ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ നേടിയത് 90,000 കോടി

Update: 2020-01-15 10:22 GMT

കഴിഞ്ഞ വര്‍ഷം ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പുകളിലേക്ക് ഒഴുകിയെത്തിയത് ഏകദേശം 90,000 കോടി രൂപയുടെ(12.7 ബില്യണ്‍ ഡോളര്‍) നിക്ഷേപം. കഴിഞ്ഞ വര്‍ഷം നേടിയതിനേക്കാള്‍ 15 ശതമാനം അധികമാണിത്. ബാംഗളൂര്‍ ആസ്ഥാനമായുള്ള സ്റ്റാര്‍ട്ടപ്പുകളാണ് ഇതില്‍ 37500 കോടി രൂപയും നേടിയത്. 2019 ല്‍ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ 766 ഡീലുകളില്‍ നിന്നായാണ് ഇത്രയും തുക നേടിയത്.

ഡാറ്റ ലാബ്‌സ് ബൈ ഐഎന്‍സി42 എന്ന സ്ഥാപനം പുറത്തിറക്കിയ പഠന റിപ്പോര്‍ട്ട് പ്രകാരമാണിത്. 53 ഡീലുകള്‍ നടത്തിയ സെകോയ കാപിറ്റലാണ് ഏറ്റവും കൂടുതല്‍ ഡീല്‍ നടത്തിയ വെഞ്ച്വര്‍ കാപിറ്റല്‍ സ്ഥാപനം. 34 ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 700 കോടിയിലേറെ രൂപയുടെ ഫണ്ട് ലഭിച്ചതായും റിപ്പോര്‍ട്ട് പറയുന്നു. ഫിന്‍ടെക്, ഇകൊമേഴ്‌സ് സ്ഥാപനങ്ങളാണ് ഫണ്ട് ലഭിച്ച സ്റ്റാര്‍ട്ടപ്പുകളിലേറെയും. ഫണ്ട് ലഭിച്ച സ്റ്റാര്‍ട്ടപ്പുകളില്‍ 9 ശതമാനമാണ് സ്ത്രീകള്‍ ഉടമകളായിട്ടുള്ളത്. കൂടാതെ ഏഴ് സ്റ്റാര്‍ട്ടപ്പുകള്‍ യൂണികോണ്‍ കമ്പനികളാണ്.

4.11 ലക്ഷം കോടി രൂപ വിലമതിക്കുന്ന മേഖലയായി ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് രംഗം മാറിയെന്നതാണ് പുതിയ ദശാബ്ദത്തിലേക്ക് കടക്കുമ്പോഴുള്ള പ്രത്യേകത. 2014 നും 2019 നും ഇടയില്‍ 2984 സ്റ്റാര്‍ട്ടപ്പുകള്‍ക്കാണ് വിവിധ സ്ഥാപനങ്ങള്‍ ഫണ്ട് നല്‍കിയിരിക്കുന്നത്. ഇ കൊമേഴ്‌സ്, ഫിന്‍ടെക് കമ്പനികള്‍ 18425 കോടി രൂപ വീതം ഫണ്ട് നേടിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം 2020 ല്‍ ഫണ്ടിംഗും ഡീലുകളുടെ എണ്ണവും ഒരു ശതമാനം കുറയുമെന്നാണ് റിപ്പോര്‍ട്ട് കണക്കുകള്‍ ചൂണ്ടിക്കാട്ടി അവകാശപ്പെടുന്നത്. 12.6 ബില്യണ്‍ ഡോളറായിരിക്കും ഈ വര്‍ഷം സ്റ്റാര്‍ട്ടപ്പുകളിലേക്ക് എത്തുക. സീഡ് സ്റ്റേജിലുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള ഫണ്ടിംഗില്‍ 2018 ലേതിനേക്കാള്‍ 44 ശതമാനം കുറഞ്ഞ് 1771 കോടി രൂപയായി. പേടിഎം, റിന്യൂ പവര്‍, ഉഡാന്‍, ഒല, ഡെലിവറി തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളെല്ലാം ഫണ്ട് ലഭിച്ചവരിലുണ്ട്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News