പന്ത്രണ്ടാമത് 'ടൈകോണ്‍ കേരള' സംരംഭക സമ്മേളനം നാളെ കൊച്ചിയില്‍
കൊച്ചി ലെ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ദ്വിദിന സംഗമത്തിൽ കൃഷി, വിദ്യാഭ്യാസം, ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ്, അസിസ്റ്റഡ് ലിവിംഗ്, റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് തുടങ്ങിയ മേഖലകളിലെ അവസരങ്ങള്‍ അവതരിപ്പിക്കും
സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ സംരംഭക സംഗമങ്ങളിലൊന്നായ 'ടൈകോണ്‍ കേരള'യുടെ പന്ത്രണ്ടാം പതിപ്പ് ഡിസംബര്‍ 15,16 തീയതികളില്‍. കൊച്ചി ലെ മെറിഡിയനില്‍ നടക്കുന്ന സംഗമത്തിന്റെ പ്രമേയം ഡ്രൈവിംഗ് ദി ചേഞ്ച് - അണ്‍ലോക്കിംഗ് പൊട്ടന്‍ഷ്യല്‍' എന്നതാണ്. കൃഷി, വിദ്യാഭ്യാസം, ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ്, അസിസ്റ്റഡ് ലിവിംഗ്, റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് തുടങ്ങിയ മേഖലകളിലെ അവസരങ്ങള്‍ അവലോകനം ചെയ്യുന്ന സമ്മേളനത്തില്‍ ആയിരത്തിലധികം യുവ സംരംഭകരും പ്രതിനിധികളും പങ്കെടുക്കും.
പ്രശസ്തർ പങ്കെടുക്കുന്നു
ഭാരത് ബയോടെക് ഇന്റര്‍നാഷണല്‍ ലിമിറ്റഡിന്റെ എം.ഡി പത്മഭൂഷണ്‍ സുചിത്ര എല്ല, എം.ആര്‍.എഫ് വൈസ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ അരുണ്‍ മാമ്മന്‍, എ.പി.എം മുഹമ്മദ് ഹനീഷ് ഐ.എ.എസ് എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം നിര്‍വ്വഹിക്കും. കേരളത്തില്‍ സംരംഭകര്‍ക്ക് വളര്‍ച്ചാ സാധ്യതയുള്ള അഞ്ച് സുപ്രധാന മേഖലകളിലെ നവീന ആശയങ്ങള്‍ പ്രോത്സാഹിപ്പിക്കുകയാണ് ഈ വര്‍ഷത്തെ സമ്മേളനത്തിന്റെ പ്രാധാന ലക്ഷ്യമെന്ന് ടൈ കേരള പ്രസിഡന്റ് ദാമോദര്‍ അവനൂര്‍ പറഞ്ഞു.
സംരംഭകര്‍, സ്റ്റാര്‍ട്ടപ്പുകള്‍, പ്രൊഫഷണലുകള്‍ എന്നിവര്‍ക്ക് വിലയേറിയ മാര്‍ഗനിര്‍ദേശങ്ങള്‍ സമ്മാനിക്കുന്ന സമ്മേളനത്തില്‍ നിക്ഷേപകര്‍, ഉപദേഷ്ടാക്കള്‍, പുതിയ ബിസിനസ് പങ്കാളികള്‍ എന്നിവരുമായി നെറ്റ്‌വര്‍ക്കിംഗിന് അവസരമുണ്ടാകുമെന്നും ദാമോദര്‍ അവനൂര്‍ വിശദമാക്കി.
മാസ്റ്റര്‍ക്ലാസ്സുകള്‍, നെറ്റ്വര്‍ക്കിംഗ് സെഷനുകള്‍, പിച്ച് സെഷനുകള്‍, വണ്‍-ഓണ്‍-വണ്‍ കണക്റ്റുകള്‍, അറുപതിലധികം പ്രഭാഷകരുടെ സെഷനുകള്‍, അമ്പതിലധികം പ്രമുഖ നിക്ഷേപകരുടെയും ഫണ്ട് ഹൗസുകളുടെയും സെഷനുകള്‍ എന്നിവ സമ്മേളനം ഒരുക്കിയിട്ടുണ്ട്.
തമിഴ്നാട് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, ഡിജിറ്റല്‍ സേവന വകുപ്പ് മന്ത്രി ഡോ. പളനിവേല്‍ ത്യാഗരാജന്‍, ഒല ഇലക്ട്രിക്കിന്റെ ഡിസൈന്‍ മേധാവി കൃപാ അനന്തന്‍ തുടങ്ങി നിരവധി പ്രമുഖര്‍ പ്രഭാഷകരായി എത്തുന്നുണ്ടെന്ന് ടൈ കേരളയുടെ വൈസ് പ്രസിഡന്റും ടൈക്കോണ്‍ കേരള -2023 ന്റെ ചെയര്‍മാനുമായ ജേക്കബ് ജോയ് പറഞ്ഞു.
ഉദ്ഘാടന ദിനത്തില്‍ ടൈ കേരള അവാര്‍ഡ് ദാന ചടങ്ങും നടക്കും. സംസ്ഥാനത്തെ സംരംഭകത്വ മേഖലയ്ക്ക് നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് എട്ട് വിഭാഗങ്ങളിലായാണ് അവാർഡ് നൽകുന്നതെന്ന് ടൈ അവാര്‍ഡ്‌സ് കോ ചെയര്‍ വിവേക് കൃഷ്ണ ഗോവിന്ദ് പറഞ്ഞു.
രജിസ്‌ട്രേഷനും വിശദാംശങ്ങള്‍ക്കും ടൈക്കോണ്‍ tieconkerala.org എന്ന ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക
ഫോൺ: 7025888862
ഇ-മെയിൽ: info@tiekerala.org