മാന്‍ഹോള്‍ വൃത്തിയാക്കാന്‍ തയ്യാറായി 'ബാന്‍ഡിക്കൂട്ട്'

Update: 2019-11-19 08:43 GMT

മാന്‍ഹോള്‍ വൃത്തിയാക്കുന്ന ബാന്‍ഡിക്കൂട്ട് എന്ന റോബോട്ടിന്റെ ഉല്‍പ്പാദനം വിപുലമാക്കാന്‍ കേരള സ്റ്റാര്‍ട്ടപ് മിഷന്റെ (കെഎസ്യുഎം) മേല്‍നോട്ടത്തിലുള്ള ജെന്‍ റോബോട്ടിക്‌സ് ഇന്നൊവേഷന്‍സും ടാറ്റാ ബ്രബോയും തമ്മില്‍ ധാരണയായി. ടാറ്റാ മോട്ടോഴ്സിന്റെ സഹസ്ഥാപനമാണ് ടാറ്റാ ബ്രബോ റോബോട്ടിക്സ് ആന്‍ഡ് ഓട്ടോമേഷന്‍ ലിമിറ്റഡ്.

തിരുവനന്തപുരം ആസ്ഥാനമായി 2015ല്‍ പ്രവര്‍ത്തനം തുടങ്ങിയ ജെന്‍ റോബോട്ടിക്‌സാണ് മാന്‍ഹോള്‍ വൃത്തിയാക്കാന്‍ ലോകത്തില്‍ ആദ്യമായി റോബോട്ടിനെ വികസിപ്പിച്ചത്. മാന്‍ഹോളുകള്‍ വൃത്തിയാക്കുന്നതിന് മനുഷ്യരെ ഉപയോഗിക്കുന്ന നിലവിലുള്ള രീതി 2020ഓടെ രാജ്യത്തു നിന്ന് തുടച്ചുമാറ്റുകയെന്ന ലക്ഷ്യവുമായാണ് ഉല്‍പ്പാദനം വിപുലമാക്കുന്നത്.

രാജ്യത്തെ ആറ് സംസ്ഥാനങ്ങളില്‍ ഇപ്പോള്‍ ബാന്‍ഡിക്കൂട്ട് ഉപയോഗിച്ചുവരുന്നു.മാന്‍ഹോളുകള്‍ വൃത്തിയാക്കുന്നതിനിടെ ജീവാപായങ്ങളുണ്ടായതിന്റെ പശ്ചാത്തലത്തില്‍ മനുഷ്യരെ ഒഴിവാക്കി റോബോട്ടുകളെ ഉപയോഗിക്കണമെന്നാവശ്യപ്പെട്ട് മിഷന്‍ റോബോഹോള്‍ എന്ന ദൗത്യവും ജെന്‍ റോബോട്ടിക്സിന്റെ നേതൃത്വത്തില്‍ ആരംഭിച്ചിട്ടുണ്ട്.

ഇന്ത്യയിലെ ആദ്യ തദ്ദേശീയ റോബോട്ട് ഉല്‍പ്പാദക കമ്പനിയായ ടാറ്റാ ബ്രബോയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ് ബ്രബോ റോബോട്ടിക്‌സ് ആന്‍ഡ് ഓട്ടോമേഷന്‍ ലിമിറ്റഡ്. ടാറ്റാ മോട്ടോര്‍സ് ലിമിറ്റഡിന്റെ സഹസ്ഥാപനമാണിത്. പ്രശസ്തമായ അഞ്ജനി മഷെല്‍ക്കര്‍ ഇന്‍ക്ലൂസീവ് ഇന്നൊവേഷന്‍ അഖിലേന്ത്യാപുരസ്‌കാരം ഈയിടെ ജെന്‍ റോബോട്ടിക്‌സ് സ്വന്തമാക്കിയിരുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News