അപ്രതീക്ഷിത വളര്‍ച്ച നേരിടാനും പഠിക്കണം

Update: 2019-12-08 04:00 GMT

ഏതൊരു പുതിയ ബിസിനസ് എടുത്താലും അതില്‍ രണ്ടു ഘടക ങ്ങള്‍ കാണാനാകും. ആദ്യത്തേത് അതില്‍ നിലവിലുള്ള റിസ്‌ക്. മറ്റൊന്ന് പ്രതീക്ഷിക്കുന്ന വളര്‍ച്ച. എന്നാല്‍ ചില സാഹചര്യങ്ങളില്‍ ബിസിനസിന്റെ വളര്‍ച്ച പ്രതീക്ഷയേക്കാളും വളരെ മുകളിലായിരിക്കും.

എനിക്കു പരിചയമുള്ളൊരു ബിസിനസിനെ കുറിച്ച് പറയാം. കൃത്യമായ മാര്‍ക്കറ്റ് റിസര്‍ച്ചും സ്റ്റഡിയുമൊന്നുമില്ലാതെ മനക്കരുത്തിന്റേയും പാഷന്റേയും പിന്‍ബലത്തില്‍ ആയിരുന്നു ഇവരുടെ ബിസിനസിന്റെ തുടക്കം. നിലവിലില്ലാതിരുന്ന ഒരു മാര്‍ക്കറ്റ് ആയിരുന്നതിനാല്‍ നല്ല സാധ്യതകള്‍ അവര്‍ക്കു മുന്നിലുണ്ടായിരുന്നു. പങ്കാളികള്‍ അങ്ങേയറ്റം പാഷനോടെയാണ് കമ്പനിയെ നയിച്ചത്. അതുകൊണ്ടു തന്നെ നല്ലൊരു വിപണി വിഹിതം നേടാന്‍ അവര്‍ക്കായി. അങ്ങനെ കമ്പനി ഉടമകളുടെ പ്രശസ്തിയും ബ്രാന്‍ഡ് ഇമേജും സങ്കല്‍പ്പത്തിനുമപ്പുറം വളര്‍ന്നു. ഇതോടെ ഉടമകള്‍ കാര്യങ്ങളെ ഈസി മനോഭാവത്തിലെടുക്കാന്‍ തുടങ്ങി. പ്രൊഫഷണല്‍സിന്റെ വിവേകപൂര്‍ണമായ ഉപദേശങ്ങള്‍ ചെവിക്കൊള്ളാന്‍ അവര്‍ തയ്യാറായില്ല. പ്രതീക്ഷിച്ചതിനേക്കാള്‍ വളരെ വലിയ വളര്‍ച്ചയായതിനാല്‍ തന്നെ ഓഡിറ്റര്‍മാരും ചോദ്യം ചെയ്യാന്‍ പേടിച്ചു.

പാര്‍ട്ണര്‍മാര്‍ അവരുടെ സ്വന്തം നിലയില്‍ നിക്ഷേപം നടത്തുകയും കാഷ് ഫ്‌ളോയില്‍ യാതൊരു നിയന്ത്രണങ്ങളുമില്ലാതെ അതിന്റെ ഫലം ആസ്വദിക്കുകയും ചെയ്തു. ''ഞങ്ങള്‍ പൂജ്യത്തില്‍ നിന്ന് തുടങ്ങിയതാണ്, തിരിച്ചു പൂജ്യത്തിലേക്ക് പോകാന്‍ ഒരു മടിയുമില്ല'' എന്നായിരുന്നു ഇതിനുള്ള അവരുടെ ന്യായീകരണം. വര്‍ഷങ്ങള്‍ കടന്നു പോകെ വിപണി സാഹചര്യങ്ങള്‍ മാറി. കൂടുതല്‍ എതിരാളികള്‍ ഈ മേഖലയിലേക്ക് കടന്നു വരികയും ബിസിനസ് കുറയുകയും ചെയ്തു. ഈ സമയത്ത് വിപണി പിടിക്കാനായി പാര്‍ട്ണര്‍മാര്‍ കുറഞ്ഞ നിരക്ക് ക്വാട്ട് ചെയ്യാന്‍ തുടങ്ങി. നഷ്ടം കുറയ്ക്കാനായി ഉയര്‍ന്ന പലിശയ്ക്ക് വായ്പയെടുക്കുകയും വ്യക്തി താല്‍പ്പര്യങ്ങള്‍ക്ക് മാത്രം പ്രാധാന്യം നല്‍കുകയും ചെയ്തു. ഇതോടെ ജീവനക്കാരില്‍ പലരും എതിര്‍ കമ്പനികളില്‍ ചേര്‍ന്നു. മറ്റു ചിലര്‍ സ്വന്തം ബിസിനസ് തുടങ്ങുകയും ചെയ്തു.

നിയമപരമായ പല കാര്യങ്ങളിലും കമ്പനി വീഴ്ചവരുത്തി. പേമെന്റുകള്‍ കൃത്യമായി തിരിച്ചടയ്ക്കാതെ വന്നതോടെ റെവന്യു റിക്കവറി പോലുള്ള കാര്യങ്ങളിലേക്ക് നീങ്ങി. അങ്ങനെ അധികം താമസിയാതെ ബിസിനസെല്ലാം നശിച്ച് അതുവരെ നേടിയ എല്ലാ സല്‍പ്പേരും നഷ്ടമായി. ബിസിനസില്‍ പ്രതീക്ഷയ്ക്കപ്പുറത്തേക്ക് വളര്‍ച്ചയുണ്ടായാല്‍ അതെങ്ങനെ മാനേജ് ചെയ്യും എന്നറിയാത്തതാണ് ഇവിടെ പ്രശ്‌നമായത്.

പഠിക്കേണ്ട കാര്യങ്ങള്‍

  • അഭൂതപൂര്‍വമായ വളര്‍ച്ചയുണ്ടെങ്കില്‍പ്പോലും, അത് എന്നെന്നേക്കുമായി നിലനില്‍ക്കില്ല എന്ന വസ്തുതയെക്കുറിച്ച് ശ്രദ്ധാലുവായിരിക്കണം.

  • ഏതൊരു ബിസിനസിലും വിറ്റുവരവ് കൂടുമ്പോള്‍ സര്‍ക്കാരിനുള്‍പ്പെടെയുള്ള മറ്റ് പേയ്മെന്റുകളും ഗണ്യമായി വര്‍ധിക്കും, കൃത്യസമയത്ത് പണമടച്ചില്ലെങ്കില്‍ ബാധ്യത വളരെ വലുതായിരിക്കും.

  • എല്ലാ മേഖലയിലും പ്രൊഫഷണല്‍സിനെ നിയമിക്കുകയും അവരുടെ ഉപദേശങ്ങള്‍ സ്വീകരിക്കുകയും വേണം. അവര്‍ ഈ മേഖലയില്‍ പരിജ്ഞാനമുള്ളവരും സമാന സാഹചര്യങ്ങളിലൂടെ നേരത്തെ കടന്നുപോയിട്ടുള്ളവരുമായിരിക്കും.

  • തങ്ങളുടെ വിലപ്പെട്ട കുറെ വര്‍ഷങ്ങളാണ് കമ്പനിയിലെ ജോലിക്കാര്‍ നല്‍കിയിരിക്കുന്നത്. പെട്ടെന്ന് കമ്പനി അടച്ചുപൂട്ടാന്‍ തീരുമാനിക്കുകയാണെങ്കില്‍ അവര്‍ക്ക് ഉപജീവനമാര്‍ഗം നഷ്ടപ്പെടുമെന്ന് ഓര്‍ക്കണം.

(ചാര്‍ട്ടേഡ് അക്കൗണ്ടന്റും മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റുമാണ്

ലേഖകന്‍. Email:shaji@svc.ind.in, 9847044030)

Similar News