ധനം ബിസിനസ് മീഡിയ ഏര്‍പ്പെടുത്തിയ ധനം വുമണ്‍ എന്‍ട്രപ്രണര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് നസ്‌നീന്‍ ജഹാംഗിറിന്
നെസ്റ്റ് ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടറും സി.ഇ.ഒയുമാണ് നസ്നീന്‍ ജഹാംഗിര്‍
ധനം ബിസിനസ് മീഡിയ ഏര്‍പ്പെടുത്തിയ ധനം വുമണ്‍ എന്‍ട്രപ്രണര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് 2024 നെസ്റ്റ് ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടറും സി.ഇ.ഒയുമായ നസ്നീന്‍ ജഹാംഗിറിന്. കൊച്ചി ലെ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ധനം ബിസിനസ് സമ്മിറ്റ് ആന്‍ഡ് അവാര്‍ഡ് നൈറ്റില്‍ ടാറ്റ സ്റ്റീല്‍ സി.ഇ.ഒയും മാനേജിംഗ് ഡയറക്ടറുമായ ടി.വി നരേന്ദ്രന്‍ അവാര്‍ഡ് സമ്മാനിച്ചു. വി-സ്റ്റാര്‍ ക്രീയേഷന്‍സ് സ്ഥാപകയും സി.എം.ഡിയുമായ ഷീല കൊച്ചൗസേപ്പ്, ബാങ്ക് ഓഫ് ബറോഡ സോണല്‍ ഹെഡ് ശ്രീജിത്ത് കൊട്ടാരത്തില്‍, എപിജെ സത്യ യൂണിവേഴ്സിറ്റി പ്രൊ വൈസ് ചാന്‍സലര്‍ ആദിത്യ ബെര്‍ലിയ, ധനം പബ്ലിക്കേഷന്‍സ് ചീഫ് എഡിറ്ററും മാനേജിംഗ് ഡയറക്ടറുമായ കുര്യന്‍ ഏബ്രഹാം, ധനം പബ്ലിക്കേഷന്‍സ് ഡയറക്ടറും വൈസ് പ്രസിഡന്റുമായ വിജയ് ഏബ്രഹാം തുടങ്ങിയവരും ചടങ്ങില്‍ സംബന്ധിച്ചു.
ഇന്ത്യ, യു.എസ്.എ. മിഡില്‍ ഈസ്റ്റ്, യൂറോപ്പ്, ജപ്പാന്‍ എന്നിവിടങ്ങളില്‍ സാന്നിധ്യമുള്ള ഗ്ലോബല്‍ ടെക്‌നോളജി സൊലൂഷന്‍സ് പ്രൊവൈഡറായ നെസ്റ്റ് ഡിജിറ്റലിനെ മുന്നില്‍ നിന്ന് നയിക്കുന്ന പെണ്‍കരുത്താണ് നസ്‌നീന്‍ ജഹാംഗിര്‍. നെസ്റ്റ് ഡിജിറ്റലിന്റെ സി.ഇ.ഒയും നെസ്റ്റ് ഗ്രൂപ്പിന്റെ എക്‌സിക്യൂട്ടിവ് ഡയറക്റ്ററുമായ നസ്‌നീന്റെ ശക്തമായ നേതൃത്വത്തില്‍ കമ്പനിയുടെ വരുമാനം അഞ്ചിരട്ടിയാണ് വര്‍ദ്ധിച്ചത്.
കൃത്യമായ ബിസിനസ് നിരീക്ഷണങ്ങളും ഇന്നവേറ്റീവ് സ്ട്രാറ്റജികളുമാണ് സ്ഥാപനത്തെ വളര്‍ത്താന്‍ നസ്‌നീന് തുണയായത്. ഇക്കോണമിക് ടൈംസ് വിമന്‍ എഹെഡ് ലിസ്റ്റിലെ 29 എക്‌സപ്ഷണല്‍ വിമന്‍ ലീഡേഴ്‌സില്‍ ഒരാളായിരുന്നു ഈ സംരംഭക. എന്‍ജിനീയറിംഗ് പശ്ചാത്തലത്തില്‍ നിന്നുള്ള രണ്ടാം തലമുറ സംരംഭകയായ നസ്‌നീന്റെ നേതൃത്വത്തില്‍ നെസ്റ്റ് ഡിജിറ്റല്‍ ടെക് ഇന്‍ഡസ്ട്രിയിലെ ഒരു ശക്തമായ ബ്രാന്‍ഡ് ആയി വളര്‍ന്നുകഴിഞ്ഞു.
2009ലാണ് നസ്‌നിന്‍ നെസ്റ്റ് ഡിജിറ്റലിന്റെ സി.ഇ.ഒ ആയി സ്ഥാനമേല്‍ക്കുന്നത്. ഹെല്‍ത്ത് കെയര്‍, ട്രാന്‍സ്‌പോര്‍ട്ടേഷന്‍, BFSI, GIS, ഇന്‍ഡസ്ട്രിയല്‍ & എനര്‍ജി തുടങ്ങിയ പ്രധാനമേഖലകളില്‍ നസ്‌നീന്‍ തന്ത്രപരമായ ശ്രദ്ധ കൊടുത്തതുവഴി സ്ഥാപനത്തിന് വലിയ വളര്‍ച്ച നേടാന്‍ സാധിച്ചു. നസ്‌നീന്റെ ശക്തമായ നേതൃത്വത്തില്‍ കമ്പനിക്ക് വരുമാനത്തില്‍ അഞ്ചിരട്ടി വളര്‍ച്ച നേടാനും ജീവനക്കാരുടെ എണ്ണത്തില്‍ നാലിരട്ടി വളര്‍ച്ച നേടാനും കഴിഞ്ഞു. ജിസിസി രാജ്യങ്ങള്‍, ജപ്പാന്‍ ഉള്‍പ്പടെ പുതിയ മേഖലകളിലേക്ക് പ്രവര്‍ത്തനം വിപുലീകരിക്കാന്‍ കഴിഞ്ഞതിന് പിന്നില്‍ നസ്‌നീന്റെ നേതൃത്വമികവും സമര്‍പ്പണ മനോഭാവവുമായിരുന്നു.
പ്രവര്‍ത്തനമികവിന് പൊന്‍തൂവലായി നിരവധി അംഗീകാരങ്ങളാണ് ഈ സംരംഭകയെ തേടിയെത്തിയിട്ടുള്ളത്. കേരള നാസ്‌കോം റീജിയണല്‍ കൗണ്‍സില്‍ അംഗവും ഐഐറ്റി കോട്ടയത്തിന്റെ ബോര്‍ഡ് ഓഫ് ഗവേണേഴ്‌സ് അംഗവുമാണ് നസ്‌നീന്‍.