ഇന്ത്യന്‍ ഉൽപ്പന്നങ്ങൾക്ക് സ്വീകാര്യത ഏറിവരുന്ന കാലം, വിദേശത്തേക്ക് കുടിയേറണം; സംരംഭകരോട് മുഹമ്മദ് മദനി

വിദ്യാഭ്യാസത്തിനും ജോലിക്കും മാത്രമല്ലാതെ ബിസിനസിനുമായി വിദേശത്തേക്ക് കുടിയേറ്റം നടത്തേണ്ട കാലമാണിതെന്ന് എബിസി ഗ്രൂപ്പ് സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ മുഹമ്മദ് മദനി

Update:2024-10-08 14:28 IST

മലയാളികൾ സംരംഭം നടത്താൻ വിദേശത്തേക്ക് കുടിയേറ്റം നടത്തണമെന്ന് എബിസി ഗ്രൂപ്പ് സ്ഥാപകനും ചെയർമാനുമായ മുഹമ്മദ് മദനി.

16,80,000 രൂപയുമായി തുടങ്ങിയ എബിസി ഗ്രൂപ്പ് ഇന്ന് ലോകത്തെ ഒൻപത് രാജ്യങ്ങളിൽ സാന്നിധ്യം ശക്തിപ്പെടുത്തിയിരിക്കുന്നു . ഗ്രൂപ്പിന് കീഴിൽ 74 കമ്പനികൾ പ്രവർത്തിക്കുന്നു . ലോകത്ത് ഇന്ത്യൻ ഉൽപ്പന്നങ്ങൾക്കും ബിസിനസ്സുകൾക്കും സ്വീകാര്യത ഏറി വരുന്ന കാലത്ത് എബിസി ഗ്രൂപ്പ് അതിൻ്റെ യാത്ര ആരംഭിച്ചിട്ടു മാത്രമേ ഉള്ളുവെന്ന് മദനി ചൂണ്ടിക്കാട്ടി.
ഓരോ സംരംഭകർക്ക് മുന്നിലും ഇതു പോലെ അവസരങ്ങൾ തുറന്നു കിടക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. മികച്ച ടീമിൻ്റെയും സിസ്റ്റത്തിൻ്റെയും പ്രോസസിൻ്റെയും പിൻബലത്തിലാണ് എ ബിസി ഗ്രൂപ്പ് വളർന്നതെന്ന് അദ്ദേഹം പറഞ്ഞു
ധനം എം എസ് എം ഇ സമിറ്റിൽ അതിരുകളില്ലാതെ എങ്ങനെ ബിസിനസ് വളർത്താം എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

വിവിധ മേഖലകളിലെ വിദഗ്ധരുടെ സംഗമം

ബിസിനസിനെ അടുത്തതലത്തിലേക്ക് ഉയര്‍ത്താനുള്ള വഴികള്‍ ചര്‍ച്ച ചെയ്യുന്ന സമിറ്റില്‍ വിവിധ മേഖലകളിലെ പത്തിലേറെ വിദഗ്ധരാണ് പ്രഭാഷണം നടത്തുന്നത്.


തലമുറകളോളം കെട്ടുറപ്പോടെ നിലനില്‍ക്കുന്ന കുടുംബ ബിസിനസുകള്‍ കെട്ടിപ്പടുക്കാനുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്ന പാനല്‍ സെഷനാണ് സമിറ്റിലെ ഒരു പ്രധാന ആകര്‍ഷണം. ഉല്ലാസ് കമ്മത്ത് നയിക്കുന്ന ചര്‍ച്ചയില്‍ ഇവോള്‍വ് ബാക്ക് റിസോര്‍ട്‌സ് എക്‌സിക്യൂട്ടിവ് ഡയറക്റ്റര്‍ ജോസ് ടി രാമപുരം, ജയലക്ഷ്മി സില്‍ക്ക്‌സ് എക്‌സിക്യൂട്ടിവ് ഡയറക്റ്റര്‍ സുജിത് കമ്മത്ത്, എളനാട് മില്‍ക്ക് സ്ഥാപകനും എംഡിയുമായ സജീഷ് കുമാര്‍ എന്നിവര്‍ പങ്കെടുക്കും.

 ബിസിനസില്‍ പുതിയ കാര്യങ്ങള്‍ എങ്ങനെ കൊണ്ടുവരാം എന്ന വിഷയത്തെ ആസ്പദമാക്കി ബാംഗ്ലൂരിലെ ഇന്നൊവേഷന്‍ ബൈ ഡിസൈന്‍ സ്ഥാപകനും ചീഫ് ഇന്നൊവേറ്ററുമായ ഡോ. സുധീന്ദ്ര കൗശിക് സംസാരിക്കും.

കേരളത്തില്‍ നിന്ന് ലോകോത്തര കമ്പനി കെട്ടിപ്പടുത്ത ഡെന്റ്‌കെയര്‍ സ്ഥാപകനും എംഡിയുമായ ജോണ്‍ കുര്യാക്കോസ് തന്റെ സംരംഭകയാത്ര പങ്കുവെയ്ക്കും. ഒരു ബിസിനസിന്റെ വിവിധ ഘട്ടങ്ങളില്‍ ഫിനാന്‍സ് എങ്ങനെ കൈകാര്യം ചെയ്യണമെന്നത് വര്‍മ ആന്‍ഡ് വര്‍മയുടെ ജോയിന്റ് മാനേജിംഗ് പാര്‍ട്ണറും സാമ്പത്തിക വിദഗ്ധനുമായ വി സത്യനാരായണന്‍ വിശദീകരിക്കും.

ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്കും ഓഹരി വിപണിയില്‍ നിന്ന് ഫണ്ട് സമാഹരിച്ച് പരിധികള്‍ ലംഘിച്ച് വളരാം. ഇതിനെ കുറിച്ച് ആഷിഖ് ആന്‍ഡ് അസോസിയേറ്റ്‌സ് സ്ഥാപകനും മാനേജിംഗ് ഡയറക്റ്ററുമായ ഇട ആഷിഖ് എ എം സംസാരിക്കും. മുത്തൂറ്റ് ഫിന്‍കോര്‍പ് ബിസിനസ് ഡെവലപ്‌മെന്റ് ചാനല്‍ മേധാവി റോയ്‌സണ്‍ ഫ്രാന്‍സിസും ചടങ്ങില്‍ സംസാരിക്കും.

മുഖ്യാതിഥി സി. ബാലഗോപാല്‍ ഭദ്രദീപം തെളിയിച്ചതോടെയാണ് എം.എസ്.എം.ഇ സമിറ്റിന് തുടക്കമായത്. ജ്യോതിലാബ്‌സ് മുന്‍ ജോയന്റ് എം.ഡിയും ഫിക്കി കര്‍ണാടക സംസ്ഥാന കൗണ്‍സില്‍ ചെയര്‍മാനൂം യു.കെ ആന്റ് കോ സ്ഥാപകനുമായ ഉല്ലാസ് കമ്മത്ത് മുഖ്യപ്രഭാഷണം നടത്തി. കാലിക്കറ്റ് മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രസിഡന്റ് കെ. ആനന്ദമണി, ധനം ബിസിനസ് മീഡിയ ചീഫ് എഡിറ്റര്‍ കുര്യന്‍ ഏബ്രഹാം തുടങ്ങിയവര്‍ പങ്കെടുത്തു.

Tags:    

Similar News