ധനം റീറ്റെയ്ല്‍ എക്‌സലന്‍സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; കല്യാണ്‍ സില്‍ക്‌സ് ധനം റീറ്റെയ്ലര്‍ ഓഫ് ദി ഇയര്‍
ധനം റീറ്റെയ്ല്‍ സ്റ്റാര്‍ട്ടപ്പ് ഓഫ് ദി ഇയര്‍ പുരസ്‌കാരം ബിയോണ്ട് സ്നാക്കിന്
കേരളത്തിന്റെ റീറ്റെയ്ല്‍ മേഖലയിലെ ഉന്നത ബഹുമതികളിലൊന്നായ ധനം റീറ്റെയ്ല്‍ എക്‌സലന്‍സ് അവാര്‍ഡിലെ 2023 വര്‍ഷത്തെ ജേതാക്കളെ പ്രഖ്യാപിച്ചു. ധനം റീറ്റെയ്ലര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരത്തിന് കല്യാണ്‍ സില്‍ക്‌സ് തിരഞ്ഞെടുക്കപ്പെട്ടു. ധനം റീറ്റെയ്ല്‍ സ്റ്റാര്‍ട്ടപ്പ് പുരസ്‌കാരം ബിയോണ്ട് സ്നാക്കിനാണ്.
മുന്‍വര്‍ഷങ്ങളിലേതു പോലെ തന്നെ കൃത്യമായ മാനദണ്ഡങ്ങള്‍ വെച്ചുകൊണ്ട് തന്നെ പ്രമുഖര്‍ ഉള്‍പ്പെടുന്ന ജൂറിയാണ് അവാര്‍ഡ് ജേതാക്കളെ തിരഞ്ഞെടുക്കുന്നത്. നവാസ് മീരാന്‍ (ചെയര്‍മാന്‍, ഗ്രൂപ്പ് മീരാന്‍), ദീപക് അസ്വാനി (ചെയര്‍മാന്‍ & എം.ഡി, അസ്വാനി ലച്ച്മന്‍ദാസ് ഗ്രൂപ്പ്), പ്രൊഫ. ജോഷി ജോസഫ് (അസോസിയേറ്റ് പ്രൊഫസര്‍, ഐ.ഐ.എം കോഴിക്കോട്), എം ആര്‍ സുബ്രഹ്‌മണ്യന്‍ (എം.ഡി, ആഡ്ടെക് സിസ്റ്റംസ്) എന്നിവരായിരുന്നു ജൂറി അംഗങ്ങള്‍.
കല്യാണ്‍ സില്‍ക്‌സ്: മാറ്റങ്ങള്‍ക്ക് മുമ്പേ
1972ല്‍ തൃശൂര്‍ റൗണ്ടില്‍ 430 ചതുരശ്ര അടിയില്‍ നിന്ന് ടി.എസ്. പട്ടാഭിരാമന്‍ തന്റെ 21-ാമത്തെ വയസില്‍ തുടക്കമിട്ട വസ്ത്രവ്യാപാരം ഇന്ന് രാജ്യത്തെമ്പാടും വിദേശരാജ്യങ്ങളിലും വെന്നിക്കൊടി പാറിച്ചുകൊണ്ട് മുന്നേറുകയാണ്. കേരളം, തമിഴ്നാട്, കര്‍ണാടക, യു.എ.ഇ, ഒമാന്‍, ഖത്തര്‍ എന്നിവിടങ്ങളിലായി 35 ഷോറൂമുകളാണ് കല്യാണ്‍ സില്‍ക്‌സിനുള്ളത്. 5000ത്തോളം ജീവനക്കാരുമുണ്ട്. ഹൈപ്പര്‍മാര്‍ക്കറ്റ് രംഗത്തേക്ക് കൂടി പ്രവര്‍ത്തനം വ്യാപിപ്പിച്ച കല്യാണിന് കേരളത്തില്‍ അഞ്ച് ഹൈപ്പര്‍മാര്‍ക്കറ്റുകളുമുണ്ട്.
യുവസമൂഹത്തിന്റെ ഫാഷന്‍ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ അടുത്തിടെ ഫാസിയോ എന്ന പുതിയ ബ്രാന്‍ഡഡ് റീറ്റെയ്ല്‍ സ്റ്റോറും ഗ്രൂപ്പ് തൃശൂരില്‍ ആരംഭിച്ചു. കോട്ടയത്തും എറണാകുളത്തും ഫാസിയോയുടെ സ്റ്റോറുകള്‍ നാളെ (ഡിസംബര്‍ ഏഴ്) മുതല്‍ പ്രവര്‍ത്തനം തുടങ്ങും. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 50 ഫാസിയോ സ്റ്റോറുകളാണ് ഗ്രൂപ്പ് ലക്ഷ്യമിടുന്നത്.
ഷാര്‍ക്ക് ടാങ്കില്‍ നിന്ന് ഫണ്ട് നേടിയ ഉപ്പേരി!
ഷാര്‍ക്ക് ടാങ്ക് ഇന്ത്യയില്‍ നിന്ന് ആദ്യമായി ഫണ്ടിംഗ് നേടിയ കമ്പനിയാണ് ബിയോണ്ട് സ്നാക്ക്. ആലപ്പുഴക്കാരനായ മാനസ് മധു മുംബൈയിലേക്കുള്ള യാത്രയ്ക്കിടെ വാങ്ങിയ കായ ഉപ്പേരിയില്‍ നിന്നാണ് സംരംഭക ആശയം കിട്ടുന്നത്. കേരളത്തിന്റെ സ്വന്തം കായ ഉപ്പേരി ഏറ്റവും മോശം രൂപത്തില്‍ കഴിക്കാന്‍ ഇടവന്നതോടെ ഇതിനെ പുതുതലമുറയ്ക്ക് ആസ്വാദ്യകരമാകും വിധം എങ്ങനെ അവതരിപ്പിക്കാമെന്നായി മാനസ് മധുവിന്റെ ചിന്ത.
അതില്‍ നിന്നാണ് ബിയോണ്ട് സനാക്ക് എന്ന സംരംഭത്തിന്റെ പിറവി. രുചി വൈവിധ്യങ്ങളില്‍, അങ്ങേയറ്റം സ്റ്റാന്‍ഡേര്‍ഡൈസേഷനോടെ വിപണിയിലെത്തുന്ന ബിയോണ്ട് സ്നാക്കിന്റെ ചിപ്സുകള്‍ മഹാരാഷ്ട്ര, ഗുജറാത്ത്, ഡല്‍ഹി, പശ്ചിമബംഗാള്‍ എന്നിവിടങ്ങളിലെ പതിനായിരത്തിലേറെ കടകളില്‍ ലഭ്യമാണ്. മാത്രമല്ല ഇ കോമേഴ്സ് പ്ലാറ്റ്ഫോമുകളില്‍ ചൂടപ്പം പോലെ ബിയോണ്ട് സ്നാക്ക് വിറ്റഴിയുന്നു.
പൂനെ സിംബയോസിസില്‍ നിന്ന് എം.ബി.എ എടുത്ത മാനസ് മധു വിവിധ കമ്പനികളില്‍ വിവിധ റോളുകളില്‍ ജോലി ചെയ്ത ശേഷമാണ് സ്വന്തം സംരംഭം തുടങ്ങിയത്.
അവസരങ്ങളുടെ വാതില്‍ തുറന്ന് ധനം റീറ്റെയ്ല്‍ ഫ്രാഞ്ചൈസ് സമ്മിറ്റ് & അവാര്‍ഡ് നൈറ്റ് 2023