മാരിക്കോയുടെ കഥ പറഞ്ഞ് 'Harsh Realities The Making of Marico'

പരാജയങ്ങളെ ഭയക്കാതെ പരീക്ഷണങ്ങള്‍ നടത്താന്‍ പ്രചോദനം

Update:2022-07-30 10:53 IST

പാരച്യൂട്ട് വെളിച്ചെണ്ണയെ അറിയാത്തവര്‍ ചുരുക്കമായിരിക്കും. മാരികോ എന്ന കമ്പനിയുടെ കരുത്തും അതാണ്. ഓരോ ഇന്ത്യന്‍ ഭവനത്തിലും കടന്നുചെന്നിട്ടുണ്ട് ഈ കമ്പനി വിപണിയിലിറക്കുന്ന നിത്യോപയോഗ ഉല്‍പ്പന്നങ്ങളില്‍ ഒന്നെങ്കിലും.

പഴക്കമേറെയുള്ള കുടുംബ ബിസിനസിലേക്ക് കടന്നെത്തി മാരികോ എന്ന കമ്പനി സ്ഥാപിച്ച് ഇന്ന് ലോകത്തെ വിവിധ രാജ്യങ്ങളിലെല്ലാം പടര്‍ന്നുകിടക്കുന്ന ബിസിനസ് ലോകം കെട്ടിപ്പടുത്ത ഹര്‍ഷ് മാരിവാല, രാം ചരണുമായി ചേര്‍ന്നെഴുതിയിരിക്കുന്ന 'ഹാര്‍ഷ് റിയാലിറ്റീസ്' എന്ന പുസ്തകം ഇന്ന് വിജയിയെന്ന് ലോകം വാഴ്ത്തുന്ന ബിസിനസ് സാരഥികടന്നുവന്ന വഴികളുടെ നേര്‍ചിത്രമാണ്. ഹര്‍ഷ് മാരിവാലയുടെ ബിസിനസ് യാത്രയാണ് ഇതിന്റെ ഇതിവൃത്തം.വലിയ ബിസിനസുകളെ കാണുമ്പോള്‍, അത് കെട്ടിപ്പടുത്ത പ്രഗത്ഭരായ സംരംഭകരെ കുറിച്ചറിയുമ്പോള്‍ പൊതുവേ തോന്നാം, അവരുടെ യാത്ര പൂക്കള്‍ വിരിച്ച പാതയിലൂടെ ആയിരുന്നുവെന്ന്. എന്നാല്‍ അവരും ഏറെ യാതനകള്‍ അനുഭവിച്ച്, പരാജയങ്ങള്‍ മുഖാമുഖം കണ്ട്, മാറ്റത്തിനോട് മുഖം തിരിച്ചുനിന്നവരെ അനുനയിപ്പിച്ച് ഒക്കെ തന്നെയാണ് ബിസിനസുകള്‍ കെട്ടിപ്പടുത്തിരിക്കുന്നത്. ഹാര്‍ഷ് റിയാലിറ്റീസ് എന്ന പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ മാരികോയുടെ, തന്റെ ബിസിനസ് ജീവിതത്തിന്റെ പച്ചയായ യാഥാര്‍ത്ഥ്യങ്ങളാണ് ഹര്‍ഷ് മാരിവാല വരച്ചുകാട്ടിയിരിക്കുന്നത്.
മാരികോ പടുത്തുയര്‍ത്തിയ കാലഘട്ടത്തില്‍ എണ്ണിയാലൊടുങ്ങാത്ത വിധമുള്ള വെല്ലുവിളികളും പരാജയങ്ങളും ഹര്‍ഷ് മാരിവാല നേരിട്ടിട്ടുണ്ട്. അതിലൂടെയെല്ലാം എണ്ണിയാലൊടുങ്ങാത്ത പാഠങ്ങളാണ് താന്‍ പഠിച്ചതെന്ന് അദ്ദേഹം പറയുന്നുണ്ട്. ഇപ്പോള്‍ ലോകം വിജയമെന്ന് ഘോഷിക്കുന്നതെല്ലാം ഇത്തരം പാഠങ്ങള്‍ കൂടിച്ചേര്‍ന്ന് ഉണ്ടായതാണെന്ന് ഈ പുസ്തകത്തിലൂടെ ഹര്‍ഷ് മാരിവാല പറഞ്ഞുവെക്കുന്നു.
തന്റെ ബിസിനസ് അനുഭവങ്ങള്‍ എഴുതാന്‍ തീരുമാനിച്ചപ്പോള്‍ അത് സംരംഭകരെ ലക്ഷ്യമിട്ടുള്ളതാകാമെന്നാണ് കരുതിയതെങ്കിലും, പിന്നീട് വിദ്യാര്‍ത്ഥികളില്‍ നിന്നും വീട്ടമ്മമാരില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് ഹര്‍ഷ് മാരിവാല തന്നെ പറഞ്ഞിട്ടുണ്ട്. അതുതന്നെയാണ് ഈ പുസ്തകത്തിന്റെ പ്രസക്തിയും. നേരിട്ട പരാജയങ്ങളെ തുറന്ന് എഴുതിയിട്ടുണ്ട്. അതുപോലെ തന്നെ മാരികോ കെട്ടിപ്പടുത്തപ്പോള്‍ പ്രൊഫഷണലുകളെ ബിസിനസിലേക്ക് കൊണ്ടുവരാന്‍ നടത്തേണ്ടി വന്ന പരിശ്രമങ്ങളുമെല്ലാം പ്രായോഗികമായി ഒരു പ്രശ്നത്തെ എങ്ങനെ കൈകാര്യം ചെയ്യാമെന്നതിനുള്ള പാഠങ്ങളാണ്.


Tags:    

Similar News