IT HAPPENED IN INDIA : വായിക്കാതെ പോകരുത് ബിയാനിയുടെ കഥ

എങ്ങനെയാണ് ഒന്നുമില്ലായ്മയില്‍ നിന്ന് വലിയൊരു ബിസിനസ് കെട്ടിപ്പടുത്തത് എന്നറിയാന്‍ ആഗ്രഹിക്കുന്നവര്‍ വായിച്ചിരിക്കേണ്ട പുസ്തകമാണ് ഇത്

Update:2022-08-06 10:30 IST

ഒന്നുമില്ലായ്മയില്‍ നിന്ന് രാജ്യത്തെ അത്ഭുതപ്പെടുത്തിയ പ്രസ്ഥാനങ്ങള്‍ കെട്ടിപ്പടുത്ത, ഇന്ത്യയിലെ റീറ്റെയ്ല്‍ വിജയകഥയിലെ നിര്‍ണായക സാന്നിധ്യമാണ് കിഷോര്‍ ബിയാനി. ഇന്ന് ചെങ്കോലും കിരീടവും നഷ്ടപ്പെട്ട സ്ഥിതിയാണെങ്കിലും, ബിയാനിയെന്ന ബിസിനസ് പ്രതിഭയെ തമസ്‌കരിക്കാനാവില്ല. കാരണം, ഇന്ത്യന്‍ കണ്‍സ്യൂമറെ ഇത്രമാത്രം മനസ്സിലാക്കിയവര്‍ ചുരുക്കമാണ്.  

സംരംഭകത്വം, ഇന്ത്യന്‍ കണ്‍സ്യൂമര്‍ ബിസിനസ്- ഈ രണ്ടുകാര്യങ്ങളുടെ ഉള്ളറ തേടാന്‍ ആഗ്രഹിക്കുന്ന ആര്‍ക്കും വായിക്കാന്‍ പറ്റുന്നതാണ് കിഷോര്‍ ബിയാനി, ബിസിനസ് എഴുത്തുകാരനായ ദിപ്യാന്‍ ബൈഷ്യയുമായി ചേര്‍ന്ന് എഴുതിയ It Happened in India.
വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രസിദ്ധീകരിക്കപ്പെട്ട പുസ്തകമാണിത്. പക്ഷേ, എങ്ങനെയാണ് ഒന്നുമില്ലായ്മയില്‍ നിന്ന് വലിയൊരു ബിസിനസ് കെട്ടിപ്പടുത്തത് എന്നറിയാന്‍ ആഗ്രഹിക്കുന്നവര്‍ വായിച്ചിരിക്കേണ്ട പുസ്തകമാണ്. കിഷോര്‍ ബിയാനി തന്റെ സംരംഭക യാത്ര കൃത്യമായി ഇതില്‍ വിവരിക്കുന്നുണ്ട് .
ഇന്ത്യ പോലെ ഇത്രമാത്രം വൈവിധ്യമുള്ള രാജ്യത്തെ തികച്ചും സാധാരണക്കാരന്റെ മുതല്‍ സമൂഹത്തിലെ ഏറ്റവും ഉയര്‍ന്ന തലത്തിലുള്ളവരുടെ വരെ പോക്കറ്റിലെ കാശ്, തന്റെ കടയിലെ പെട്ടിയിലേക്ക് വീഴ്ത്താന്‍ അങ്ങേയറ്റം വൈവിധ്യമാര്‍ന്ന ഫോര്‍മുലകള്‍ കൊണ്ടു
വന്ന വ്യക്തിയാണ് കിഷോര്‍ ബിയാനി (Kishore Biyani). ഒരു ബിസിനസുകാരന്‍, അതും തികച്ചും വിഭിന്ന താല്‍പ്പര്യങ്ങളും വിവിധ തലത്തിലുമുള്ള ഉപഭോക്താക്കളെ ലക്ഷ്യമിട്ട് ബിസിനസ് കെട്ടിപ്പടുക്കാന്‍ ശ്രമിക്കുമ്പോള്‍, ഉപഭോക്താക്കളുടെ താല്‍പ്പര്യം എങ്ങനെ തൊട്ടറിയാമെന്നതിന് കിഷോര്‍ ബിയാനിയുടെ രീതികള്‍ ഒന്നു പരിശോധിച്ചാല്‍ മതി.
ബിയാനിയുടെ ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ (Future Group) വളര്‍ച്ചാ കഥയാണിത്. ആ ഗ്രൂപ്പ് പ്രതാപം നഷ്ടപ്പെട്ട് നില്‍ക്കുന്ന കാലത്ത് ഇതിന് പ്രസക്തിയുണ്ടോയെന്ന സംശയം കാണാം. ഒന്നുമില്ലായ്മയില്‍ നിന്ന് വലിയൊരു സാമ്രാജ്യം കെട്ടിപ്പടുത്ത ഏതൊരു സംരംഭകനില്‍ നിന്നും പഠിക്കാന്‍ ചിലത് എപ്പോഴുമുണ്ടാകും എന്നതാണ് ഇതിനുള്ള ഉത്തരം.


Tags:    

Similar News