അറിയൂ, മനുഷ്യന്റെ ആവശ്യങ്ങള്‍, നേരിട്ടെത്തൂ അവരിലേക്ക്

Update: 2017-04-01 06:10 GMT

മനുഷ്യന്റെ ആഗ്രഹങ്ങള്‍ക്ക് ഒരു അവസാനവുമില്ല. ഇന്നത്തെ ആവശ്യമല്ല നാളെയുള്ളത്. എപ്പോഴും അത് മാറിക്കൊണ്ടിരിക്കും. ഞാന്‍ ഒരു കമ്പനിയുമായും മത്സരിക്കുന്നില്ല. ബഹുരാഷ്ട്ര കമ്പനികളുടെ ഉല്‍പ്പന്നങ്ങളുള്ള മേഖലയില്‍ ജ്യോതി ലാബിന്റെ ഉല്‍പ്പന്നങ്ങളുണ്ട്. പക്ഷേ അത് അവരുടേതുപോലുള്ളതല്ല. മറിച്ച് ജനങ്ങള്‍ക്ക് എന്താണ് വേണ്ടതെന്ന് മനസിലാക്കി തികച്ചും വ്യത്യസ്തമായ ഉല്‍പ്പന്നങ്ങളാണ് ജ്യോതി ലാബ് രാജ്യത്തെ 32 ഫാക്റ്ററികളില്‍ നിര്‍മിച്ച് ജനങ്ങളുടെ കൈകളിലേക്ക് എത്തിക്കുന്നത്.

നമ്മുടെ സമൂഹത്തില്‍ റീറ്റെയ്ല്‍ രംഗത്തിന് നിര്‍ണായകമായ സ്ഥാനമുണ്ട്. മനുഷ്യശരീരത്തിലെ ഓരോ കോശത്തിനും ഊര്‍ജം പകരാന്‍ രക്ത ചംക്രമണം വഹിക്കുന്ന പങ്കാണ് സമൂഹത്തില്‍ റീറ്റെയ്ല്‍ രംഗത്തിനുള്ളത്. ഒരു മാനുഫാക്ചറര്‍ക്കും റീറ്റെയ്‌ലിനെ ആശ്രയിക്കാതെ നിലനില്‍ക്കാന്‍ പറ്റില്ല. അതുപോലെ സമൂഹത്തിലെ ഓരോ വ്യക്തിക്കും ഈ രംഗത്തിന്റെ സഹായം വേണം. സമൂഹം ഒരു മനുഷ്യശരീരമായെടുത്താല്‍ അതിലെ ഓരോ കോശമായ മനുഷ്യനിലേക്കും ഉല്‍പ്പന്നം എത്തിക്കാന്‍ റീറ്റെയ്ല്‍ മേഖല തന്നെ വേണം.

മാനുഫാക്ചററുടെ അടുത്തു നിന്ന് ഓരോ വ്യക്തിക്കും നേരിട്ട് സാധനങ്ങള്‍ വാങ്ങാന്‍ സാധിക്കില്ല. അതുപോലെ ഓരോ മാനുഫാക്ചറര്‍ക്കും ഉല്‍പ്പന്നങ്ങള്‍ ഓരോ വ്യക്തിയിലേക്കും നേരിട്ട് എത്തിക്കാനും പറ്റില്ല. അതിനിടയിലെ സുപ്രധാന കണ്ണിയാണ് റീറ്റെയ്ല്‍ രംഗം.

മുന്‍പ് ജനങ്ങള്‍ക്ക് അവരുടെ വീട്ടുപടിക്കല്‍ ഉല്‍പ്പന്നങ്ങളും സേവനങ്ങളും എത്തണമെന്നായിരുന്നു ആഗ്രഹം. ഇപ്പോള്‍ അവര്‍ക്കത് കൈയില്‍ കിട്ടണം. ഇ കൊമേഴ്‌സ് ശക്തമാകുന്നത് അതുകൊണ്ടാണ്.

ഇവയെല്ലാം ഉള്‍ച്ചേര്‍ത്താണ് ജ്യോതി ലാബ് മുന്നോട്ടുപോകുന്നത്. ഇനി പലര്‍ക്കും ഒരു സംശയം തോന്നാം. സംഘടിത റീറ്റെയ്ല്‍ മേഖല വളരുമ്പോള്‍ നമ്മുടെ ഉള്‍ഗ്രാമങ്ങളില്‍ സ്വയം തൊഴില്‍ സംരംഭം പോലെ ഒരു വീട്ടിലെ അമ്മയും അച്ഛനും കുട്ടികളും എല്ലാം ചേര്‍ന്ന് നടത്തുന്ന കൊച്ചുകടകള്‍ പൂട്ടിപ്പോകുമോയെന്ന്. ആ സംശയത്തിന് സ്ഥാനമില്ലെന്നാണ് എന്റെ അഭിപ്രായം.

തീര്‍ച്ചയായും ഷോപ്പിംഗ് അനുഭവം ആസ്വദിക്കാന്‍ ലുലു, ആദിത്യ ബിര്‍ള ഗ്രൂപ്പ്, റിലയന്‍സ് റീറ്റെയ്ല്‍ പോലുള്ള സംഘടിത റീറ്റെയ്ല്‍ സ്‌റ്റോറുകളില്‍ പോകേണ്ടി വന്നേക്കും. പക്ഷേ ഇന്ത്യ പോലെ വളരെ വിപുലവും വ്യത്യസ്തവുമായ ജനവിഭാഗം നിലനില്‍ക്കുന്ന രാജ്യത്ത് എല്ലാവര്‍ക്കും എല്ലായ്‌പ്പോഴും ഇത്തരം ഷോപ്പിംഗ് സെന്ററുകളില്‍ പോകാന്‍ സാധിക്കണമെന്നില്ല. നിത്യ ആശ്രയത്തിന് ചെറുകടകള്‍ വേണ്ടി വരും. അതുകൊണ്ട് ഈ രംഗത്തെ സാധ്യതകള്‍ അസ്തമിക്കുന്നില്ല.

മുഖച്ഛായ മാറും, മാറ്റണം

റീറ്റെയ്ല്‍ മേഖല പലവിധ മാറ്റങ്ങള്‍ക്കും വിധേയമാകുകയാണ്. പക്ഷേ അത് ചെറിയ കച്ചവടക്കാരുടെ അന്നം മുട്ടിക്കുന്ന രീതിയിലേക്ക് മാറില്ല. പക്ഷേ ചെറിയ കടകളുടെ മുഖച്ഛായ മാറും. അതായത് വന്‍കിട കാഷ് ആന്‍ഡ് ക്യാരി സ്റ്റോറുകള്‍ ഗ്രാമങ്ങളിലെ കൊച്ചുകടകളിലേക്ക് എല്ലാ സാധനങ്ങളും ലഭ്യമാക്കി അവരുടെ വളരെ ചെറിയ രൂപങ്ങളാക്കി ഇവയെ മാറ്റാനുള്ള സാധ്യത ഞാന്‍ കാണുന്നുണ്ട്. ഇത്തരത്തിലുള്ള മുഖച്ഛായ മാറ്റം എന്തുകൊണ്ടും നല്ലതാണ്.

ജ്യോതി ലാബും ഇത്തരത്തില്‍ ആഴത്തിലേക്ക് ഇറങ്ങി ചെന്നുള്ള റീറ്റെയ്ല്‍ ശൃംഖലയാണ് കെട്ടിപ്പടുക്കുന്നത്. ഇന്ത്യയെമ്പാടുമുള്ള സംസ്ഥാനങ്ങളിലെ ജില്ലാടിസ്ഥാനത്തില്‍ പരിഗണിച്ച് 5000ത്തിനുമേല്‍ ജനസംഖ്യയുള്ള പ്രദേശങ്ങളെ പ്രത്യേകമായി പരിഗണിച്ച് അവിടെയുള്ള റീറ്റെയ്ല്‍ സ്റ്റോറുകളിലേക്ക് ജ്യോതി ലാബ് ഉല്‍പ്പന്നങ്ങളെത്തിക്കാന്‍ ജീവനക്കാരെയും ഡിസ്ട്രിബ്യൂട്ടര്‍മാരെയും വിന്യസിക്കുന്ന സുസജ്ജമായ രീതിയാണ് ഞങ്ങള്‍ പിന്തുടരുന്നത്.

അവസരം ഏറും

ഉപഭോക്താക്കളെ വഞ്ചിക്കുന്നത് തടയാനുള്ള എന്ത് നിയമവും നല്ലതു തന്നെയാണ്. പക്ഷേ കുറേ പേര്‍ നിയമങ്ങള്‍ നിഷ്‌കര്‍ഷിക്കുകയും മറ്റുള്ളവര്‍ അത് ചെയ്യാതെ വരികയും ചെയ്യുന്നത് സംഘടിത മേഖലയില്‍ ഉള്ളവര്‍ക്ക് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാറുണ്ട്. ചരക്ക് സേവന നികുതി പോലുള്ള വിപ്ലവകരമായ നിര്‍ദേശങ്ങള്‍ ഇതുപോലുള്ള 90 ശതമാനത്തിലേറെ പ്രശ്‌നങ്ങളും പരിഹരിക്കാന്‍ ഉതകുന്നതാകും.

Similar News