പൂരത്തിന്റെ നാട്ടില്‍ ബിസിനസ് പൂരം ബിഎന്‍ഐ തൃശൂര്‍ ജംബോരി നാളെ

Update: 2019-11-29 05:36 GMT

കേരളത്തിനകത്തും പുറത്തുനിന്നുള്ള ബിസിനസ് സമൂഹവുമായി അടുത്തിടപഴകനും ബിസിനസ് വളര്‍ച്ചയ്ക്കുള്ള പുതുവഴികള്‍ കണ്ടെത്താനും സഹായിക്കുന്ന ബിസിനസ് ഉത്സവമായ ജംബോരി നാളെ തൃശൂരില്‍ നടക്കും.

ബിഎന്‍ഐ തൃശൂര്‍ ഘടകത്തിന്റെ വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന ബിസിനസ് ഫെസ്റ്റിവലില്‍ ആയിരത്തിലേറെ ബിസിനസുകാര്‍ സംബന്ധിക്കും. ''വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നടത്താന്‍ തീരുമാനിച്ച ബിസിനസ് കോണ്‍ക്ലേവിനെ, ജംബോരി എന്ന ആശയത്തില്‍ ഞങ്ങള്‍ പുതുമയുള്ളൊരു കാഴ്ചപ്പാടോടെ അവതരിപ്പിക്കുകയാണ്. വിഭിന്ന ബിസിനസ് മേഖലയിലുള്ളവരുമായി സംവദിക്കാനും പുതിയ ബിസിനസ് അവസരങ്ങള്‍ കണ്ടെത്താനും ഉതകും വിധമാണ് ജംബോരി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്,'' ബിഎന്‍ഐ തൃശൂര്‍ എക്‌സിക്യുട്ടീവ് ഡയറക്റ്റര്‍ ബെസ്റ്റിന്‍ ജോയ് പറഞ്ഞു.

നാളെ ഉച്ചയ്ക്ക് ലുലു കണ്‍വെന്‍ഷന്‍ സെന്ററില്‍ ആരംഭിക്കുന്ന ജംബോരിയില്‍ നെറ്റ് വര്‍ക്കിംഗ് ഗുരു ഫില്‍ ബെഡ്‌ഫോര്‍ഡ് മുഖ്യ പ്രഭാഷണം നടത്തും. ''നെറ്റ് വര്‍ക്കിംഗ് സ്‌പെഷലിസ്റ്റായ ഫില്‍ ബെഡ്‌ഫോര്‍ഡിന്റെ സെഷന്‍ ബിസിനസുകാര്‍ തീര്‍ച്ചയായും കേട്ടിരിക്കേണ്ട ഒന്നാണ്. കടുത്ത മത്സരം നിലനില്‍ക്കുന്ന ഇക്കാലത്ത് ബിസിനസ് നെറ്റ് വര്‍ക്കിംഗ് സ്‌കില്‍ കൂട്ടാനുള്ള വഴികളാണ് അദ്ദേഹം പകര്‍ന്നേകുക,'' ബെസ്റ്റിന്‍ ജോയി ചൂണ്ടിക്കാട്ടുന്നു.

ന്യു ക്ലിയര്‍ എനര്‍ജി എന്ന വിഷയത്തെ ആസ്പദമാക്കി പ്രശസ്ത മോട്ടിവേഷണല്‍ സ്പീക്കര്‍ ഡോ. ഉഷി മോഹന്‍ദാസ് സംസാരിക്കും. ഒന്നുമില്ലായ്മയില്‍ നിന്ന് 300 കോടി വിറ്റുവരവുള്ള രാജ്യാന്തരതലത്തില്‍ തലയുയര്‍ത്തി നില്‍ക്കുന്ന കമ്പനി കെട്ടിപ്പടുത്ത അര്‍ജുന നാച്ചുറല്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ സാരഥി പി ജെ കുഞ്ഞച്ചന്‍ തന്റെ സംരംഭക കഥ പറയുന്ന സെഷനാണ് മറ്റൊന്ന്.

''നോട്ട് പിന്‍വലിക്കല്‍, ജിഎസ്ടി, തൊട്ടടുത്ത രണ്ടുവര്‍ഷമായി വന്ന പ്രളയം ഇവ മൂലം ഒട്ടനവധി തിരിച്ചടികള്‍ നേരിട്ട ബിസിനസ് സമൂഹത്തിന് നവോര്‍ജ്ജം പകരാനുതകുന്ന തീമാണ് ജംബോരിയുടേത്. ബിസിനസ് സമൂഹത്തെ വലുതായി സ്വപ്‌നം കാണാന്‍ പ്രേരിപ്പിക്കുകയും അത് സാക്ഷാത്കരിക്കാന്‍ കൂടെ നില്‍ക്കുകയും ചെയ്യുകയാണ് ഞങ്ങളുടെ ലക്ഷ്യം,'' ബിഎന്‍ഐ തൃശൂര്‍ ചാപ്റ്റര്‍ സാരഥികള്‍ പറയുന്നു.

വിവിധ കലാപരിപാടികള്‍, ബ്രാന്‍ഡ് ഷോ എന്നിവയെല്ലാം ജംബോരിയിലുണ്ടാകും. ചടങ്ങില്‍ ബിഎന്‍ഐ ഇന്‍വിന്‍സിബിള്‍സ് ചാപ്റ്റര്‍ പ്രസിഡന്റ് സാന്‍ജോ നമ്പാടന്‍ സ്വാഗത പ്രസംഗം നിര്‍വഹിക്കും.

2018 ജനുവരി നാലിന് ബിഎന്‍ഐ റോയല്‍സ് എന്ന ആദ്യ ചാപ്റ്ററോടെയാണ് തൃശൂരില്‍ രാജ്യാന്തര സംഘടനയായ ബിഎന്‍ഐയുടെ പ്രവര്‍ത്തനം ആരംഭിക്കുന്നത്. ഇന്ന് ആറ് ചാപ്റ്ററുകളിലായി 220 ലേറെ അംഗങ്ങളുണ്ട്. റെഫറന്‍സിലൂടെയും നെറ്റ് വര്‍ക്കിലൂടെയും ബിസിനസ് വളര്‍ത്താന്‍ സഹായിക്കുന്ന ഈ രാജ്യാന്തര സംഘടന കൊച്ചി, കോഴിക്കോട്, തൃശൂര്‍, കോട്ടയം ജില്ലകളില്‍ സജീവമാണ്.

കേരളത്തിലെ ഒരു ചെറുപട്ടണം കേന്ദ്രീകരിച്ചുള്ള ആദ്യ ബിഎന്‍ഐ ചാപ്റ്റര്‍ അടുത്തിടെ കുന്ദംകുളത്താണ് ആരംഭിച്ചത്. ഗുരുവായൂര്‍, തൃപ്രയാര്‍, വാടാനപ്പിള്ളി, ഇരിങ്ങാലക്കുട, ചാലക്കുടി, വടക്കാഞ്ചേരി എന്നിവിടങ്ങളില്‍ പുതുതായി ചാപ്റ്ററുകള്‍ തുടങ്ങാനുള്ള ശ്രമങ്ങളും നടക്കുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News