കൂടുതല്‍ ഉപഭോക്താക്കളെ ലക്ഷ്യമിട്ട് പേടിഎം: 20,000 സെയ്ല്‍സ് എക്‌സിക്യുട്ടീവുമാരെ നിയമിക്കാനൊരുങ്ങുന്നു
ഐപിഒയ്ക്ക് മുന്നോടിയായാണ് പ്രമുഖ ഫിന്‍ടെക് കമ്പനിയായ പേടിഎമ്മിന്റെ ഈ നീക്കം
രാജ്യത്തുടനീളം 20,000 ഓളം ഫീല്‍ഡ് സെയ്ല്‍സ് എക്‌സിക്യുട്ടീവുമാരെ നിയമിക്കാന്‍ പേടിഎം ഒരുങ്ങുന്നു. ഐപിഒയ്ക്ക് മുന്നോടിയായാണ് പ്രമുഖ ഫിന്‍ടെക് കമ്പനിയായ പേടിഎമ്മിന്റെ ഈ നീക്കം. തങ്ങളുടെ എതിരാളികളായ ഫോണ്‍പേ, ഗൂഗിള്‍ പേ എന്നിവരില്‍നിന്ന് കടുത്ത മത്സരം നേരിടുന്ന പശ്ചാത്തലത്തിലാണ് തങ്ങളുടെ പ്രവര്‍ത്തനം ഊര്‍ജിതമാക്കാന്‍ പേടിഎം ഒരുങ്ങുന്നത്. 35,000 രൂപ പ്രതിമാസ ശമ്പളത്തിലായിരിക്കും പേടിഎം പുതിയ റിക്രൂട്ട്‌മെന്റ് നടത്തുക. ക്യുആര്‍ കോഡുകള്‍, പിഒഎസ് മെഷീനുകള്‍, പേടിഎം സൗണ്ട്‌ബോക്‌സ്, യുപിഐ, പേടിഎം പോസ്റ്റ്‌പെയ്ഡ് തുടങ്ങിയ പേടിഎമ്മിന്റെ മുഴുവന്‍ പോര്‍ട്ട്ഫോളിയോയും പ്രൊമോട്ട് ചെയ്യുന്നതിനാണ് പുതുതായി സെയ്ല്‍സ് എക്‌സിക്യുട്ടീവുകളെ നിയമിക്കുന്നത്.
നോയിഡ ആസ്ഥാനമായ ഡിജിറ്റല്‍ പേയ്മെന്റ് മേജര്‍ ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കുകയെന്ന ലക്ഷ്യത്തോടെ അടുത്തിടെ ഫീല്‍ഡ് സെയില്‍സ് എക്‌സിക്യൂട്ടീവുകള്‍ക്കായി പ്രോഗ്രാം ആരംഭിച്ചതായി ഒരു കമ്പനി വക്താവ് പറഞ്ഞതായി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
ഒക്ടോബറോടെ 16,600 കോടി രൂപയുടെ ഐപിഒ അവതരിപ്പിക്കാന്‍ പേടിഎം ഒരുങ്ങുന്നുണ്ട്. മെയ് വരെയുള്ള കണക്കുകള്‍ പ്രകാരം, യുപിഐ ഇടപാടുകളില്‍ പേടിഎമ്മിന് ഏകദേശം 11 ശതമാനം വിപണി വിഹിതമാണുള്ളത്. ഫോണ്‍ പേയ്ക്ക് 45 ശതമാനവും ഗൂഗിള്‍ പേയ്ക്ക് 35 ശതമാനവും വിപണി വിഹിതമുണ്ട്.