മുടക്ക് മുതല്‍ തിരിച്ചുപിടിച്ച് അവതാര്‍ 2

നഷ്ടം ആവാതിരിക്കാന്‍ രണ്ട്‌ ശതകോടി ഡോളറിന്റെ ബോക്‌സ് ഓഫീസ് കളക്ഷന്‍ നേടണമെന്ന് സംവിധായകന്‍ ജയിംസ് കാമറൂണ്‍ നേരത്തെ വ്യക്തമാക്കിയിരുന്നു

Update:2023-01-23 16:36 IST

image: avatar/FB

ആഗോള ബോക്‌സ് ഓഫീസില്‍ അവതാര്‍: ദി വേ ഓഫ് വാട്ടറിന്റെ (Avatar 2) കളക്ഷന്‍ രണ്ട്‌ ശതകോടി ഡോളര്‍ കടന്നു. ഞായറാഴ്ചത്തെ കണക്കുകള്‍ പ്രകാരം സിനിമ ഇതുവരെ 2.024 ശതകോടി ഡോളറാണ് ( 16,000 രൂപയ്ക്ക് മുകളില്‍) നേടിയത്. യുഎസ്, കാനഡ ഒഴികെയുള്ള മറ്റ് ബോക്‌സ് ഓഫീസുകളില്‍ നിന്ന് മാത്രം 1.4 ശതകോടി ഡോളറാണ് സിനിമ നേടിയത്.

473.14 കോടിയോളം രൂപയാണ് ഇന്ത്യയില്‍ നിന്നുള്ള കളക്ഷന്‍. യുഎസില്‍ നിന്ന് മാത്രം അവതാര്‍ 2 നേടിയത് 4800 കോടിക്ക് മുകളിലാണ്. നിലവില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന സിനിമകളില്‍ ആറാമതാണ് അവതാര്‍ 2. സിനിമയുടെ മുടക്ക് മുതല്‍ തിരിച്ചു പിടിക്കണമെങ്കില്‍ കുറഞ്ഞത് രണ്ട്‌ ശതകോടി ഡോളറിന്റെ ബോക്‌സ് ഓഫീസ് കളക്ഷന്‍ നേടണമെന്ന് സംവിധായകന്‍ ജയിംസ് കാമറൂണ്‍ റിലീസിന് മുമ്പ് പറഞ്ഞിരുന്നു

ഏകദേശം 250 കോടി ഡോളറോളമാണ് (ഏകദേശം 2000 കോടി രൂപ) സിനിമയുടെ ബജറ്റ് എന്നാണ് റിപ്പോര്‍ട്ട്. 2009ല്‍ പുറത്തിറങ്ങിയ അവതാര്‍, അന്ന് 2.78 ബില്യണ്‍ ഡോളറിന്റെ റെക്കോര്‍ഡ് ബോക്‌സ് ഓഫീസ് കളക്ഷന്‍ നേടിയിരുന്നു. 10 വര്‍ഷത്തിന് ഇപ്പുറം അവഞ്ചേഴ്സ് എന്‍ഡ് ഗെയിം ആണ് ഈ റെക്കോര്‍ഡ് മറികടന്നത്. എന്നാല്‍ 2021ല്‍ ചൈനീസ് റീ-റിലീസോടെ ബോക്സ് ഓഫീസ് കളക്ഷന്‍ 2.92 ബില്യണായി ഉയര്‍ത്തിയ അവതാര്‍ ആ റെക്കോര്‍ഡ് തിരിച്ചു പിടിക്കുകയായിരുന്നു.

അവതാര്‍ 2ന് ഒപ്പം തന്നെ ഷൂട്ടിംഗ് നടന്ന അവതാര്‍ 3, 2024 ഡിസംബറില്‍ റിലീസ് ചെയ്യും. ബാക്കി രണ്ട് ഭാഗങ്ങള്‍ ചീത്രീകരിക്കുന്ന കാര്യത്തില്‍ അവതാര്‍ 2ന്റെ വിജയം പരിഗണിച്ചാവും തീരുമാനം എടുക്കുക. അവസാന ഭാഗം സംവിധാനം ചെയ്തേക്കില്ലെന്ന സൂചനയും ജെയിംസ് കാമറൂണ്‍ നല്‍കിയിരുന്നു. ഇംഗ്ലീഷിന് പുറമേ ഹിന്ദി, മലയാളം, തെലുങ്ക്, തമിഴ്, കന്നട എന്നിങ്ങനെ 5 ഭാഷകളിലാണ് ചിത്രം ഇന്ത്യയില്‍ റിലീസ് ചെയ്തത്. ജെയിംസ് കാമറൂണും ലൈറ്റ്സ്റ്റോം എന്റര്‍ടൈന്‍മെന്റ്സിന്റെ ജോണ്‍ ലാന്‍ഡോയും ചേര്‍ന്നാണ് അവതാര്‍ 2 നിര്‍മിച്ചത്.

Tags:    

Similar News