പുതുതായി ബിസിനസിലേക്കിറങ്ങുന്നവര്‍ക്ക് വേണം ഈ ഗുണങ്ങള്‍

Update: 2019-08-06 13:44 GMT

പുതുതായി തുടങ്ങുന്ന ബിസിനസുകളില്‍ പകുതിയും ആദ്യ അഞ്ചുവര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ തകരുന്നതായാണ് കണ്ടുവരുന്നത്. പരിചയക്കുറവ്, ആവശ്യത്തിന് ഫണ്ട് മാനേജ്മെന്റ് നടത്താന്‍ കഴിയാത്തത് തുടങ്ങിയവയാകും ഇത്തരത്തിലുള്ള പരാജയത്തിന് പുറമേക്ക് കാണുന്ന കാരണങ്ങള്‍. യഥാര്‍ത്ഥ കാരണങ്ങള്‍ മറ്റു പലതുമാണ്. ബിസിനസ് തുടങ്ങാന്‍ ആഗ്രഹിക്കുന്ന ഒരാള്‍ക്കുണ്ടായിരിക്കേണ്ട മേന്മകള്‍ എന്തൊക്കെയാണെന്നു നോക്കാം.

  1. പ്രത്യേകമായ അറിവ്, കഴിവ്: ഏത് മേഖലയിലാണോ നിങ്ങള്‍ ബിസിനസ് തുടങ്ങുന്നത് ആ മേഖലയില്‍ പ്രത്യേക കഴിവ് ഉണ്ടാകണം. ഇല്ലെങ്കില്‍ ശരിയായ തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയാതെ വരും. ബിസിനസ് തുടങ്ങി മൂന്ന് വര്‍ഷത്തിനുള്ളില്‍ ലാഭത്തിലെത്തേണ്ടതുള്ളതുകൊണ്ട് തെറ്റ് തിരുത്താനൊന്നും സമയമുണ്ടാകില്ല. ബിസിനസ് നടത്തിക്കൊണ്ടുപോകുന്നതിനൊപ്പം ബിസിനസിലെ എല്ലാ മേഖലകളിലും അറിവ് നേടുകയും വേണം.
  2. ആത്മവിശ്വാസം: സ്വന്തം ബിസിനസ് വിജയത്തിലെത്തുമെന്ന ആത്മവിശ്വാസം നിങ്ങള്‍ക്കുണ്ടാകണം. അതില്ല എങ്കില്‍ അക്കാര്യം നിങ്ങളുടെ ഓരോ പ്രവൃത്തിയിലും പ്രതിഫലിച്ചുകൊണ്ടിരിക്കും. അത് ഏറ്റവും വേഗം ജീവനക്കാര്‍ തിരിച്ചറിയുകയും ചെയ്യും.
  3. നിശ്ചയ ദാര്‍ഢ്യം വേണം: തുടക്കത്തില്‍ തിരിച്ചടി ഉണ്ടാകാം. അതില്‍ തളരാതെ ലക്ഷ്യത്തിലെത്താനുള്ള നിശ്ചയ ദാര്‍ഢ്യം കാട്ടുക.
  4. വ്യക്തമായ വിഷന്‍ വേണം: എന്തിനാണ് നിങ്ങള്‍ ബിസിനസ് തുടങ്ങുന്നത്? കൂടുതല്‍ പണമുണ്ടാക്കാനോ? അതിന് വേണ്ടി, അല്ലെങ്കില്‍ അതിന് വേണ്ടി മാത്രമാകരുത് ബിസിനസിലേക്ക് ഇറങ്ങുന്നത്. സമൂഹത്തിന് പ്രയോജനം ചെയ്യുന്ന എന്തെങ്കിലും ഉല്‍പ്പന്നമോ സേവനമോ നല്‍കാന്‍ നിങ്ങളുടെ ബിസിനസിന് കഴിയണം.
  5. ക്രിയാത്മകതയും നവീകരണ ത്വരയും വേണം: ഇന്നത്തെ യുഗത്തില്‍ നവീനമായ ആശയങ്ങളാണ് ബിസിനസിന്റെ വിജയത്തിന്റെ താക്കോല്‍. ഉപഭോക്താക്കളുടെ ആവശ്യം കണ്ടറിഞ്ഞ് അത് നിങ്ങളുടെ ഉല്‍പ്പന്നത്തിലൂടെ നിറവേറ്റാനാണോ നിങ്ങളുടെ ശ്രമം. എങ്കിലത് കാലഹരണപ്പെട്ട സമീപനമാണ്. നവീനമായ ആശയങ്ങള്‍ കണ്ടെത്തുക. അതിലൂടെ ഉപഭോക്താവിന്റെ മനസില്‍ പുതിയ ആവശ്യങ്ങള്‍ ജനിപ്പിക്കുക. ഒരൊറ്റ ആശയം മതി ബിസിനസിനെ വളര്‍ച്ചയുടെ പരകോടിയിലെത്തിക്കാന്‍.
  6. തന്ത്രപരമായ ഉള്‍ക്കാഴ്ച വേണം: തന്ത്രപരമായ തീരുമാനങ്ങള്‍ ബിസിനസില്‍ കൂടെക്കൂടെ എടുക്കേണ്ടിവരും. ഭാവിയില്‍ സംഭവിക്കാന്‍ സാധ്യതയുള്ള കാര്യങ്ങള്‍ മുന്‍കൂട്ടി മനസിലാക്കാനുള്ള സാമര്‍ത്ഥ്യം വേണം. ഭാവിയിലെ കാര്യങ്ങളെന്ന് പറഞ്ഞാല്‍ ഗവണ്‍മെന്റ് നയങ്ങളിലെ വ്യതിയാനം, വിപണിയിലെ പുതിയ എതിരാളിയുടെ ഉദയം തുടങ്ങിയവയാണ്. ചുറ്റുപാടും കാണുന്ന എന്തിനെയും, ഉണ്ടാകുന്ന സംഭവവികാസങ്ങളെയും നിരീക്ഷിക്കാനും വിശകലനം ചെയ്യാനുമുള്ള കഴിവ് തുടക്കത്തിലേ വളര്‍ത്തിയെടുക്കുക.
  7. നേതൃത്വശേഷി: ബിസിനസിന്റെ വിജയത്തിന് ഇത് വളരെ നിര്‍ണായകമാണ്. സ്ഥാപനത്തിനുള്ളിലുള്ള എല്ലാവരും നിങ്ങളെയാണ് ഇനി എങ്ങോട്ട് നീങ്ങണം എന്ന കാര്യത്തില്‍ മാര്‍ഗനിര്‍ദേശത്തിനായി ഉറ്റുനോക്കുന്നത്. അവരില്‍ ലക്ഷ്യബോധമുണ്ടാക്കാനും പ്രചോദിപ്പിക്കാനും മുന്നോട്ട് നയിക്കാനുമുള്ള കഴിവ് നിങ്ങള്‍ക്ക് ഉണ്ടായേ പറ്റൂ.
  8. അനാവശ്യ ഈഗോ ഉണ്ടാകരുത്: അത് ഏറ്റവും വലിയ ആപത്താണ്. അതുള്ള ഒരു സംരംഭകനും വിജയിക്കാന്‍ കഴിയില്ല. അവര്‍ക്ക് പെട്ടെന്ന് ദേക്ഷ്യം വരും. സമര്‍ത്ഥരായ ആളുകള്‍ക്ക് അവരോടൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിയാതെ വരും. ഈഗോയുള്ളവര്‍ തെറ്റുകള്‍ സമ്മതിക്കില്ല. അതിന്റെ ഉത്തരവാദിത്തം മറ്റുള്ളവരുടെ മേല്‍ ചുമത്തുകയും ചെയ്യും. തനിക്ക് ഇഷ്ടമുള്ളത് ചെയ്യുന്നവരെ മാത്രമേ ഇവര്‍ പ്രോല്‍സാഹിപ്പിക്കൂ. ഇത് ബിസിനസിനെ നാശത്തിലേക്ക് നയിക്കും.
  9. അവസരത്തിനൊത്ത് ഉയരുക: ബിസിനസില്‍ ഉരുത്തിരിയുന്ന പുതിയ സാഹചര്യങ്ങള്‍ക്കനുസരിച്ച് തന്ത്രങ്ങളും സമീപനവും പുനരാവിഷ്‌കരിക്കേണ്ടി വന്നാല്‍ അതിന് മടിക്കരുത്. പിടിവാശി കാണിക്കരുത്. അനാവശ്യ ഈഗോ കാട്ടുകയുമരുത്.
  10. ധാര്‍മികത പുലര്‍ത്തുക: ധാര്‍മികതയിലും മൂല്യങ്ങളിലും അടിയുറച്ചതല്ല സ്ഥാപനമെങ്കില്‍ അതിന് ദീര്‍ഘകാലം നിലനില്‍ക്കാന്‍ കഴിയില്ല. പെട്ടെന്നുണ്ടാകുന്ന പണവും അധികകാലം നിങ്ങളോടൊമുണ്ടാകില്ല. നിങ്ങള്‍ പുലര്‍ത്താനാഗ്രഹിക്കുന്ന ധാര്‍മികതയും മൂല്യങ്ങളും എഴുതിവെക്കുക. അത് നടാക്കുന്ന കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യരുത്.

(സംശയങ്ങളും അഭിപ്രായങ്ങളും sajeev@bramma.in ലേക്ക് അയക്കുക. ലേഖനം ജൂലൈ 2010 ല്‍ ധനം മാഗസിന്‍ പ്രസിദ്ധീകരിച്ചത് )

Similar News