'ദയവായി ഈ യോദ്ധാക്കളെ കേള്‍ക്കൂ'; സൊമാറ്റോ ഡെലിവറി ബോയ് ആയി മാറിയ സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍ പറയുന്നു
14 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ച് ഭക്ഷണം എത്തിച്ചാലും ദുരിതങ്ങള്‍ ബാക്കിയാകുന്ന കഥ പങ്കുവയ്ക്കുന്ന കുറിപ്പ് വൈറല്‍.
ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് അഞ്ച് മിനിട്ട് വൈകിയാല്‍ പോലും ഡെലിവറി പാര്‍ട്ണറോട് കയര്‍ക്കുന്നവരാണ് പലരും. എന്നാല്‍ ഇപ്പോള്‍ ഫുഡ് ഡെലിവറി പാര്‍ട്ണര്‍ ജോലിചെയ്യുന്ന മുമ്പ് സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍ ആയിരുന്ന യുവാവ് പങ്കുവച്ച കുറിപ്പ് കാണുക. ചെന്നൈയില്‍ നിന്നുള്ള ശ്രീനിവാസന്‍ എന്ന ചെറുപ്പക്കാരന്‍ കുറിപ്പിലൂടെ കണ്ണുതുറപ്പിക്കുന്നത് ഫുഡ് ഡെലിവറി കമ്പനിയുടെ അധികൃതരെ മാത്രമല്ല, പൊതുജനങ്ങളെക്കൂടിയാണ്.
ടിസിഎസിലെ ജോലി ഉപേക്ഷിച്ച് പുതിയ ജോലി തേടുന്നതിനിടയില്‍ ലഭിച്ച ഇടവേളയില്‍ ആണ് സോമറ്റോ ഫുഡ് ഡെലിവറി ഏജന്റ് ആയി ശ്രീനിവാസന്‍ ജോലി ചെയ്തത്. പുതിയ ജോലികള്‍ പഠിക്കാനും കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കാനും വേണ്ടിയായിരുന്നു ഈ ജോലി തിരഞ്ഞെടുത്തത് എന്ന് ശ്രീനിവാസന്‍ പറയുന്നു. ഡെലിവറി ഏജന്റുമാരെ നിസ്സാരരായി കാണേണ്ട എന്നും നിശ്ചിത സമയത്തിനുള്ളില്‍ ഉപഭോക്താക്കള്‍ക്ക് ഭക്ഷണം എത്തിക്കുക എന്നുള്ളത് ഏറെ വെല്ലുവിളി നിറഞ്ഞ ജോലി തന്നെയാണ് എന്നുമാണ് ശ്രീനിവാസന്‍ വ്യക്തമാക്കുന്നത്.
ഇങ്ങെ ചുരുങ്ങിയ സമയത്തില്‍ ഉപഭോക്താക്കള്‍ക്ക് ഭക്ഷണം എത്തിക്കുമ്പോള്‍ പെട്രോള്‍ വില വര്‍ധനവും ഉപഭോക്താക്കളുടെ കയ്യിലെ പിഴവുകളും ഉള്‍പ്പെടെ ഏജന്റുമാര്‍ നേരിടുന്ന വെല്ലുവിളികള്‍ നിരവധിയാണ്. ലിങ്ക്ഡ്ഇനില്‍ സോമറ്റോയെ ടാഗ് ചെയ്തുകൊണ്ട് ദയവായി ഈ യോദ്ധാക്കളെ സഹായിക്കൂ പിന്തുണയ്ക്കൂ എന്ന് ആവശ്യപ്പെട്ട് ശ്രീനിവാസന്‍ ജയരാമന്‍ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.
സൊമാറ്റോയ്ക്ക്...
പലപ്പോഴും ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്ന ഉപഭോക്താക്കള്‍ ഡെലിവറി ചെയ്യേണ്ട ശരിയായ സ്ഥലം കൃത്യമായി സൂചിപ്പിക്കുകയോ അവരുടെ ഫോണ്‍ നമ്പറുകള്‍ അപ്ഡേറ്റ് ചെയ്യുന്നുമില്ല. പ്രത്യേകിച്ച് നഗരത്തില്‍ പുതിയ ആളാണെങ്കില്‍ ചിലപ്പോള്‍ ഭക്ഷണം വാങ്ങിക്കേണ്ട റെസ്റ്റോറന്റ് പെട്ടന്ന് കണ്ടെത്താന്‍ ആകില്ല. ഗൂഗിള്‍ മാപ് ഉപയോഗിച്ചാല്‍ പോലും ശരിയായ സ്ഥലം കണ്ടെത്താന്‍ ഒരുപക്ഷെ കഴിഞ്ഞെന്നു വരില്ല.
ദൂരവും ഒരു വലിയ പ്രശ്‌നമാണ്. ഭക്ഷണം എടുക്കുന്ന റെസ്റ്റോറന്റില്‍ നിന്നും 14 കിലോമീറ്റര്‍ അകലെയുള്ള സ്ഥലത്ത് ഭക്ഷണം വിതരണം ചെയ്യേണ്ടിവരുന്നു.
മൂന്ന് മണിക്കൂര്‍ കാത്തിരുന്നാല്‍ പോലും മൂന്ന് ഓര്‍ഡറുകളൊക്കെയാണ് ലഭിച്ചിരുന്നത് എന്നും കൂടുതല്‍ ഓര്‍ഡറുകള്‍ ലഭിക്കും എന്ന് കരുതുന്ന ഹോട്ട്സ്പോട്ട് ലൊക്കേഷനുകളില്‍ പോലും തനിക്ക് കുറച്ച ഓര്‍ഡറുകള്‍ മാത്രമാണ് ലഭിച്ചത്.
ഹോട്ട്‌സ്‌പോട്ട് ലൊക്കേഷനുകളില്‍ കൂടുതല്‍ ഓര്‍ഡറുകള്‍ ലഭിക്കുമെന്നുള്ള മുന്‍ ധാരണകള്‍ തിരുത്താന്‍ തന്റെ ഈ അനുഭവത്തിലൂടെ സാധിച്ചു.
കുതിച്ചുയരുന്ന ഇന്ധന വില ജോലിക്കാരെ കടുത്ത സമ്മര്‍ദ്ദത്തിലാക്കുന്നു.
കുറിപ്പ് നിരവധി പേരാണ് ഇതിനോടകം പങ്കുവച്ചത്. ഡെലിവറി പാര്‍ട്ണര്‍മാരോട് പെരുമാറുന്ന രീതി മുതല്‍ അവരുടെ ബുദ്ധിമുട്ടുകള്‍ വരെ ചര്‍ച്ചയാകുകയാണ്.