ആറന്മുള കണ്ണാടിയെപ്പോലെയാകാന്‍ ആറന്മുള ഖാദിയും
ആറന്മുള ഖാദി സംരംഭം ആറന്മുളയിലെ 30 കുടുംബങ്ങള്‍ക്കാണ് ഉപജീവനമാര്‍ഗമായത്;
ലോക ശ്രദ്ധയാകര്‍ഷിച്ച ആറന്മുള കണ്ണാടി പോലെ ആറന്മുള ഖാദിയും ലോക ശ്രദ്ധയാകര്‍ഷിക്കുമോ? ഫാഷന്‍ ടെക്നോളജിയില്‍ പരിശീലനം ലഭിച്ച അരവിന്ദ്, ഖാദി നെയ്ത്തില്‍ വൈദഗ്ദ്ധ്യമുള്ള സഹോദരി അര്‍ച്ചന എന്നിവര്‍ ചേര്‍ന്നൊരുക്കുന്ന 'ആറന്മുള ഖാദി' വിപണി പിടിക്കാനൊരുങ്ങുകയാണ്. അച്ഛന്റെ സ്വപനം സാക്ഷാത്കരിക്കുക എന്നതാണ് ഇവരുടെ ലക്ഷ്യം.
സ്വന്തമായി നൂല്‍ ഉല്‍പാദിപ്പിച്ച്, ഖാദി തുണി നെയ്ത് തോര്‍ത്തും, മുണ്ടും പ്രീമിയം ഷര്‍ട്ടും ഈ സഹോദരങ്ങള്‍ പുറത്തിറക്കുന്നുണ്ട്. ആറന്മുള ഖാദി ബ്രാന്‍ഡില്‍ തോര്‍ത്തും മുണ്ടും സ്വന്തം ഷോറൂമിലൂടെ മാത്രമാണ് വിറ്റഴിക്കുന്നത്. തോര്‍ത്തിന് 200 രൂപ, മുണ്ടിന് 400 രൂപ മുതലാണ് വില. പ്രീമിയം ബ്രാന്‍ഡ് ഖാദി ഷര്‍ട്ടിന് 900 രൂപ മുതല്‍ 1200 രൂപ വരെ യാണ് വില. ഇവ ഖാദി കേന്ദ്രങ്ങള്‍ വഴി ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍ വില്‍ക്കുന്നുണ്ട്.
ഉപജീവനമാര്‍ഗം
ആറന്മുള ഖാദി സംരംഭം ആറന്മുളയിലെ 30 കുടുംബങ്ങള്‍ക്കാണ് ഉപജീവനമാര്‍ഗമായത്. ഖാദി കമ്മീഷന്റെ മൂന്ന് മാസത്തെ പരിശീലനം ലഭിച്ച സ്ത്രീകള്‍ ഖാദി സ്വന്തം വീടുകളില്‍ നെയ്‌തെടുക്കുന്നവയാണ് ഇവയെല്ലാം. 2001 ല്‍ അരവിന്ദിന്റെയും അര്‍ച്ചനയുടേയും അച്ഛന്‍ പോള്‍ രാജാണ് ശ്രീ ബാലാജി ഗാര്‍മെന്റ്റ്സ് എന്ന പേരില്‍ ഈ തയ്യല്‍ സംരംഭം ആരംഭിച്ചത്. 10 തറിയും, 10 ചര്‍ക്കയുമായി പ്രവര്‍ത്തനം ആരംഭിച്ച സോസൈറ്റിക്ക് 2018 ലെ പ്രളയം വില്ലനായി എത്തി. നെയ്ത്തു ശാലയും, നൂല്‍ ഉല്‍പ്പാദന യൂണിറ്റും വെള്ളം കയറി നശിച്ചു.
തുടര്‍ന്ന് കൊച്ചിന്‍ ഷിപ് യാര്‍ഡിന്റെ സഹായത്തോടെ ബിസിനസ് പുനരാരംഭിച്ചു. 2022 ല്‍ പിതാവ് പോള്‍ രാജ് അന്തരിച്ചതോടെ മക്കള്‍ ബിസ്‌നസ് ഏറ്റെടുത്തു. കര്‍ണാടക ഖാദി , കണ്ണൂര്‍ ഖാദി, ബംഗാള്‍ ഖാദി, അസാറ ഖാദി, പയ്യന്നുര്‍ ഖാദി പോലെ ആറന്മുള ഖാദിയും പ്രശസ്തിയിലേക്ക് ഉയരുമെന്ന് പ്രതീക്ഷയിലാണ് അരവിന്ദും അര്‍ച്ചനയും.