ആഗോള സംരംഭകനായ സ്‌ട്രൈഡ്‌സ് ഫാര്‍മ സയന്‍സ് ലിമിറ്റഡ് സ്ഥാപകനും ഗ്രൂപ്പ് സിഇഒ യുമായ അരുണ്‍ കുമാര്‍ സംരംഭകന് നല്‍കുന്ന നിര്‍വചനം ശ്രദ്ധേയമാണ്. പരിധികളില്ലാത്ത ശുഭാപ്തിവിശ്വാസമുള്ളവനാണ് സംരംഭകന്‍. വിജയിക്കുക എന്ന ലക്ഷ്യത്തിനായി എല്ലാം മറന്ന് ജീവിക്കുന്നവര്‍, ഒരു 'തീവ്രവാദി'യെപ്പോലെ.
എന്നാല്‍ ഫലത്തില്‍ ശ്രദ്ധനല്‍കി റിസ്‌കുകള്‍ എടുക്കുമെങ്കിലും ഇവ ചില കഴിവു കേടുകള്‍ സൃഷ്ടിക്കും. ബിസിനസ് തിരിച്ചടികളും മുന്നേറുവാനുള്ള പാഠങ്ങളും ധനം ബിസിനസ് സമിറ്റ് ആന്‍ഡ് അവാര്‍ഡ് നൈറ്റിന്റെ വേദിയില്‍ അദ്ദേഹം പങ്കുവച്ചത് തന്റെ സംരംഭകയാത്രയിലെ അനുഭവത്തിന്റെ പശ്ചാത്തലത്തിലായിരുന്നു.
അരുണ്‍ കുമാറിന്റെ വാക്കുകളിലൂടെ:
സംരംഭകന്‍ റിസ്‌കുകളെടുക്കുന്നു. ഫലത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. ഇതെല്ലാം സംരംഭകന്റെ നല്ല സ്വഭാവസവിശേഷതകളാണെങ്കിലും സംരംഭകയാത്രയില്‍ ഇവ ചില കഴിവുകേടുകള്‍ സൃഷ്ടിക്കാറുണ്ട്. അത് എങ്ങനെയെന്ന് നോക്കാം.
നിങ്ങള്‍ ലക്ഷ്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍ നിങ്ങളുടെ നേതൃശൈലി കൃത്യമായ ദിശയിലൂടെയാകുന്നു. നിങ്ങളുടെ ആത്മവിശ്വാസവും ശുഭാപ്തിവിശ്വാസവും നിങ്ങളോട് വിശ്വസ്തതയുള്ള ആളുകളുടെ ഒരു പടയെത്തന്നെ നിങ്ങള്‍ക്ക് നേടിത്തരുന്നു. നിങ്ങള്‍ക്ക് വിജയം നേടിത്തരാനായി അവര്‍ തങ്ങള്‍ക്ക് സാധ്യമായതെല്ലാം തരാന്‍ തയാറാകുന്നു.
എന്റെ സംരംഭകയാത്ര ഇതിന് സമാനമായിരുന്നു. വളരെ ചെറിയ പ്രായത്തിലേ ഒരു ലക്ഷ്യം നിശ്ചയിച്ചു, അത് സാധ്യമാക്കാനുള്ള പ്രയത്‌നങ്ങള്‍ നേരത്തേ തുടങ്ങി. ഒരു വലിയ മൂലധനം സമാഹരിക്കാന്‍ ഇന്നത്തേതുപോലെ 90കളില്‍ കഴിയുമായിരുന്നില്ല. ഭാര്യയുടെ സ്വര്‍ണ്ണം പണയം വെച്ച് റിസ്‌കെടുത്തായിരുന്നു തുടക്കം. ലക്ഷ്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. നിങ്ങള്‍ ജീവിതത്തിന്റെ ആദ്യഘട്ടത്തില്‍ നേടുന്ന വിജയത്തിന്റെ കാരണം മറ്റൊരു ഘടകവുമല്ല, അത് നിങ്ങളുടെ മനോഭാവം എന്നതാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്.
ടീമാണ് എല്ലാം
നിങ്ങള്‍ തെരഞ്ഞെടുത്ത ടീമാണ് അടുത്ത തലത്തിലേക്ക് കമ്പനി ഉയരുന്നതില്‍ പ്രധാന ഘടകം. എന്നാല്‍ നിങ്ങള്‍ക്ക് പറ്റുന്നതുപോലെ മറ്റുള്ളവര്‍ക്ക് സാധിക്കില്ലെന്ന വിശ്വാസത്തില്‍ സൗകര്യപ്രദമായി നിങ്ങള്‍ ശരാശരിക്കാരായ ആളുകളെ തെരഞ്ഞെടുക്കുന്നു. 1996 ല്‍ 32 മില്യണ്‍ ഡോളര്‍ പ്രൈവറ്റ് ഇക്വിറ്റി ലഭിച്ച ഇന്ത്യയിലെ തന്നെ ചുരുക്കം കമ്പനികളിലൊന്നായ ഞങ്ങള്‍ക്ക് പിന്നീട് ഫാര്‍മസ്യൂട്ടിക്കല്‍സ് മേഖലയില്‍ നിന്ന് 2.2 ബില്യണ്‍ ഡോളറിനു പുറത്തുകടക്കേണ്ടി വന്നു.
പ്രാപ്തിക്കുറവുകളായിരുന്നു ഇതിന് വഴിയൊരുക്കിയത്. പുറത്തുനിന്ന് നോക്കുമ്പോള്‍ എല്ലാം നല്ലതായി തോന്നാം. നമ്മുടെ പ്രാപ്തിക്കുറവ് അംഗീകരിച്ചുകൊണ്ട് അതുമായി ജീവിച്ചിട്ട് കാര്യമില്ല. നേതൃത്വത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഘട്ടമായി ഞങ്ങള്‍ കരുതുന്നതും ഞങ്ങള്‍ ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നതും ഇതാണ് - നിങ്ങളെക്കാള്‍ മികച്ചരായവരെ നിങ്ങള്‍ക്ക് ചുറ്റും നിര്‍ത്തുക.
അവര്‍ നിങ്ങളില്‍ പ്രതീക്ഷയര്‍പ്പിക്കേണ്ടത് നിങ്ങളൊരു സംരംഭകനായതുകൊണ്ടല്ല, നിങ്ങള്‍ സ്ഥാപനത്തെ നയിക്കാന്‍ പറ്റിയ മഹത്തായ വ്യക്തിത്വമുള്ളയാള്‍ ആയതുകൊണ്ടായിരിക്കണം.