സെയ്ല്‍സില്‍ എങ്ങനെ തൊഴില്‍ വിഭജനം നടത്താം?

Update:2019-10-08 16:30 IST

ടിനി ഫിലിപ്പ്

കാര്യക്ഷമമല്ലാത്ത സെയ്ല്‍സ് പ്രവര്‍ത്തനംകൊണ്ട് സംരംഭകര്‍ക്ക് ഉണ്ടാകുന്ന പ്രധാന പ്രശ്‌നങ്ങളെക്കുറിച്ചാണ് ഞാന്‍ കഴിഞ്ഞ രണ്ട് ലക്കങ്ങളിലായി വിശദമാക്കിയത്. കഴിഞ്ഞ 150 വര്‍ഷങ്ങളായി തൊഴില്‍ വിഭജനം നിര്‍മാണ മേഖലയില്‍ കാര്യമായ പുരോഗതി എങ്ങനെ ഉണ്ടാക്കിയെന്നും വിശദീകരിച്ചുകഴിഞ്ഞു. കൂടാതെ സെയ്ല്‍സ് പ്രവര്‍ത്തനങ്ങളില്‍ തൊഴില്‍ വിഭജനം നടത്തുമ്പോള്‍ ഉണ്ടാകാവുന്ന പ്രശ്‌നങ്ങളെക്കുറിച്ചും എന്നാല്‍ ആ പ്രശ്‌നങ്ങള്‍ എങ്ങനെ പ്രസക്തമല്ലാതാകുന്നു എന്നതിനെക്കുറിച്ചും വ്യക്തമാക്കിയിരുന്നു.

സെയ്ല്‍സ് പ്രവര്‍ത്തനത്തില്‍ തൊഴില്‍ വിഭജനം കൊണ്ടുവന്ന് വില്‍പ്പന എങ്ങനെ കൂടുതല്‍ ഫലപ്രദമാക്കാം എന്നതിനെക്കുറിച്ച് ഈ കോളത്തിലൂടെ വിശദമാക്കാം.

ഇത് കൂടുതല്‍ മനസിലാക്കാനായി കേരളത്തിലെ ഒരു ആഡംബര കാര്‍ ഡീലര്‍ഷിപ്പിലെ സെയ്ല്‍സ് പ്രവര്‍ത്തനങ്ങള്‍ ഉദാഹരണമായി എടുക്കാം. തൊഴില്‍ വിഭജനം നടത്തുന്നതിന്റെ ആദ്യ പടിയായി സ്റ്റാന്‍ഡേര്‍ഡ് സെയ്ല്‍സ് പ്രോസസ് വിശദമായി ഡോക്യുമെന്റ് ചെയ്യണം. ലക്ഷ്യമിടുന്ന വിപണി ഏതെന്ന് നിശ്ചയിക്കുന്നതു മുതല്‍ ലക്ഷ്വറി വാഹനത്തിന്റെ ഡെലിവറി വരെ നീളുന്ന എല്ലാ പ്രവര്‍ത്തനങ്ങളെയും ഉള്‍ക്കൊള്ളിച്ചാണ് സെയ്ല്‍സ് എന്ന വാക്കിനെ
നാം ഇവിടെ നിര്‍വചിക്കുന്നത്. ഈ ലേഖനത്തില്‍ ഉപയോഗിച്ചിരിക്കുന്ന ചില പദപ്രയോഗങ്ങള്‍ വ്യക്തമായി മനസിലാക്കാം.

Target Market: കേരളത്തില്‍ ആഡംബര കാറുകള്‍ വാങ്ങാന്‍ ശേഷിയും സാധ്യതയും ഉണ്ടെന്ന് ഡീലര്‍ഷിപ്പ് വിശ്വസിക്കുന്ന ഉപഭോക്താക്കളുടെ വിഭാഗം.

Suspect: ടാര്‍ഗറ്റ് മാര്‍ക്കറ്റില്‍ ഉള്‍പ്പെട്ടതാണെന്ന് ഡീലര്‍ഷിപ്പ് വിശ്വസിക്കുന്ന, ഡീലര്‍ഷിപ്പിന്റെ കൈവശം കോണ്ടാക്റ്റ് ഡാറ്റയുള്ള പ്രത്യേക വ്യക്തി.

Prospect: ടാര്‍ഗറ്റ് മാര്‍ക്കറ്റില്‍ ഉള്‍പ്പെട്ടതാണെന്ന് ഡീലര്‍ഷിപ്പ് ഉറപ്പിച്ചിട്ടുള്ള Suspect.

Lead: ന്യായമായ സമയപരിധിക്കുള്ളില്‍ തന്നെ ആഡംബര്‍ കാര്‍ വാങ്ങുമെന്ന് ഡീലര്‍ഷിപ്പ് വിശ്വസിക്കുന്ന Prospect.

Qualified Leads: ഫീല്‍ഡ് സെയ്ല്‍സ് എക്‌സിക്യൂട്ടിവ്‌സ് ബന്ധപ്പെടണം എന്ന് ഡീലര്‍ഷിപ്പ് വിശ്വസിക്കുന്ന ലീഡ്‌സ്.

Customer: ഡീലര്‍ഷിപ്പില്‍ നിന്ന് ആഡംബര കാര്‍ വാങ്ങിയ ലീഡ്.
സെയ്ല്‍സ് പ്രോസസിലെ പ്രധാന പ്രവര്‍ത്തനങ്ങള്‍ ഒന്നാമത്തെ ചാര്‍ട്ടില്‍ വിശദമാക്കിയിരിക്കുന്നു.

ടാര്‍ഗറ്റ് മാര്‍ക്കറ്റ് കൃത്യമായി നിര്‍വചിക്കുക

കേരളത്തില്‍ ആഡംബര കാര്‍ വാങ്ങാന്‍ ശേഷിയുള്ള ടാര്‍ഗറ്റ് മാര്‍ക്കറ്റ് ഡീലര്‍ഷിപ്പ് കൃത്യമായി നിര്‍വചിക്കണം. അവരുടെ എല്ലാ മാര്‍ക്കറ്റിംഗ് ശ്രമങ്ങളും ഈ ടാര്‍ഗറ്റ് മാര്‍ക്കറ്റിലെ കേന്ദ്രീകരിച്ചായിരിക്കണം. കേരളത്തിലെ ഒരു ആഡംബര കാര്‍ ഡീലറിന്റെ ടാര്‍ഗറ്റ് മാര്‍ക്കറ്റില്‍ എത്ര പൊട്ടന്‍ഷ്യല്‍ ഉപഭോക്താക്കള്‍ ഉണ്ടാകുമെന്ന് ഒരു ഏകദേശ കണക്കെടുപ്പ് നടത്താം.

* കേരളത്തിലെ ജനസംഖ്യ: മൂന്ന് കോടി

* കേരളത്തിലെ കുടുംബങ്ങളുടെ ഏകദേശ എണ്ണം: 50 ലക്ഷം (ഓരോ കുടുംബത്തിലും ആറ് അംഗങ്ങള്‍ വീതം കണക്കാക്കി)

* ടാര്‍ഗറ്റ്ഡ് മാര്‍ക്കറ്റ് (30 ലക്ഷം രൂപയുടെ കാര്‍ വാങ്ങാന്‍ ശേഷിയുള്ള കുടുംബങ്ങള്‍) കേരളത്തിലെ കുടുംബങ്ങളുടെ എണ്ണം മൊത്തം എണ്ണത്തിന്റെ 0.5 ശതമാനം അതായത് 50 ലക്ഷത്തിന്റെ 0.5 ശതമാനം - 25000 കുടുംബങ്ങള്‍

എങ്ങനെ ലീഡ്‌സ് ഉണ്ടാക്കാം?

പത്രം, മാസിക, ടെലിവിഷന്‍ എന്നിവയിലൂടെയുള്ള പരസ്യം, ഹോര്‍ഡിംഗ് ഫേസ് ബുക്ക്, ഗൂഗിള്‍ ആഡ് വേര്‍ഡ്‌സ് തുടങ്ങിയവയിലുള്ള ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് രീതികള്‍ എന്നിവയാണ് മാസ് മാര്‍ക്കറ്റിംഗ് കാംപെയ്‌നില്‍ ഉള്‍പ്പെടുന്നത്. ടാര്‍ഗറ്റ് മാര്‍ക്കറ്റിനെ വ്യാപകമായി ആകര്‍ഷിച്ച് നേരിട്ട് ലീഡ്‌സ് ഉണ്ടാക്കാന്‍ ശ്രമിക്കുകയാണ് മാസ് മാര്‍ക്കറ്റിംഗ് കാംപെയ്‌നിലൂടെ ചെയ്യുന്നത്. ബ്രാന്‍ഡിംഗിന് മാസ് മാര്‍ക്കറ്റിംഗ് നല്ലതാണെങ്കിലും ആഡംബര കാര്‍ ഡീലര്‍ഷിപ്പിനെ സംബന്ധിച്ചിടത്തോളം അത് ചെലവേറിയതാണ്. കാരണം, ടാര്‍ഗറ്റ് മാര്‍ക്കറ്റ് വെറും 0.5 ശതമാനം ആണെന്നിരിക്കെ പരസ്യപ്രചരണങ്ങള്‍ മാര്‍ക്കറ്റിന്റെ 100 ശതമാനത്തിലേക്കും എത്തുന്നു.

മാസ് മാര്‍ക്കറ്റിംഗ് കാംപെയ്‌നിലൂടെ ഉണ്ടാകുന്ന ലീഡ്‌സ് ഡീലര്‍ഷിപ്പിലേക്ക് നേരിട്ട് വരുകയോ ഫോണ്‍, ഇ-മെയ്ല്‍ എന്‍ക്വയറി, വെബ്‌സൈറ്റ് എന്‍ക്വയറി തുടങ്ങിയവ വഴി ബന്ധപ്പെടുകയോ ചെയ്യുന്നു. ടാര്‍ഗറ്റ് മാര്‍ക്കറ്റിന്റെ ഒരംശം മാത്രമേ മാസ് മാര്‍ക്കറ്റിംഗ് കാംപെയ്‌നിലൂടെ ഡീലറിലേക്ക് നേരിട്ട് എത്തുകയുള്ളൂ. സ്ഥിരമായി മാസ് മാര്‍ക്കറ്റിംഗ് കാംപെയ്‌നുകള്‍ ചെയ്യുന്നതിനുള്ള വലിയ സംഖ്യ താങ്ങാന്‍ മിക്ക ഡീലര്‍ഷിപ്പുകള്‍ക്കും കഴിയില്ല എന്നതാണ് അതിന് ഒരു കാരണം. പാസീവ് ശൈലിയുള്ള മാര്‍ക്കറ്റിംഗ് രീതിയായതിനാല്‍ ടാര്‍ഗറ്റ് മാര്‍ക്കറ്റിനെ ലീഡാക്കി മാറ്റുന്ന 'കണ്‍വെര്‍ഷന്‍ നിരക്ക്' മാസ് മാര്‍ക്കറ്റിംഗ് കാംപെയ്‌നില്‍ കുറവാണെന്നതാണ് മറ്റൊരു കാരണം.

ടാര്‍ഗറ്റ് മാര്‍ക്കറ്റില്‍ നിന്ന് suspectsന്റെ വിവരങ്ങള്‍ ശേഖരിക്കുകയും suspects നെ വിശകലനം ചെയ്യുകയും prospects നെ സൃഷ്ടിക്കുകയും ആ prospects ലേക്ക് നേരിട്ടെത്താന്‍ സഹായിക്കുന്ന ടാര്‍ഗറ്റ് മാര്‍ക്കറ്റിംഗ് കാംപെയ്ന്‍ നടത്തുകയും അതില്‍ നിന്ന് ലീഡ്‌സ് നേടിയെടുക്കുകയും ചെയ്യുന്നതാണ് ലക്ഷ്വറി കാര്‍ ഡീലര്‍ഷിപ്പിലെ ഏറ്റവും മോസ്റ്റ് ഇഫക്റ്റീവായ രീതി.

വിവരങ്ങള്‍ ശേഖരിക്കുക

സസ്‌പെക്റ്റിനെ ബന്ധപ്പെടാനുള്ള വിവരങ്ങള്‍ ശേഖരിക്കുകയാണ് അടുത്തതായി ചെയ്യേണ്ടത്. നിലവിലുള്ള ഉപഭോക്താക്കളുടെ റഫറന്‍സ്, ക്ലബ് ഡയറക്റ്ററികള്‍, അസോസിയേഷന്‍ ഡയറക്റ്ററികള്‍ ബാങ്കുകളുടെ ഹൈ നെറ്റ്‌വര്‍ത്ത്, കസ്റ്റമര്‍ ഡാറ്റ, മറ്റ് ആഡംബര ഉല്‍പ്പന്നങ്ങളുടെ ഹൈവാല്യു കസ്റ്റമേഴ്‌സ്... തുടങ്ങിയവ വഴി സസ്‌പെക്റ്റ്‌സിന്റെ വിവരങ്ങള്‍ ശേഖരിക്കണം.

സസ്‌പെക്റ്റിനെ ഉറപ്പിക്കുക,
പ്രോസ്‌പെക്റ്റ്‌സിനെ സൃഷ്ടിക്കുക


ഡീലര്‍ സസ്‌പെക്റ്റ്‌സിനെ ബന്ധപ്പെട്ട് ലഭിച്ച വിവരങ്ങള്‍ ശരിയാണെന്ന് ഉറപ്പിക്കുക. മിക്കപ്പോഴും സസ്‌പെക്റ്റ് കോണ്ടാക്റ്റ് ഡാറ്റ കാലഹരണപ്പെട്ടതായിരിക്കും. അല്ലെങ്കില്‍ സസ്‌പെക്റ്റ്‌സ് പ്രോസ്‌പെക്റ്റ്‌സ് ആയിരിക്കില്ല. സസ്‌പെക്റ്റ്‌സിനെ ഉറപ്പിച്ചു കഴിഞ്ഞാല്‍ ഡീലര്‍ഷിപ്പിന് ശരിയായ ഒരു പ്രോസ്‌പെക്റ്റ് ഡാറ്റബേസ് ലഭിക്കും. ടാര്‍ഗറ്റഡ് മാര്‍ക്കറ്റിംഗ് കാംപെയ്‌നുകള്‍ക്കായി ഇത് ഉപയോഗിക്കാം.

ടാര്‍ഗറ്റഡ് മാര്‍ക്കറ്റിംഗ് കാംപെയ്‌നിലൂടെ എങ്ങനെ ലീഡ് ഉണ്ടാക്കും?

എസ്.എം.എസ്, ഇ-മെയ്ല്‍, ടെലി-കോളിംഗ്, ഇവന്റ്‌സ് എന്നീ ടാര്‍ഗറ്റ്‌സ് മാര്‍ക്കറ്റിംഗ് കാംപെയ്‌നിലൂടെ പ്രോസ്‌പെക്റ്റിനെ ലീഡ്‌സ് ആക്കി മാറ്റുകയെന്നതാണ് അടുത്തതായി ചെയ്യേണ്ടത്. പ്രോസ്‌പെക്റ്റിനെ മാത്രമാണ് ലക്ഷ്യം വെക്കുന്നത് എന്നതിനാല്‍ ടാര്‍ഗറ്റഡ് മാര്‍ക്കറ്റിംഗ് കാംപെയ്‌നുകള്‍ ചെലവ് കുറഞ്ഞതാണ്. ഈ മാര്‍ക്കറ്റിംഗ് രീതി കൂടുതല്‍ സജീവവുമാണ്.

ലീഡ് മാനേജ്‌മെന്റ് സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കാം

ടാര്‍ഗറ്റ് മാര്‍ക്കറ്റില്‍ നിന്ന് ക്വാളിഫൈഡ് ലീഡ് കണ്ടെത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് ലീഡ് കണ്‍വെര്‍ഷന്‍ ആക്റ്റിവിറ്റീസ്. ലീഡ് മാനേജ്‌മെന്റ് സോഫ്റ്റ്‌വെയര്‍ (LMS) ഉപയോഗിച്ച് എല്ലാവിധ ലീഡ് കണ്‍വെര്‍ഷന്‍ ആക്റ്റിവിറ്റീസിന്റെ വിവരങ്ങളും എന്റര്‍ ചെയ്യുകയും ട്രാക്ക് ചെയ്യുകയും റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്യേണ്ടതുണ്ട്. ലീഡ് കണ്‍വേര്‍ഷന്‍ ആക്റ്റിവിറ്റിക്ക് ആവശ്യമായ ലഘുലേഖകളും മറ്റും തയാറാക്കി കൊടുക്കേണ്ടതിനൊപ്പം സസ്‌പെക്റ്റ്‌സ് പ്രോസ്‌പെക്റ്റ്‌സ്/ലീഡ്‌സ് എന്നിവരും ഡീലര്‍ഷിപ്പും തമ്മില്‍ ആവശ്യത്തിനനുസരിച്ച് കോര്‍ഡിനേറ്റ് ചെയ്യുകയും വേണം.

ക്വാളിഫൈഡ് ലീഡ് തിരിച്ചറിയുക

നല്ലൊരു ഡീലര്‍ഷിപ്പ് വികസിപ്പിച്ചെടുത്ത ലീഡുകളുടെ എണ്ണം ഫീല്‍ഡ് സെയ്ല്‍സ് എക്‌സിക്യൂട്ടിവുകള്‍ക്കും കൈകാര്യം ചെയ്യാന്‍ പറ്റുന്നതിലും കൂടുതലായിരിക്കും. ഫീല്‍ഡ് സെയ്ല്‍സ് എക്‌സിക്യൂട്ടിവിന് എത്ര ലീഡുകളെ ഒരേസമയം കൈകാര്യം ചെയ്യാന്‍ കഴിയുമെന്ന് കൃത്യമായി ഡീലര്‍ഷിപ്പ് കണ്ടെത്തണം. എന്നിട്ട് അവര്‍ക്ക് ലഭ്യമായതില്‍ ഏറ്റവും മികച്ച ലീഡുകള്‍ അതായത് ക്വാളിഫൈഡ് ലീഡുകള്‍ നല്‍കുകയും വേണം.

'നീഡ് അനാലിസിസ്' നടത്തുക

ക്വാളിഫൈഡ് ലീഡുകളെ നേരിട്ട് കണ്ട് വിശദമായ നീഡ് അനാലിസിസ് നടത്തുക. അതായത് അവരുടെ ആവശ്യം എന്തെന്ന് വിശകലനം ചെയ്യുക. ഇതില്‍ താഴെപ്പറയുന്ന കാര്യങ്ങള്‍ അടങ്ങിയിരിക്കുന്നു.

* ആവശ്യമായ വാഹനത്തിന്റെ മോഡലും കോണ്‍ഫിഗറേഷനും

* നിലവിലുള്ള വാഹനം വില്‍ക്കുന്നതിലുള്ള ആവശ്യം

* വില്‍പ്പനാനന്തര പാക്കേജിന്റെ ആവശ്യം

* ഫിനാന്‍സ് പാക്കേജിന്റെ ആവശ്യം

* ആക്‌സസറീസ് പാക്കേജിന്റെ ആവശ്യം

* ഇന്‍ഷുറന്‍സ് പാക്കേജിന്റെ ആവശ്യം

ടെസ്റ്റ് ഡ്രൈവ് നടത്തുക

ക്വാളിഫൈഡ് ലീഡുകളെയും കണ്ട് അവര്‍ക്ക് ആവശ്യമായ വാഹനത്തിന്റെ ശരിയായ ടെസ്റ്റ് ഡ്രൈവ് നല്‍കുക. സൊലൂഷന്‍ രൂപപ്പെടുത്തുകയും ക്വാളിഫൈഡ് ലീഡിന് ക്വട്ടേഷന്‍ നല്‍കുകയും ചെയ്യുക.

ഡിസൈന്‍ സൊലൂഷനും ക്വാളിഫൈഡ് ലീഡ്‌സിന് ക്വട്ടേഷന്‍ നല്‍കലും
അതിനുശേഷം ക്വാളിഫൈഡ് ലീഡിന് വേണ്ട വാഹന മോഡലും കോണ്‍ഫിഗറേഷനും ഡീലര്‍ഷിപ്പ് അന്തിമ ധാരണയാക്കാം. മിക്കപ്പോഴും ക്വാളിഫൈഡ് ലീഡിന് നിലവില്‍ ഒരു വാഹനം ഉണ്ടായിരിക്കുകയും അവര്‍ അത് വില്‍ക്കാന്‍ ആഗ്രഹിക്കുന്നുമുണ്ടാകും. ഇത്തരം സാഹചര്യത്തില്‍ നിലവിലുള്ള വാഹനം വില്‍ക്കാനുള്ള സഹായം ഡീലര്‍ഷിപ്പ് നല്‍കേണ്ടിവരും. പ്രസ്തുത വാഹനം പരിശോധിച്ച് അതിനുള്ള വില നിര്‍ണയിക്കുന്നതും ഇതില്‍ ഉള്‍പ്പെടുന്നു. ഈ വാഹനം വാങ്ങുന്നതിനായി ഒരാളെ കണ്ടെത്തുകയും വാഹനം ഉപഭോക്താവില്‍ നിന്ന് വാങ്ങി മൂന്നാമതൊരാള്‍ക്ക് വില്‍ക്കുകയും വേണം.

ആഡംബര കാറുകളുടെ മിക്ക ഉപഭോക്താക്കളും വാഹനത്തോടൊപ്പം വില്‍പ്പനാനന്തര പാക്കേജുകളും തെരഞ്ഞെടുക്കാറുണ്ട്. വാഹനം വാങ്ങി കഴിഞ്ഞതിനുശേഷം വരാവുന്ന ചെലവേറിയ മെയ്ന്റനന്‍സുകളുടെ റിസ്‌ക്
ഒഴിവാക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. ക്വാളിഫൈഡ് ലീഡിന് അനുയോജ്യമായ വില്‍പ്പനാനന്തര പാക്കേജ് തീരുമാനിക്കുക. 80 ശതമാനത്തോളം ആഡംബര കാര്‍ ഉപഭോക്താക്കളും വായ്പ എടുത്താണ് വാഹനം വാങ്ങുന്നത്. ക്വാളിഫൈഡ് ലീഡിന് ആവശ്യമായ, ഫിനാന്‍സ് പാക്കേജും ഡീലര്‍ഷിപ്പ് തെരഞ്ഞെടുത്ത് നല്‍കേണ്ടി വരും.

ആഡംബര കാറുകളുടെ ഉപഭോക്താക്കള്‍ പ്രത്യേകം വാങ്ങുന്ന ഒന്നാണ് വിവിധ ആക്‌സസറികള്‍. അക്കാര്യത്തിലും ഡീലര്‍ഷിപ്പ് ശ്രദ്ധ ചെലുത്തുകയും അനുയോജ്യമായവ തീരുമാനിക്കുകയും വേണം. അതുപോലെതന്നെ ഇന്‍ഷുറന്‍സ് പാക്കേജും ആഡംബര വാഹനം വാങ്ങുമ്പോള്‍ ആവശ്യമാണ്. അനുയോജ്യമായ ഇന്‍ഷുറന്‍സ് പാക്കേജും തീരുമാനിക്കുക. മുകളില്‍ സൂചിപ്പിച്ച ഘടകങ്ങളെല്ലാം കണക്കിലെടുത്ത് ക്വാളിഫൈഡ് ലീഡിന് ഒരു ഫൈനല്‍ ക്വട്ടേഷന്‍ ഡീലര്‍ഷിപ്പ് തയാറാക്കി നല്‍കേണ്ടിവരും.

CRM ഉപയോഗിക്കുക

എല്ലാ കസ്റ്റമര്‍ കണ്‍വെര്‍ഷന്‍ പ്രവര്‍ത്തനങ്ങളും കസ്റ്റമര്‍ റിലേഷന്‍ഷിപ്പ് മാനേജ്‌മെന്റ് സോഫ്റ്റ്‌വെയര്‍ (CRM) ഉപയോഗിച്ച് മാനേജ് ചെയ്യുകയും ഏകീകരിക്കുകയും ചെയ്യുക. ക്വാളിഫൈഡ് ലീഡിനെ കസ്റ്റമര്‍ ആക്കി മാറ്റുന്നതിനുള്ള എല്ലാ പ്രവര്‍ത്തനങ്ങളെയുമാണ് കസ്റ്റമര്‍ കണ്‍വെര്‍ഷന്‍ പ്രവര്‍ത്തനങ്ങള്‍ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇത്തരത്തിലുള്ള എല്ലാവിധ പ്രവര്‍ത്തനങ്ങളും ശരിയായ CRM സോഫ്റ്റ്‌വെയറില്‍ എന്റര്‍ ചെയ്യുകയും ട്രാക്ക് ചെയ്യുകയും റിപ്പോര്‍ട്ട് ചെയ്യുകയും വേണം.

ടെലിഫോണ്‍, ഇ-മെയ്ല്‍ തുടങ്ങിയ മാര്‍ഗങ്ങളിലൂടെ ലഘുരേഖകളും മറ്റും ക്വാളിഫൈഡ് ലീഡിന് അയച്ചുകൊടുത്ത് ഫോളോ അപ്പ് പ്രവര്‍ത്തനങ്ങള്‍ നടത്തുകയും വേണം. ക്വാളിഫൈഡ് ലീഡുമായി മുഖാമുഖമുള്ള മീറ്റിംഗിനായി അപ്പോയ്ന്റ്‌മെന്റ് തീരുമാനിക്കുകയും ക്വാളിഫൈഡ് ലീഡും ഡീലര്‍ഷിപ്പും തമ്മില്‍ കോര്‍ഡിനേറ്റ് ചെയ്യുകയും വേണം.

ക്വാളിഫൈഡ് ലീഡിനെ കസ്റ്റമര്‍ ആക്കി മാറ്റുക

ക്വാളിഫൈഡ് ലീഡിനെ ഡീലര്‍ഷിപ്പ് തങ്ങളുടെ ഉപഭോക്താവായി മാറ്റേണ്ടതുണ്ട്.

ഉപഭോക്താവിന് വാഹനം നല്‍കുക

അടുത്തതായി ശരിയായ മുറയില്‍ ഡീലര്‍ഷിപ്പ് വാഹനം ഉപഭോക്താവിന് നല്‍കണം.

ഒരു ആഡംബര കാറിന്റെ സെയ്ല്‍സ് പ്രോസസ് മുകളില്‍ വ്യക്തമായി വിവരിച്ചിട്ടുണ്ട്.

സെയ്ല്‍സ് പ്രവര്‍ത്തനത്തില്‍ തൊഴില്‍ വിഭജനം കൊണ്ടുവരുന്നതിന്റെ അടുത്ത പടി ഏത് കാര്യം ഫീല്‍ഡ് സെയ്ല്‍സ് എക്‌സിക്യൂട്ടിവ് ചെയ്യണം എന്ത് കാര്യം മറ്റുള്ളവര്‍ക്ക് നല്‍കണം എന്നിവ അവലോകനം നടത്തി കണ്ടെത്തുകയാണ്. ഇതേക്കുറിച്ചുള്ള വിശദാംശങ്ങള്‍ അടുത്ത കോളത്തില്‍ വ്യക്തമാക്കാം.

Similar News