രാജ്യത്ത് വായ്പാഭാരം കൂടിനിൽക്കാൻ കാരണം കുടിശികക്കാര്‍: സൗത്ത് ഇന്ത്യന്‍ ബാങ്ക് എം.ഡി പി.ആര്‍. ശേഷാദ്രി

സര്‍ക്കാര്‍ കുടിശികക്കാരോട് വിവേകപൂർവമായ സമീപനം സ്വീകരിക്കണം

Update:2024-02-22 12:04 IST

പി.ആർ. ശേഷാദ്രി (മാനേജിംഗ് ഡയറക്റ്റർ ആൻഡ് സി.ഇ.ഒ, സൗത്ത് ഇന്ത്യന്‍ ബാങ്ക്)

കൃത്യമായി വായ്പ തിരിച്ചടയ്ക്കാത്തവരാണ് രാജ്യത്ത് വായ്പകൾ നൽകുന്നതിനുള്ള ചെലവും അതുവഴി പലിശഭാരവും ഉയർന്ന് നിൽക്കാൻ കാരണക്കാരെന്ന് സൗത്ത് ഇന്ത്യന്‍ ബാങ്ക് മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ പി.ആര്‍. ശേഷാദ്രി. കൃത്യമായി വായ്പ തിരിച്ചടയ്ക്കുന്നവർക്ക് പോലും ഇത് തിരിച്ചടി സൃഷ്ടിക്കുന്നു. കുടിശിക വരുത്തിയവരോട് കുറച്ചുകൂടി വിവേകപൂർവമായ സമീപനം സര്‍ക്കാര്‍ സ്വീകരിക്കണം. ഈ പ്രശ്‌നം പരിഹരിക്കാൻ ഇത് സഹായകമാകും. രാജ്യത്തെ ബാങ്കിംഗ് സംവിധാനം കൂടുതല്‍ കരുത്തുറ്റതാക്കാനും ഇത് വഴിവയ്ക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ധനം മാഗസിന്റെ ആഭിമുഖ്യത്തില്‍ കൊച്ചിയില്‍ സംഘടിപ്പിച്ച ബി.എഫ്.എസ്.ഐ സമ്മിറ്റില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.  
രാജ്യത്ത് എവിടെയെല്ലാം മൂലധന ലഭ്യതയ്ക്ക് മികച്ച സാധ്യതകളുണ്ടോ അവിടെയെല്ലാം സാമ്പത്തിക വളർച്ചയും ഉണ്ടായിട്ടുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കേരളം, കർണാടക, തമിഴ്നാട് എന്നിവിടങ്ങൾ കേന്ദ്രമായി സ്വകാര്യ ബാങ്കുകൾ നേരത്തേ തന്നെ പ്രവർത്തനം ആരംഭിച്ചത് ഇവിടങ്ങളിൽ സാമ്പത്തിക വളർച്ചയ്ക്ക് നിദാനമായിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സമ്മിറ്റില്‍ എല്‍.ഐ.സി എക്‌സിക്യൂട്ടീവ് ഡയറക്ടറും ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസറുമായ ആര്‍. സുധാകര്‍, മുത്തൂറ്റ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ് അലക്‌സാണ്ടര്‍ മുത്തൂറ്റ് എന്നിവരും സംസാരിച്ചു. കൊച്ചി ലെ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ രാവിലെ 9.30 മുതല്‍ വൈകിട്ട് 9.30 വരെ നടക്കുന്ന സമ്മിറ്റിലും അവാര്‍ഡ് നൈറ്റിലുമായി ബാങ്കിംഗ്, ഫിനാന്‍സ്, ഇന്‍ഷുറന്‍സ് മേഖലയില്‍ നിന്നുള്ള 20ഓളം വിദഗ്ധര്‍ പ്രഭാഷണങ്ങള്‍ നടത്തുന്നുണ്ട്.
Tags:    

Similar News