നികുതി വെട്ടിപ്പ്: ഗെയിമിംഗ് കമ്പനികള്‍ക്ക് ഒന്നര ലക്ഷം കോടിയുടെ നോട്ടീസ് അയച്ച് കേന്ദ്രം
ഡ്രീം 11 ഉള്‍പ്പെടെയുള്ള കമ്പനികള്‍ കോടതിയെ സമീപിക്കുന്നു
നികുതി വെട്ടിപ്പ് ചൂണ്ടിക്കാട്ടി രാജ്യത്തെ ഗെയിമിംഗ് കമ്പനികള്‍ക്ക് ജി.എസ്.ടി ഡയറക്ടറേറ്റ് ജനറല്‍ (Directorate General of GST Intelligence/DGGI) നോട്ടീസ് അയച്ചു. ഏകദേശം 1.5 ലക്ഷം കോടി രൂപ ചരക്ക് സേവന നികുതിയായി ഗെയിമിംഗ് കമ്പനികള്‍ അടയ്ക്കാനുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ്
യൂണികോണ്‍ പദവിയുള്ള ഗെയിമിംഗ് കമ്പനികളായ ഗെയിമിംഗ് കമ്പനികളായ ഡ്രീം11 (Dream 11), ഗെയിംസ് 24X7 (Games24X7) എന്നിവയ്ക്ക് ജി.എസ്.ടി വകുപ്പ് മുന്‍കൂര്‍ കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരുന്നു. മറ്റൊരു യൂണികോണ്‍ കമ്പനിയായ എം.പി.എല്ലിന് (MPL) അടുത്തയാഴ്ച നോട്ടീസ് അയച്ചേക്കുമെന്നാണ് സൂചന.100 കോടി ഡോളര്‍ നിക്ഷേപക മൂല്യമുള്ള സ്റ്റാര്‍ട്ടപ്പ് കമ്പനികളെയാണ് (ഏകദേശം 8,300 കോടി രൂപ) യൂണികോണ്‍ എന്ന് വിശേഷിപ്പിക്കുന്നത്.
ഡ്രീം11ന് 25,000 കോടി രൂപയ്ക്കും 40,000 രൂപയ്ക്കുമിടയിലാണ് നികുതി നോട്ടീസ് ലഭിച്ചിരിക്കുന്നത്. ഗെയിംസ് 24X7ന് 20,000 കോടിയും.
നോട്ടീസ് അയച്ചതിനെ തുര്‍ന്ന് ലിസ്റ്റഡ് കമ്പനികളായ നസാറ ടെക്‌നോളജീസ്, ഡെല്‍റ്റ കോര്‍പ്പറേഷന്‍ എന്നിവയുടെ ഓഹരി വിലയും ഇടിഞ്ഞിരുന്നു. 16,500 കോടി രൂപയുടെ നികുതി നോട്ടീസാണ് ഡെല്‍റ്റ കോര്‍പ്പറേഷന് ലഭിച്ചത്.
ഇത്രയും ഭീമമായ നികുതി ആവശ്യപ്പെട്ട് നോട്ടീസ് അയക്കുന്നത് യുക്തിസഹമല്ലെന്നും അംഗീകരിക്കാനാവില്ലെന്നും കമ്പനികള്‍ വ്യക്തമാക്കിയിട്ടുണ്ട്. നോട്ടീസിനെതിരെ ഈ കമ്പനികള്‍ കോടതിയെ സമീപിക്കാനുള്ള ശ്രമത്തിലുമാണ്.
കൂടുതല്‍ കമ്പനികള്‍ക്ക് നോട്ടീസ്
കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ഗെയിംസ്‌ക്രാഫ്റ്റിന് 21,000 കോടി രൂപയുടെ റിക്കവറി നോട്ടീസും നികുതി വകുപ്പ് അയച്ചിരുന്നു. ഈ കേസ് സുപ്രീം കോടതിയുടെ പരിഗണനയിലാണ്. ഹെഡ് ഡിജിറ്റല്‍ വര്‍ക്ക്‌സ് എന്ന കമ്പനിക്ക് 5,000 കോടി രൂപയുടെ ടാക്‌സ് നോട്ടീസ് അയച്ചിട്ടുണ്ട്. അടുത്തയാഴ്ചയോടു കൂടി കൂടുതല്‍ ഗെയിമിംഗ് കമ്പനികള്‍ക്ക് നോട്ടീസ് നല്‍കിയേക്കും.
രാജ്യത്തെ എല്ലാ ഗെയിമിംഗ് കമ്പനികളും ചേര്‍ന്ന് മൊത്തം 1.5 ലക്ഷം കോടി രൂപയോളം നികുതി വകുപ്പിന് നല്‍കാനുണ്ടെന്നാണ് കണക്കാക്കുന്നത്. കുടിശികയായ നികുതിയുടെ 20 ശതമാനമെങ്കിലും തുടക്കത്തില്‍ ഗെയിമിംഗ് കമ്പനികള്‍ അടച്ചേക്കുമെന്നാണ് നികുതി വകുപ്പിന്റെ കണക്കുകൂട്ടല്‍. നികുതി അടയ്ക്കാത്ത കമ്പനി ഉടമകള്‍ ജയില്‍ ശിക്ഷ ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് നയിക്കപ്പെട്ടേക്കാം.
നികുതി ഉയര്‍ത്തലിന് പിന്നാലെ
ഓണ്‍ലൈന്‍ ഗെയിമിംഗ് കമ്പനികള്‍ക്ക് 28 ശതമാനം നികുതി ചുമത്താന്‍ കഴിഞ്ഞ ജൂലൈയില്‍ നടന്ന ജി.എസ്.ടി കൗണ്‍സില്‍ തീരുമാനിച്ചതിനു പിന്നാലെയാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ഒക്ടോബര്‍ ഒന്നുമുതലാണ് ഇത് നിലവില്‍ വരുന്നത്. ഉപയോക്താക്കളില്‍ നിന്ന് കമ്പനികള്‍ ഈടാക്കുന്ന തുകയുടെ 28 ശതമാനമാണ് ഇതനുസരിച്ച് ജി.എസ്.ടിയായി നല്‍കേണ്ടത്. നേരത്തെ ഗെയിമുകള്‍ ലഭ്യമാക്കുന്നതിന് കമ്പനികള്‍ വാങ്ങിയിരുന്ന ഫീസിനാണ് നികുതി ഈടാക്കിയിരുന്നത്.
നിലവില്‍ സ്‌കില്‍ ഗെയിമിംഗ് കമ്പനികള്‍ പ്ലാറ്റ്‌ഫോം ഫിസീന് 18 ശതമാനം ശതമാനം ജി.സ്.ടി നല്‍കുന്നുണ്ട്. എന്നാല്‍ പുതിയ നിയമത്തില്‍ സ്‌കില്‍ ഗെയിം, ചാന്‍സ് ഗെയിം എന്ന വേര്‍തിരിവില്ല.
ഇന്‍ഡസ്ട്രിയെ ബാധിക്കുമെന്ന് ആശങ്ക
ഗെയിമിംഗ് മേഖല കുതിച്ചുയരുന്ന സമയത്ത് ഉയര്‍ന്ന നികുതി ഈടാക്കുന്നത് ഈന്‍ഡസ്ട്രിയില്‍ എതിര്‍പ്പിന് കാരണമായിട്ടുണ്ട്. ആഗോള കമ്പനികളുമായുള്ള മത്സരം നേരിടുന്നതിനും നവീകരണത്തിനും ഉയര്‍ന്ന നികുതി തടസമാകുമെന്ന് കമ്പനികള്‍ ആശങ്ക പ്രകടിപ്പിക്കുന്നു. മാത്രമല്ല, ഉയര്‍ന്ന നികുതി ബാധ്യത ഉപഭോക്താക്കളിലേക്കും പങ്ക് വയ്‌ക്കേണ്ടി വരുന്നത് ഗെയിമുകള്‍ ചെലവേറിയതാക്കുമെന്നും അഭിപ്രായമുണ്ട്. എന്നാല്‍ ഉപയോക്താക്കളുടെ താത്പര്യം സംരക്ഷിക്കുന്നതിനും വരുമാനം കൂട്ടുന്നതിനും ഉയര്‍ന്ന നികുതി കൂടിയേ തീരു എന്ന നിലപാടാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നത്. 28 ശതമാനം നികുതി പുഃനപരിശേധിക്കണമെന്നാവശ്യപ്പെട്ട് 130 ഓളം ഗെയിമിംഗ് കമ്പനികളും ഇന്‍ഡസ്ട്രി അസോസിയേഷനും കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചിരുന്നു.