കെ.എസ്.എസ്.ഐ.എ ടെക്‌നോസിറ്റി സ്റ്റാര്‍ട്ടപ്പ് പദ്ധതി പ്രവര്‍ത്തനം തുടങ്ങി

Update: 2020-01-02 09:27 GMT

കേരള സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷന്റെയും പിറവം ടെക്നോ ലോഡ്ജിന്റെയും സംയുക്ത സംരംഭമായ കെ.എസ്.എസ്.ഐ.എ ടെക്‌നോസിറ്റി സ്റ്റാര്‍ട്ടപ്പ് പദ്ധതി കളമശ്ശേരിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. വിവര സാങ്കേതികവിദ്യാ മേഖലയിലും അനുബന്ധ മേഖലകളിലും പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ട്അപ്പ് കമ്പനികള്‍ക്കാണ് ടെക്നോസിറ്റിയില്‍ ഇടം ലഭിക്കുക.

കെ.എസ്.എസ്.ഐ.എ യുടെ പ്രവര്‍ത്തനം വിവര സാങ്കേതിക മേഖലയിലേക്ക് വ്യാപിപ്പിച്ചത് അഭിനന്ദനാര്‍ഹമാണെന്ന് ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കവേ മന്ത്രി ഇ.പി.ജയരാജന്‍ പറഞ്ഞു.വന്‍കിട വ്യവസായങ്ങളെ സംരക്ഷിക്കുകയും, ചെറുകിട വ്യവസായങ്ങളെ പ്രോല്‍സാഹിപ്പിക്കുകയും ചെയ്യുകയെന്നതാണ് സര്‍ക്കാരിന്റെ നയം.സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്ന വ്യവസായികളെ സഹായിക്കുന്നതിന് അസോസിയേഷന്‍ മുന്‍കൈ എടുത്ത് ചെറുകിട വ്യവസായ സംരക്ഷണ ബാങ്ക് തുടങ്ങണമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു. സംരംഭകര്‍ക്ക് അനുകൂലമായി പുതിയ ഭൂനയം പ്രഖ്യാപിക്കുമെന്നും അദ്ദേഹം അറിയിച്ചു.

കെ.എസ്.എസ്.ഐ.എ സംസ്ഥാന പ്രസിഡന്റ ് എം.ഖാലിദ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ വ്യവസായ മേഖലയിലെ വിവിധ പ്രശ്‌നങ്ങള്‍ അടങ്ങുന്ന നിവേദനം മന്ത്രിക്ക് കൈമാറി.വി.കെ.സി.മമ്മദ് കോയ എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി.എന്‍.റ്റി.ബൈജു സ്ഥാപനത്തിന്റെ പ്രോജക്റ്റ്  അവതരിപ്പിച്ചു.

വിവര സാങ്കേതികവിദ്യാ മേഖലയില്‍ കമ്പനികള്‍ ആരംഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന് ആവശ്യമായി വരുന്ന ഭാരിച്ച ചെലവാണെന്നതു മുന്‍നിര്‍ത്തി തുടക്കമിട്ടിട്ടുള്ളതാണ് ടെക്‌നോസിറ്റി  സ്റ്റാര്‍ട്ടപ്പ് പദ്ധതി. ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്റര്‍നെറ്റ് കണക്ടിവിറ്റി, ഇടമുറിയാതെയുള്ള വൈദ്യുതി, യുപിഎസ്, ജനറേറ്റര്‍ എന്നിവയുടെ ലഭ്യത, പൊതുവായ റിസപ്ഷന്‍, ഫ്രണ്ട് ഓഫീസ്, മീറ്റിംഗ് റൂം, ഡിസ്‌കഷന്‍ റൂം തുടങ്ങിയ സൗകര്യങ്ങള്‍ക്കൊപ്പം ശീതികരിച്ച ലാബിനുള്ളില്‍ സ്വകാര്യതയ്ക്കായി വേര്‍തിരിച്ച കാബിനുകളും ടെക്നോസിറ്റിയില്‍ സംരംഭകര്‍ക്ക് ലഭിക്കും.

കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍, നാസ്‌കോം, കേരള ഐടി മിഷന്‍, കെഎസ്ഐഡിസി തുടങ്ങിയ സര്‍ക്കാര്‍-അര്‍ധ സര്‍ക്കാര്‍ സംവിധാനങ്ങളുടെ പിന്തുണയും ടെക്നോസിറ്റിയിലെ സംരംഭകര്‍ക്ക് ഉണ്ടായിരിക്കും.ന്യൂതന ആശയങ്ങളുമായി എത്തുന്ന നവസംരംഭകര്‍ക്ക് ആശയങ്ങളെ ഉല്‍പ്പന്നമോ സേവനമോ ആയി വളര്‍ത്തിയെടുക്കുന്നതിന് അനുഭവ പരിചയമുള്ള മെന്റര്‍മാരെ ഉള്‍പ്പെടുത്തി ടെക്നോളജി ക്ലിനിക്കുകളും ടെക്നോസിറ്റിയുടെ ഭാഗമാണ്. സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍ക്ക് സ്ഥിരം മെന്റര്‍മാരെ ലഭിക്കുന്നതോടൊപ്പം മുന്‍നിര സംരംഭകരുമായും വ്യവസായ പ്രമുഖരുമായും ആശയവിനിമയം നടത്തുന്നതിനും ടെക്നോളജി ക്ലിനിക്കില്‍ അവസരമുണ്ടായിരിക്കും.

നവസംരംഭകര്‍ക്ക് തുടക്കത്തില്‍ പ്രവര്‍ത്തിക്കുന്നതിനാവശ്യമായ മൂലധനം സ്വരൂപിക്കുന്നതിന് നിക്ഷേപകരേയും സംരംഭകരേയും തമ്മില്‍ ബന്ധിപ്പിക്കുന്ന പൊതുവേദിയാണ് ഇന്‍വെസ്റ്റ്മെന്റ് കഫേ. ക്രിയേറ്റീവ് ഏഞ്ചല്‍സ്, മലബാര്‍ ഏഞ്ചല്‍സ്, മുംബൈ ഏഞ്ചല്‍സ് തുടങ്ങിയ ഏഞ്ചല്‍ ഫണ്ട് പ്ലാറ്റ്ഫോമുകളുടെ നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നതിനായി പിച്ചിംഗ് സെഷനുകളും നടക്കും. കൂടാതെ തദ്ദേശീയരായ നിക്ഷേപകര്‍ക്ക് സ്റ്റാര്‍ട്ട്അപ്പ് കമ്പനികളില്‍ മുതല്‍മുടക്കുന്നതിനുള്ള സൗകര്യവും ടെക്നോസിറ്റിയില്‍ ലഭ്യമാണ്.

സ്റ്റാര്‍ട്ടപ്പുകള്‍ക്കും പുതിയ സംരംഭകര്‍ക്കും നൂതന സാങ്കേതികവിദ്യകളില്‍ വൈദഗ്ദ്ധ്യം നേടുന്നതിനായി എല്ലാ മാസവും ടെക്നോസിയം എന്ന പേരില്‍ ഈവനിംഗ് ഇവന്റ്സ് സംഘടിപ്പിക്കും. പ്രാവീണ്യം നേടിയ വിദഗ്ദ്ധരും വിജയികളായ സംരംഭകരും ഈ പരിപാടിയില്‍ ഭാഗഭാക്കാകും.4,000 ചതുരശ്ര അടി സ്ഥലത്താണ് 70 കമ്പനികള്‍ക്ക് പ്രവര്‍ത്തിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.പൂര്‍ണ്ണമായി പ്രവര്‍ത്തന സജ്ജമാക്കുമ്പോള്‍ 10,000 ചതുരശ്ര അടി വിസ്തീര്‍ണ്ണമാകും. 350 പേര്‍ക്ക് നേരിട്ട് തൊഴില്‍ നല്‍കുന്ന ഈ സ്ഥാപനം 30 കോടി രൂപയുടെ വാര്‍ഷിക ബിസിനസ് പ്രതീക്ഷിക്കുന്നു. 

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News