സംരംഭകരേ, നിങ്ങളറിഞ്ഞോ ഉപഭോക്താക്കളുടെ ഈ മാറ്റം?
ഇന്ത്യക്കാരുടെ വാങ്ങല്‍ ശേഷി കുറഞ്ഞതായി സര്‍വെ. ബ്രാന്‍ഡുകള്‍ വിപണന തന്ത്രം മാറ്റണമെന്ന് മുന്നറിയിപ്പ്
കോവിഡ് അനന്തര ഇന്ത്യന്‍ വിപണിയിലെ ഉപഭോഗ രീതികൾ വന്ന മാറ്റങ്ങള്‍ വമ്പന്‍ ബ്രാന്‍ഡുകളെ പുതിയ വിപണന തന്ത്രങ്ങളിലേക്ക് തിരിയാന്‍ നിര്‍ബന്ധിതരാക്കും. വരുമാനത്തിലെ കുറവ് വാങ്ങല്‍ ശേഷിയെ പ്രതികൂലമായി ബാധിച്ച വലിയൊരു വിഭാഗം ഇന്ത്യക്കാര്‍ അവരുടെ പതിവ് പര്‍ച്ചേസിംഗ് രീതികള്‍ പാടേ മാറ്റിയതായി നീല്‍സണ്‍ ക്യൂ ഓണ്‍ലൈന്‍ വിവിധ രാജ്യങ്ങളിലായി നടത്തിയ സര്‍വെയില്‍ കണ്ടെത്തി.
ഇന്ത്യന്‍ നഗരങ്ങളിലെ 63 ശതമാനം ഉപഭോക്താക്കള്‍ പേഴ്‌സിന്റെ കനം നോക്കി നിയന്ത്രിച്ച് ചെലവു ചെയ്യുന്ന പുതിയൊരു വിഭാഗമായി മാറിയെന്നാണ് നീല്‍സന്റെ റിപ്പോര്‍ട്ട്. കോവിഡിന് ശേഷം സ്വയം നിയന്ത്രിച്ച് ചെലവു ചെയ്യുന്നവരുടെ ആഗോള ശരാശരിയായ 46 ശതമാനത്തിനും വളരെ മുകളിലാണ് ഇന്ത്യക്കാര്‍. സര്‍വെയില്‍ പങ്കെടുത്ത മൂന്നില്‍ ഒന്ന് ഇന്ത്യന്‍ നഗരവാസികളും ഈ വര്‍ഷം വരുമാനം കുറയുമോ എന്ന് ആശങ്കപ്പെടുന്നവരാണ്. ഈ വിഭാഗത്തില്‍ പെടുന്നവരുടെ എണ്ണം അതിവേഗം വര്‍ധിക്കുകയാണെന്ന് സര്‍വെ പറയുന്നു. ഇതിനനുസരിച്ച് അവരുടെ വ്യയശീലങ്ങളും മാറിയതായി 16 രാജ്യങ്ങളിലായി 11,000 ഉപഭോക്താക്കളെ പങ്കെടുപ്പിച്ച് നടത്തിയ സര്‍വെ കണ്ടെത്തി
പുതിയ വ്യയശീലങ്ങളെ അടിസ്ഥാനമാക്കി ഇന്ത്യന്‍ ഉപഭോക്താക്കള നീല്‍സണ്‍ നാല് ഗ്രൂപ്പുകളായി തിരിക്കുന്നു. വരുമാനത്തില്‍ കുറവു വന്നതു മൂലം നിയന്ത്രിച്ച് ചെലവു ചെയ്യുന്നവര്‍ക്ക് പുറമെ, കോവിഡിന് മുമ്പ് മുതല്‍ തന്നെ ചെലവുകളെക്കുറിച്ച് ജാഗ്രത പാലിക്കുന്നവര്‍, വരുമാനത്തെ വലിയ തോതില്‍ ബാധിച്ചില്ലെങ്കിലും ചെലവുകള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നവര്‍, സാമ്പത്തിക നില മെച്ചപ്പെട്ടതു മൂലം ചെലവഴിക്കുന്നകാര്യത്തില്‍ ആശങ്കകളില്ലാത്തവര്‍ എന്നിങ്ങനെയാണ് ഉപഭോക്താക്കളെ നീല്‍സണ്‍ തരംതിരിക്കുന്നത്. ഇതില്‍ ബഹുഭൂരിപക്ഷവും ബ്രാന്‍ഡിന് പ്രാധാന്യം നല്‍കാതെ കുറഞ്ഞ വിലക്ക് ലഭിക്കുന്ന സാധനങ്ങള്‍ തിരഞ്ഞെടുക്കുന്നവരോ ഓഫറുകള്‍ തേടിപ്പോകുന്നവരോ ചെറുകിട ലേബലുകള്‍ തിരഞ്ഞെടുക്കുന്നവരോ ആണ്. ഇഷ്ടപ്പെട്ട ബ്രാന്‍ഡിന് പ്രാമുഖ്യം നല്‍കുന്ന 61 ശതമാനം ഉപഭോക്താക്കള്‍ വിലയില്‍ വര്‍ധന വന്നാല്‍ ബ്രാന്‍ഡ് ഉപേക്ഷിക്കാന്‍ തയ്യാറാണ്.
88 ശതമാനം ഇന്ത്യന്‍ ഉപഭോക്താക്കളും പണം ചെലവാക്കുന്നതില്‍ നിയന്ത്രണം വെക്കുന്നവരായി മാറിയെന്ന് നീല്‍സണ്‍ ക്യൂ ഇന്റലിജന്‍സ് യൂണിറ്റ് ഗ്ലോബല്‍ ഹെഡ് സ്‌കോട്ട് മക്കെന്‍സി ചൂണ്ടിക്കാട്ടുന്നു. ഉപഭാക്താക്കളുടെ അഭിരുചിയിലുണ്ടായിരിക്കുന്ന ഈ മാറ്റങ്ങള്‍ക്കനുസരിച്ച് ഉപഭോഗ വസ്തുക്കളുടെ ശേഖരണം, വിലനിര്‍ണയം, വിപണന രീതികളില്‍ നവീകരണം, ഉല്‍പന്നങ്ങളുടെ വിതരണം എന്നിവയില്‍ കാലോചിത മാറ്റങ്ങള്‍ ഉടനടി വരുത്തേണ്ടതുണ്ടെന്ന് മക്കെന്‍സി പറയുന്നു.