38 വര്‍ഷം പഴക്കമുള്ള സ്‌പൈഡര്‍-മാന്‍ കോമിക്ക് ബുക്കിലെ ഒരു പേജ്; വില 24 കോടി!
1984ല്‍ ഇറങ്ങിയ കോമിക്ക് ബുക്കിന്റെ ഡിജിറ്റല്‍ പതിപ്പ് വെറും 1.99 ഡോളറിന് ഇപ്പോഴും ലഭ്യമാണ്
ഏറ്റവും പുതിയ സ്‌പൈഡര്‍-മാന്‍ ചിത്രം നോ- വേ ഹോം കളക്ഷന്‍ റെക്കോര്‍ഡുകള്‍ തിരുത്തി ആഗോള ബോക്‌സ് ഓഫീസില്‍ ചരിത്രം സൃഷ്ടിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് ചിത്രം 1.5 ബില്യണ്‍ ഡോളര്‍ ക്ലബ്ബിലെത്തിയത്. അതിനിടയിലാണ് 1984ല്‍ ഇറങ്ങിയ സ്‌പൈഡര്‍-മാന്‍ കോമിക് ബുക്കിലെ ഒരു പേജ് 3.36 മില്യണ്‍ യുഎസ് ഡോളറിന് (ഏകദേശം 24.44 കോടി ഇന്ത്യൻ രൂപ) വിറ്റുപോയത്.
യുഎസിലെ ടെക്‌സാസില്‍ നടക്കുന്ന ഹെറിറ്റേജ് ഓക്ഷനിലാണ് (ലേലം) മാര്‍വെലിന്റെ സീക്രട്ട് വാര്‍ നമ്പര്‍. എട്ടിലെ ഇരുപത്തഞ്ചാമത്തെ പേജിന് ഈ തുക ലഭിച്ചത്. പ്രശസ്ത കാര്‍ട്ടുണിസ്റ്റ് മൈക്ക് സെക്ക് വരച്ച ഈ പേജിലാണ് സ്‌പൈഡര്‍-മാന്‍ ആദ്യമായി കറുത്ത സ്യൂട്ടില്‍ പ്രത്യക്ഷപ്പെടുന്നത്. വെനം എന്ന കോമിക് കഥാപാത്ര സൃഷ്ടിയിലേക്ക് നയിച്ചതും ഈ സ്യൂട്ടാണ്. ഈ കോമിക്ക് ബുക്കിന്റെ ഡിജിറ്റല്‍ പതിപ്പ് വെറും 1.99 ഡോളറിന് ഇപ്പോഴും മാർവെൽ വെബ്സൈറ്റിൽ ലഭ്യമാണ്.
1974 പുറത്തിറങ്ങിയ, ഹള്‍ക്ക് ആദ്യമായി പ്രത്യക്ഷപ്പെട്ട കോമിക്ക് പേജിന് ലഭിച്ച 657,250 ഡോളറിന്റെ റെക്കോര്‍ഡ് ആണ് സ്‌പൈഡര്‍-മാനിലൂടെ തിരുത്തപ്പെട്ടത്. ഡിസിയുടെ സൂപ്പര്‍-മാന്‍ ആദ്യമായി പ്രത്യക്ഷപ്പെട്ട ആക്ഷന്‍ കോമിക്ക് വണ്ണിന്റെ അവശേഷിക്കുന്ന കോപ്പികളില്‍ ഒന്നും ഇതേ വേദിയില്‍ 3.18 മില്യണ്‍ ഡോളറിന് ലേലത്തില്‍ പോയി.