നിങ്ങളുടെ ബിസിനസ് എന്തുകൊണ്ട് പ്രതിസന്ധിയിലാകുന്നു?

കാലങ്ങളായി ബിസിനസ് ചെയ്തിട്ടും കാര്യമായ മെച്ചമുണ്ടാക്കാന്‍ പറ്റുന്നില്ലേ? എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് ?

Update:2023-10-10 10:57 IST

Representational image by Canva

വര്‍ഷങ്ങള്‍ക്കു മുമ്പ് വടക്കന്‍ കേരളത്തില്‍ നിന്ന് ഞങ്ങളെ കാണാന്‍ ഞങ്ങളുടെ കണ്‍സള്‍ട്ടിംഗ് സ്ഥാപനത്തില്‍ ഒരാള്‍ വന്നു. നാലു പതിറ്റാണ്ടായി ഭക്ഷ്യോല്‍പ്പന്ന രംഗത്ത് തരക്കേടില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനത്തിന്റെ ഉടമയായിരുന്നു അദ്ദേഹം. സ്വന്തം ബിസിനസിലെ മൂന്ന് പ്രശ്നങ്ങളാണ് അദ്ദേഹം പറഞ്ഞത്.

1. ബിസിനസ് സ്ഥാപിച്ച തന്റെ പിതാവും പിന്നീട് താനും വിഭാവനം ചെയ്ത മൂല്യങ്ങളോടും ദര്‍ശനങ്ങളോടും കൂറുപുലര്‍ത്തുന്നതല്ലാത്ത പല കാര്യങ്ങളും സ്ഥാപനത്തില്‍ നടക്കുന്നതായി തോന്നുന്നു.
2. പൊതുവായ ചര്‍ച്ചകളിലൂടെയും തീരുമാനങ്ങളിലൂടെയും സ്ഥാപനത്തിനുള്ളില്‍ നടപ്പാക്കാന്‍ ആഗ്രഹിക്കുന്ന പല കാര്യങ്ങളും വേണ്ടവിധം നടപ്പാക്കാന്‍ സാധിക്കുന്നില്ല.
3. ദശകങ്ങളായി ഈ രംഗത്ത് വിജയകരമായി നില്‍ക്കാന്‍ സാധിക്കുന്നുണ്ടെങ്കിലും അതില്‍ നിന്നും കാര്യമായ സാമ്പത്തിക ലാഭമോ, നീക്കിയിരിപ്പോ ഉണ്ടാക്കാന്‍ പറ്റുന്നില്ല.
ഏതാണ്ടെല്ലാ ചെറുകിട, ഇടത്തരം സംരംഭകര്‍ക്കുമില്ലേ ഇത്തരം പ്രശ്നങ്ങള്‍? ഈ സംരംഭകന്റെ പ്രശ്നങ്ങള്‍ എങ്ങനെ പരിഹരിച്ചു എന്ന് വിശദമാക്കുന്നതിനു മുമ്പ് അടിസ്ഥാനപരമായി ഒരു സ്ഥാപനം അല്ലെങ്കില്‍ ബിസിനസ് സംരംഭം എന്താണ് എന്നതിനെപ്പറ്റി ഞങ്ങളുടെ വീക്ഷണം എന്താണെന്ന് പരിശോധിക്കാം.
ഒരു സ്ഥാപനത്തിന്റെ ആത്മാവ്
ഏതൊരു സ്ഥാപനത്തെയും ജീവനും സത്തയുമുള്ള ഒരു പൂര്‍ണ വ്യക്തിത്വമായി വേണം മനസിലാക്കാന്‍. അതിനു തനതായ ഒരു ആത്മാവും മനസും ശരീരവുമുണ്ട്.

ഓരോ സംരംഭവും തുടങ്ങുന്നത് അതിന്റെ പ്രധാന സംരംഭകന്റെ അല്ലെങ്കില്‍ സംരംഭകരുടെ മനസിലുദിക്കുന്ന ചിന്തകളില്‍നിന്നും സ്വപ്നങ്ങളില്‍ നിന്നുമാണ്. ഈ ദര്‍ശനം അല്ലെങ്കില്‍ സ്വപ്ന
വും അതിലേക്കുള്ള വഴികളുമാണ് ആത്മാവ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇത് പൂര്‍ണമായും മറ്റൊരാള്‍ക്ക് മനസിലാക്കിക്കൊടുക്കുക എന്നത് മിക്കവാറും അസാധ്യവുമാണ്. മുന്നോട്ടുള്ള യാത്രയില്‍ പ്രതിസന്ധികളിലും ദശാസന്ധികളിലും ഈ ദര്‍ശനമാണ് സംരംഭകന് വഴികാട്ടിയായി നിലനില്‍ക്കുന്നത്. ഇത് പരമാവധി മറ്റുള്ളവര്‍ക്ക് മനസിലാക്കുന്നതിനായാണ് നമ്മള്‍ വിഷന്‍, മിഷന്‍, പര്‍പ്പസ് എന്നിവ വിശദീകരിക്കുന്നത്.
ഒരു സ്ഥാപനത്തിന്റെ കൂട്ടായ ബോധത്തെയാണ് നാം മനസ് എന്ന് സൂചിപ്പിക്കുന്നത്. ഒരു സ്ഥാപനത്തിന്റെ പ്രവര്‍ത്തനരീതി, നയങ്ങള്‍, ചലനാത്മകത, സ്വഭാവം എന്നിവയെല്ലാം ചേരുന്നതാണ് ഈ മനസ്. അതിലെ ജീവനക്കാര്‍, സംരംഭകര്‍, ഉപഭോക്താക്കള്‍, സ്ഥാപനവുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന സേവനദാതാക്കള്‍ എന്നിവരുടെ കൂട്ടായ ബോധം എന്ന അര്‍ത്ഥത്തില്‍ നാം ഈ മനസിനെ മനസിലാക്കേണ്ടതുണ്ട്.
ഒരു സ്ഥാപനത്തിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ (ഓഫീസുകള്‍, വാഹനങ്ങള്‍, കമ്പ്യൂട്ടറുകള്‍ എന്നിവ), ജീവനക്കാര്‍, മറ്റുള്ളവര്‍, സാങ്കേതികവിദ്യ, പ്രോസസുകള്‍ എന്നിവയെ നമുക്ക് ഇതില്‍ പെടുത്താം. ഈ മൂന്നും തികഞ്ഞ ഏകോപനത്തിലും, വിന്യാസത്തിലും മുന്നോട്ടുപോകുമ്പോള്‍ നമുക്ക് തികവുള്ള ഒരു സ്ഥാപനം എന്ന് അതിനെ വിളിക്കാം.
ഒരു സംരംഭത്തിന്റെ വളര്‍ച്ചാ പരിണാമ ദശകളില്‍ പലപ്പോഴും ആ സ്ഥാപനത്തിന്റെ മനസ് അല്ലെങ്കില്‍ സംസ്‌കാരം അതിന്റെ ദര്‍ശനങ്ങളില്‍ നിന്നും ആത്മസത്തയില്‍ നിന്നും വ്യതിചലിച്ചു പോകുന്നതായി നാം കാണാറുണ്ട്. സ്ഥാപനത്തിന്റെ ആത്മാവിന്റെയും മനസിന്റെയും സമന്വയം തൃപ്തികരമാണെങ്കിലും അതിന്റെ അടിസ്ഥാന സൗകര്യങ്ങളും പ്രോസസുകളും (ശരീരം) അപര്യാപ്ത മാണെങ്കില്‍ വേണ്ടവിധം ദര്‍ശനങ്ങളും ലക്ഷ്യങ്ങളും ഫലപ്രാപ്തിയില്‍ എത്തിക്കുന്നതില്‍ പരാജയം സംഭവിക്കും.
എങ്ങനെ ശരിയാക്കാം
ബിസിനസിന്റെ കാതലായ ദര്‍ശനങ്ങളെ കല്ലില്‍ കൊത്തിവെച്ചപോലെ കാലങ്ങളോളം നിലനിര്‍ത്തണോ? അതിനുള്ള വഴിയാണ് മിഷന്‍, വിഷന്‍ സ്റ്റേറ്റ്മെന്റുകളുടെ തയാറാക്കല്‍. ഒരു ബിസിനസിന്റെ ആത്മസത്തയായ ദര്‍ശനം (വിഷന്‍) ദൗത്യങ്ങള്‍ (മിഷന്‍) എങ്ങനെയാണ് നിര്‍വചിക്കുന്നതെന്ന് നോക്കാം.
1. വിഷന്‍ (ദര്‍ശനം)
ഒരു വിഷന്‍ സ്റ്റേറ്റ്മെന്റ് എന്നാല്‍ ഒരു സ്ഥാപനം ഭാവിയില്‍ എന്തായി തീരണമന്നാണോ, അതിന്റെ പ്രമോട്ടര്‍മാര്‍ വിഭാവനം ചെയ്യുന്നത് അതിനെ വ്യക്തമായി നിര്‍വചിക്കുന്ന ഒരു രൂപരേഖയാണ്. അത് ലളിതമായ തും ചുരുക്കിയുള്ളതും സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രചോദനം പകരുന്നതുമാകണം.
വിഷന്‍ തയാറാക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
a. ലക്ഷ്യത്തിലേക്ക് കുതിച്ചു മുന്നേറാന്‍ ഊര്‍ജവും പ്രചോദനവും വ്യക്തതയും നല്‍കുന്ന വാക്കുകളോടെ വേണം ആരംഭിക്കാന്‍. ഭാവി ലക്ഷ്യത്തിന്റെ ഒരു ഉജ്ജ്വല ചിത്രം ഉള്‍ക്കണ്ണില്‍ കാണാന്‍ ഉതകുന്ന വാക്കുകള്‍ ആയിരിക്കണം തിരഞ്ഞെടുക്കേണ്ടത്.
b. ദര്‍ശനത്തിന്റെ വിസ്തൃതിയുടെ പരിധിയും സ്വഭാവവും വ്യക്തമാക്കേണ്ടതാണ്. ര. ലക്ഷ്യം നേടാനുള്ള സമയപരിധി പ്രതിപാദിക്കുന്നത് ഉചിതമാണ്.
c പ്രസ്ഥാനത്തെ നയിക്കുന്ന കാതലായ മൂല്യങ്ങളും തത്വങ്ങളും വിഷന്‍ സ്റ്റേറ്റ്മെന്റിന്റെ ഭാഗമായി ഉള്‍ക്കൊള്ളിക്കേണ്ടതാണ്.
ആഗോളതലത്തില്‍ വളരെ ശ്രദ്ധയാര്‍ജിച്ച ചില വിഷന്‍ സ്റ്റേറ്റ്മെന്റുകള്‍ ചുവടെ ചേര്‍ക്കുന്നു. അവയുടെ സത്തയോട് നീതി പുലര്‍ത്തുന്നതിനായി തര്‍ജ്ജമ ചെയ്യാതെയാണ് കൊടുത്തിരിക്കുന്നത്.
1. Tesla: ''To create the most compelling car company of the 2ts1 century by driving the world's transition to eletcric vehicles.'
2. Google: 'To provide access to the world's information in one click.'
2. മിഷന്‍ (ദൗത്യം)
ഒരു മിഷന്‍ സ്റ്റേറ്റ്മെന്റ് ഒരു പ്രസ്ഥാനത്തിന്റെ ഉദ്ദേശ്യങ്ങള്‍, അതിന്റെ പ്രധാന പ്രവര്‍ത്തനങ്ങള്‍, ആ പ്രവര്‍ത്തനങ്ങളുടെ അനന്തര ഫലം അല്ലെങ്കില്‍ സ്വാധീനം എന്നിവയെ വ്യക്തമാക്കുന്ന ഒന്നാണ്. വിഷന്‍ സ്റ്റേറ്റ്മെന്റില്‍ വ്യക്തമാക്കിയ ലക്ഷ്യങ്ങളിലേക്കും ദര്‍ശനത്തിലേക്കും മുന്നേറാന്‍ ഉള്ള കര്‍മമാര്‍ഗത്തെ വെളിവാക്കുന്നതാണ് മിഷന്‍. ഒറ്റനോട്ടത്തില്‍ ഇവയെ സമാനമെന്ന് തോന്നാമെങ്കിലും രണ്ടും ശ്രദ്ധയോടെ വായിച്ചാല്‍ ഇവ തമ്മിലുള്ള വ്യത്യാസം നമുക്ക് മനസിലാക്കാം. ഒരു മിഷന്‍ സ്റ്റേറ്റ്മെന്റ് തയാറാക്കുമ്പോള്‍ പരിഗണിക്കേണ്ട പ്രധാന കാര്യങ്ങള്‍ ചുവടെ ചേര്‍ക്കുന്നു:
a. അടിസ്ഥാനപരമായി ഒരു കമ്പനി നിലനില്‍ക്കേണ്ടത് എന്തിനെന്നും അതിന്റെ പ്രയോജനം എന്തെന്നും വെളിവാക്കണം.
b. മേല്‍പ്പറഞ്ഞ പ്രവര്‍ത്തനങ്ങളുടെ ഗുണഭോക്താക്കള്‍ ആരെന്നുള്ളത്.
c. പ്രസ്ഥാനത്തിന്റെ കാതലായ പ്രവര്‍ത്തനരീതികളും ലക്ഷ്യത്തിലേക്ക് എത്താനുള്ള മാര്‍ഗങ്ങളും.
d. ദൈനംദിന പ്രവര്‍ത്തനങ്ങളെ വഴികാട്ടുന്ന മൂല്യങ്ങള്‍.
e. ഈ പ്രവര്‍ത്തനങ്ങളിലൂടെ സ്ഥാപനം ലക്ഷ്യമാക്കുന്ന സ്വാധീനം അല്ലെങ്കില്‍ ഫലം.
ഉദാഹരണത്തിന്:
1. Tesla: 'To accelerate the world's transition to sustainable energy.'
2. Google: 'To organize the world's information and make it universally accessible and useful.'
ഈ ഒരു ഘട്ടത്തിനുശേഷം ബിസിനസിന്റെ ഹെല്‍ത്ത് ചെക്കപ്പ് നടത്തുമ്പോള്‍ നമ്മള്‍ തീരുമാനിച്ചുറപ്പിച്ച ഓര്‍ഗനൈസേഷന്‍ സ്പിരിറ്റിനോട് (ആത്മാവ്) മറ്റു രണ്ടു പ്രധാന ഘടകങ്ങള്‍ ആയ മനസും ശരീരവും ശരിയായ നിലയില്‍ സമന്വയിക്കുന്നുണ്ടോ എന്ന് നോക്കാം. അതില്‍ കുറവുകള്‍ ഉണ്ടെങ്കില്‍ അത് മനസിലാക്കിയെടുത്ത് പരിഹരിക്കുവാന്‍ ഉള്ള നടപടികള്‍ എടുക്കേണ്ടതാണ്.
ലേഖനത്തിന്റെ തുടക്കത്തില്‍ പ്രശ്നവുമായ വന്ന ആ സംരംഭകന്റെ കമ്പനി ഇപ്പോള്‍ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ആ സംരഭകന്റെ എല്ലാ പ്രതിസന്ധികള്‍ക്കും പരിഹാരം കണ്ടെത്തിയിരുന്നു.
അതെങ്ങനെയെന്ന് അടുത്ത ലക്കങ്ങളില്‍ പറയാം.
(ഹാന്‍ഡ്‌ഹോള്‍ഡ് കണ്‍സള്‍ട്ടിംഗ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടറാണ് ലേഖകന്‍. ഇ-മെയ്ല്‍: reachus@handhold.com, www.handhold.com. ഫോണ്‍: 62386 01079)

(This article was originally published in Dhanam Magazine October 1st issue)

Tags:    

Similar News