അടിച്ചു മോനേ...! പവർബോൾ ജാക്പോട്ട് ലോട്ടറി തുക ₹8,200 കോടി

പവര്‍ ബോളിന്റെ ചരിത്രത്തില്‍ തന്നെ മൂന്നാമത്തെ വലിയ സംഖ്യ

Update:2023-07-21 10:43 IST

Image: Canva

അടിച്ചു മോനേ...കിലുക്കത്തില്‍ ലോട്ടറിയടിച്ചെന്ന് കേട്ട് ബോധം പോയ കിട്ടുണ്ണിയേട്ടനെയാണ് ലോട്ടറിയടിക്കുന്ന വാര്‍ത്ത കേള്‍ക്കുമ്പോള്‍ ഓര്‍മ വരുന്നത്. ജൂലൈ 19 നും അത്തരത്തില്‍ ലോട്ടറി അടിച്ച തുക കേട്ട് പവര്‍ബോള്‍ ലോട്ടറിയെടുത്ത പലരുടെയും 'കിളി പറന്നെന്നാ'ണ് അറിയുന്നത്. അമേരിക്കയിലാണ് സംഭവം.

മൂന്നു പതിറ്റാണ്ടിലേറെയായി യു.എസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പവര്‍ബോള്‍ ലോട്ടറിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകകളിലൊന്നാണ് ഇക്കഴിഞ്ഞ ദിവസം  അടിച്ചത്. കാലിഫോര്‍ണിയക്കാരനെ തേടിയാണ് ഈ ഭാഗ്യമെത്തിയത്.

1 ബില്യണ്‍ ഡോളർ അഥവാ 8,200 കോടി രൂപയോളമാണ് സമ്മാനമടിച്ചത്. വിജയിക്ക് ഒറ്റയടിക്ക് തുക വേണമെങ്കിൽ നികുതിക്കു മുൻപ്   55.81 കോടി ഡോളറായോ (4,576 കോടി രൂപ) അല്ലെങ്കിൽ 30 വര്‍ഷം വരെ ഓരോ വർഷവും പണം ലഭിക്കുന്നത് പോലെയോ സമ്മാനത്തുക കൈപ്പറ്റാം. 

പവര്‍ബോളിലെ മൂന്നാം ഭാഗ്യ നമ്പര്‍

പവര്‍ബോളിന്റെ ചരിത്രത്തില്‍, ഇതുവരെ നേടിയ ഏറ്റവും വലിയ രണ്ട് ജാക്ക്പോട്ടുകള്‍ 2022 നവംബറില്‍ 2.04 ബില്യണ്‍ ഡോളറും (ഏകദേശം 16,886 കോടി രൂപ) 2016 ജൂണില്‍ 1.586 ബില്യണ്‍ ഡോളറും (ആ കാലയളവിലെ ഡോളര്‍ നിരക്ക് പ്രകാരം ഏകദേശം 10,646 കോടി രൂപ) ആയിരുന്നു.

Tags:    

Similar News