രാജസ്ഥാൻ V/S ഗുജറാത്ത്; മാറിമറിയുന്ന ബ്രാൻഡ് മൂല്യം
വേദികൾ ചുരുക്കിയതും കാഴ്ചക്കാരുടെ എണ്ണം കുറഞ്ഞതും തിരിച്ചടിയായേക്കും
മലയാളിയായ സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസും (rajasthan royals) പ്രഥമ സീസണിൽ തന്നെ ഫൈനലിൽ എത്തിയ ഗുജറാത്ത് ടൈറ്റൻസും (gujarat titans) ഇന്ന് IPL 2022 കലാശപ്പോരാട്ടത്തിന് ഇറങ്ങുകയാണ്. ചെന്നൈ സൂപ്പർ കിംഗ്സും മുംബൈ ഇന്ത്യൻസും അടക്കമുള്ള വമ്പന്മാർ കാര്യമായ നേട്ടങ്ങൾ ഉണ്ടാക്കാതിരുന്ന ഈ സീസൺ, ടീമുകളുടെ ബ്രാൻഡ് മൂല്യത്തെ (brand value) തന്നെ തിരുത്തി എഴുതുന്നതാവും. ബ്രാൻഡ് ഫിനാൻസ് ഇന്ത്യയുടെ ഫെബ്രുവരിയിലെ കണക്കുകൾ പ്രകാരം ഐപിഎല്ലിലെ ഏറ്റവും മൂല്യമുള്ള ടീമാണ് മുംബൈ ഇന്ത്യൻസ്. 79.5 മില്യൺ യുഎസ് ഡോളറാണ് മുംബൈയുടെ ബ്രാൻഡ് മൂല്യം.
76 മില്യൺ ഡോളറുമായി ചെന്നൈ ആണ് രണ്ടാമത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് (66 മില്യൺ ഡോളർ), ഡൽഹി ക്യാപിറ്റൽസ് (56.1 മില്യൺ ഡോളർ), സൺറൈസേഴ്സ് ഹൈദരാബാദ് ( 52.1 മില്യൺ ഡോളർ), റോയൽ ചാലഞ്ചേഴ്സ് ബംഗളൂരു (50.6 മില്യൺ ഡോളർ), പഞ്ചാബ് കിംഗ്സ് (36.2 മില്യൺ ഡോളർ), രാജസ്ഥാൻ റോയൽസ് ( 34.4 മില്യൺ ഡോളർ) എന്നിങ്ങനെയാണ് മറ്റ് ടീമുകളുടെ ബ്രാൻഡ് മൂല്യം.
ചെറിയ ഏറ്റക്കുറച്ചിലുകൾ ഉണ്ടായാലും ഫൈനൽ വിജയിച്ച് എത്തുന്ന രാജസ്ഥാനോ ഗുജറാത്തിനോ മുംബൈ ഇന്ത്യൻസിന്റെ ബ്രാൻഡ് മൂല്യത്തിനൊപ്പം എത്താനാവില്ല എന്നതാണ് യാഥാർത്ഥ്യം. രാജസ്ഥാനെ, ഇപ്പോഴുളള സ്ഥാനം മെച്ചപ്പെടുത്തി പഞ്ചാബിനെ മറികടക്കാൻ ഈ സീസൺ സഹായിക്കും. അതേ സമയം ആദ്യ സീസണിൽ തന്നെ ഫൈനലിസ്റ്റുകളായി എന്ന നേട്ടം നിലനിൽക്കെ, ഭാവിയിൽ കളിക്കുന്ന താരങ്ങളും ആരാധകരുമായിരിക്കും ഗുജറാത്തിന്റെ മൂല്യം തീരുമാനിക്കുക. ആദ്യ സീസൺ കളിച്ച ലഖ്നൗ സൂപ്പർ ജെയിന്റ്സിന്റെ മൂല്യം തീരുമാനിക്കുന്നതും മുകളിൽ പറഞ്ഞ ഘടകങ്ങളാവും.
ആരാധകർക്കൊപ്പം തുടർച്ചയായ മികച്ച പ്രകടനങ്ങളും സൂപ്പർ താരങ്ങളുടെ സാന്നിധ്യവുമാണ് മുംബൈ ഇന്ത്യൻസിനെയും ചെന്നൈ സൂപ്പർ കിംഗ്സിനെയും ഐപിഎല്ലിലെ ഏറ്റവും മൂല്യമുള്ള ടീമുകളാക്കിയത്. അതേ സമയം ഈ സീസണിലെ പ്രകടനം ഇരുടീമുകളുടെയും മൂല്യം ഇടിച്ചേക്കാം. എംസ് ധോണി ഐപിഎല്ലിൽ നിന്ന് വിരമിച്ചാൽ അത് ചെന്നൈയുടെ മൂല്യത്തിനൊപ്പം ആരാധകരുടെ കൊഴിഞ്ഞുപോക്കിനും കാരണമാവും.
ഒരു സ്പോർട്സ് ഈവന്റ് എന്ന നിലയിൽ 4.7 ബില്യൺ ഡോളറോളം ആണ് ഐപിഎല്ലിന്റെ മൂല്യം. മുൻവർഷത്തെ അപേക്ഷിച്ച് ഐപിഎല്ലിന്റെ മൂല്യം 2021ൽ 7 ശതമാനം ഉയർന്നിരുന്നു. എന്നാൽ ഇത്തവണ ഈ വർധനവ് ഉണ്ടാകുമോ എന്ന സംശയത്തിലാണ് പലരും. വേദികൾ പ്രധാന നഗരങ്ങളിലേക്ക് മാത്രമായി ചുരുക്കിയതും കാഴ്ചക്കാരുടെ എണ്ണം കുറഞ്ഞതും മൂല്യം ഇടിക്കും എന്നാണ് വിലയിരുത്തൽ.