വിദേശത്ത് പഠിക്കാന്‍ ആഗ്രഹിക്കുന്നവരുടെ എണ്ണം കൂടുന്നു, പകുതിയും തെരഞ്ഞെടുക്കുന്നത് ന്യൂജന്‍ കോഴ്‌സുകള്‍..

2024 ഓടെ വിദേശത്തുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ പ്രതിവര്‍ഷം ചെലവാക്കുന്ന തുക 80 ബില്യണ്‍ ഡോളര്‍ ആകുമെന്നാണ് കണക്ക്

Update: 2021-10-23 02:00 GMT

വിദേശത്ത് പഠിക്കാന്‍ ആഗ്രഹിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണ്. 2016ല്‍ പഠനത്തിനായി വിദേശ രാജ്യങ്ങള്‍ തെരഞ്ഞെടുത്തിരുന്നവരുടെ എണ്ണം 4.4 ലക്ഷം ആയിരുന്നു. 2021 ജനുവരിയിലെ കണക്കനുസരിച്ച് 85 ഓളം രാജ്യങ്ങളിലായി 10.9 ലക്ഷത്തോളം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ടെന്നാണ് കണക്ക്. 2024 ആകുമ്പോഴേക്കും വിദേശത്ത് പഠിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം 1.8 മില്യണ്‍ ആകും.

പ്രധാന രാജ്യങ്ങള്‍
യുഎസ്, യുകെ, കാനഡ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളാണ് കൂടുതല്‍ വിദ്യാര്‍ത്ഥികളും തെരഞ്ഞെടുക്കുന്നത്. എന്നാല്‍ ജെര്‍മനി, ഇറ്റലി, അയര്‍ലന്റ്, തുര്‍ക്കി, റഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങള്‍ തെരഞ്ഞെടുക്കുന്നുവരുടെ എണ്ണം കൂടി വരുകയാണ്. ചൈനയില്‍ പഠിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം 29000ല്‍ അധികമാണ്. വെസ്‌റ്റേണ്‍ യൂണിയനായി NielseniIQ നടത്തിയ പഠനത്തില്‍ പങ്കെടുത്ത 22 ശതമാനം വിദ്യാര്‍ത്ഥികള്‍ അയര്‍ലന്റ് തുര്‍ക്കി, സ്‌പെയിന്‍ തുടങ്ങിയ രാജ്യങ്ങളാണ് തെരഞ്ഞെടുത്തത്.
കോഴ്‌സുകളും മാറുന്നു
പരമ്പരാഗത കോഴ്‌സുകളില്‍ നിന്ന് മാറി ചിന്തിക്കുകയാണ് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍. ഉപരി പഠനത്തിനായി പുറം രാജ്യങ്ങള്‍ തെരഞ്ഞെടുക്കുന്ന 52 ശതമാനം പേരും ന്യൂജന്‍ കോഴ്‌സുകള്‍ പഠിക്കാനാണ് ആഗ്രഹിക്കുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡാറ്റാ അനലിറ്റിക്‌സ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, സൈബര്‍ സെക്യൂരിറ്റി, എത്തിക്കല്‍ ഹാക്കിംഗ്, ഇക്കോടെക്‌നോളജി തുടങ്ങിയ കോഴ്‌സുകളാണ് ഇവര്‍ തെരഞ്ഞെടുക്കുന്നത്.
NielseniIQ പഠനത്തില്‍ ഭാഗമായ 45 ശതമാനം പേരെയും വിദേശ പഠനത്തിലേക്ക് എത്തിച്ച ഘടകം ഇഷ്ടമുള്ള ജീവിതം നയിക്കാനുള്ള അവസരം സ്വയം പര്യാപ്തത എന്നീ ഘടകങ്ങള്‍ ആണ്. കൂടുതല്‍ പേരും തെരഞ്ഞെടുക്കുന്നത് (64%) പ്രത്യേക പ്രവേശന പരീക്ഷകള്‍ ഇല്ലാത്ത യൂണിവേഴ്‌സിറ്റികളാണ്. പഠനച്ചെലവും കോഴ്‌സ് തെരഞ്ഞെടുപ്പിനെ സ്വധീനിക്കുന്ന പ്രധാന ഘടകമായി തുടരുന്നുണ്ട്.
റെഡ്‌സീര്‍ നടത്തിയ ഒരു പഠനത്തില്‍ പറയുന്നത് ആന്ധ്ര പ്രദേശ്, പഞ്ചാബ്, മഹാരാഷ്ട്രാ എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് കൂടുതലായും വിദേശ് പഠനം തെരഞ്ഞെടുക്കുന്നത് എന്നാണ്. പഠിക്കാന്‍ പോകുന്നവരുടെ എണ്ണം കൂടുന്നതിന് അനുസരിച്ച് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ വിദേശത്ത് ചെലവഴിക്കുന്ന പൈസയും വര്‍ധിക്കുകയാണ്. ഇപ്പോള്‍ 28 ബില്യണ്‍ ഡോളറാണ് വിദേശത്തുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ പ്രതിവര്‍ഷം ചെലവാക്കുന്നത്. 2024 ഓടെ അത് 80 ബില്യണ്‍ ഡോളര്‍ ആകുമെന്നും റെഡ്‌സീര്‍ ചൂണ്ടിക്കാട്ടുന്നു.


Tags:    

Similar News