും ആരംഭിക്കുന്നത്.
1961ലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐഐടി) ആക്ട് പ്രകാരം പ്രവര്‍ത്തിക്കുന്ന ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് ഐഐടികള്‍. എഞ്ചിനിയീറിംഗ് മുതല്‍ മാനവിക വിഷയങ്ങളില്‍ വരെ രാജ്യത്തെ ഐഐടികള്‍ പഠനാവസരം ഒരുക്കുന്നുണ്ട്. നിലവില്‍ 23 ഐഐടികളാണ് ഉള്ളത്. സാങ്കേതിക പുരോഗതി മുന്നില്‍ കണ്ട് ലോകോത്തര വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കേണ്ടതിന്റെ ആവശ്യകതയും കേന്ദ്ര വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി.
കരാറിന്റെ ഭാഗമായി അടുത്ത അഞ്ച് വര്‍ഷം കൊണ്ട് 100 ബില്യണ്‍ യുഎസ് ഡോളറിന്റെ വ്യാപാരമാണ് ഇരുരാജ്യങ്ങളും തമ്മില്‍ ലക്ഷ്യമിടുന്നത്. സാങ്കേതികവിദ്യ, ഭക്ഷ്യസുരക്ഷ, കാലാവസ്ഥാ വ്യതിയാനം, ഹൈഡ്രജന്‍ ഊര്‍ജ്ജ മേഖല, സാമ്പത്തിക സേവനങ്ങള്‍ തുടങ്ങിയവയിലും ഇരു രാജ്യങ്ങളും സഹകരിച്ച് പ്രവര്‍ത്തിക്കും. കൂടാതെ ഇരു രാജ്യങ്ങളിലെയും സ്റ്റാര്‍ട്ടപ്പുകളെ പരസ്പരം പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടികളും സ്വീകരിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും തമ്മില്‍ നടന്ന വെര്‍ച്വല്‍ ഉച്ചകോടിയില്‍ ഇന്നലെയാണ് കരാര്‍ ഒപ്പിട്ടത്.