ഓഹരി നിക്ഷേപകർക്ക് മുന്നിലുള്ളത് ചരിത്രത്തിലെ ഏറ്റവും സുവർണാവസരം

കേരളത്തിലെ നിക്ഷേപ മനോഭവവും ഭാവി സാധ്യതകളും വിലയിരുത്തിയ പാനല്‍ ചര്‍ച്ച വ്യത്യസ്ത അനുഭവമായി

Update:2024-02-22 19:56 IST

ധനം ബിസിനസ് മാഗസിൻ കൊച്ചിയിൽ സംഘടിപ്പിച്ച ആറാമത് ബി.എഫ്.എസ്.ഐ സമ്മിറ്റിൽ നടന്ന പാനൽ ചർച്ച

ഓഹരി വിപണിയിൽ നിക്ഷേപിക്കുന്നവർക്ക് മുന്നിലുള്ളത് ചരിത്രത്തിലെ ഏറ്റവും മികച്ച അവസരമെന്ന് കേരളത്തിലെ ഓഹരി ബ്രോക്കിംഗ് രംഗത്തെ പ്രമുഖര്‍ ഒരേ സ്വരത്തില്‍ പറയുന്നു. ധനം ബിസിനസ് മീഡിയയുടെ ആഭിമുഖ്യത്തില്‍ കൊച്ചിയില്‍ സംഘടിപ്പിച്ച ബാങ്കിംഗ്, ഫിനാന്‍സ്, ഇന്‍ഷുറന്‍സ്, ഇന്‍വെസ്റ്റ്‌മെന്റ് രംഗത്തെ ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സംഗമമായ ധനം ബി.എഫ്.എസ്.ഐ സമ്മിറ്റില്‍ നടന്ന പാനല്‍ ചര്‍ച്ചയിലാണ് കേരളത്തിലെ ധനകാര്യ രംഗത്തെ പ്രമുഖര്‍ ഒത്തു ചേര്‍ന്നത്.

From Savings to Investments : Transforming Kerala's Mindset Towards Wealth Creation എന്ന വിഷയത്തില്‍ നടന്ന പാനല്‍ ചര്‍ച്ച നയിച്ചത് ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് ഡോ.വി.കെ. വിജയകുമാറായിരുന്നു.
ഡി.ബി.എഫ്.എസ് എം.ഡിയും സി.ഇ.ഒയുമായ പ്രിന്‍സ് ജോര്‍ജ്, അക്യുമെന്‍ ക്യാപിറ്റല്‍ മാര്‍ക്കറ്റിന്റെ എം.ഡി അക്ഷയ് അഗര്‍വാള്‍, ഹെഡ്ജ് ഗ്രൂപ്പ് ഓഫ് കമ്പനീസ് അലക്‌സ് കെ. ബാബു, അഫ്‌ളുവന്‍സ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് എം.ഡി ഷൈനി സെബാസ്റ്റ്യന്‍ എന്നിവർ ചര്‍ച്ചയില്‍ പങ്കെടുത്തു.
കേരളീയർക്ക് ഇപ്പോഴും പ്രിയം എഫ്.ഡി
കേരളത്തില്‍ ഇപ്പോഴും ഓഹരി വിപണിയിലേക്കെത്തുന്നവരുടെ എണ്ണം കുറവാണെന്നും സാമ്പത്തിക സാക്ഷരതയുടെ അഭാവമാണ് ഇതിനു കാരണമെന്നും പ്രിന്‍സ് ജോര്‍ജ് ചൂണ്ടിക്കാട്ടി. കേരളത്തില്‍ മ്യൂച്വല്‍ഫണ്ട് നിക്ഷേപത്തേക്കാള്‍ ഇപ്പോഴും ബാങ്ക് സ്ഥിര നിക്ഷേപങ്ങള്‍ക്ക് മുന്‍തൂക്കമുള്ളത് റിസ്‌ക് എടുക്കാന്‍ മലയാളികള്‍ തയ്യാറല്ല എന്നതാണ് സൂചിപ്പിക്കുന്നത്. ഒരു നിക്ഷേപകന് വേണ്ടത് ശുഭാപ്തി വിശ്വാസമാണ്. എന്നാല്‍ ഇവിടെ കൂടുതലും നെഗറ്റീവ് സമീപനമാണ് കാണാനാകുന്നത്. ഇതിന് സാമ്പത്തിക സാക്ഷരത അത്യാവശ്യമാണെന്നും പ്രിന്‍സ് ജോര്‍ജ് പറഞ്ഞു.
അതേസമയം ബാങ്കിംഗ്, ഫിനാന്‍സ് മേഖലയിലുള്ളവരാണ് ആദ്യം സാമ്പത്തിക സാക്ഷരത നേടേണ്ടതെന്നായിരുന്നു അലക്‌സ് കെ. ബാബു അഭിപ്രായപ്പെട്ടത്. ബാങ്കിംഗ് മേഖല പണ്ടു മുതലേ ശക്തമായിരുന്നൊരു സംസ്ഥാനമായിരുന്നു കേരളം. ആ വിശ്വാസത്തിലൂന്നിയ വളര്‍ച്ചയാണ് സ്ഥിര നിക്ഷേപങ്ങള്‍ ഉയര്‍ന്ന് നില്‍ക്കുന്നതിന് ഇപ്പോഴും കാരണം. നിക്ഷേപകരുടെ വിശ്വാസം നേടിയെടുക്കാന്‍ ബി.എഫ്.എസ്.ഐ സെക്ടറിനെ മൊത്തം നവീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വനിതകൾ പിന്നിൽ
വനിതകള്‍ ഇപ്പോഴും നിക്ഷേപത്തില്‍ പിന്നാലാണെന്ന ആശങ്കയാണ് ഷൈനി സെബാസ്റ്റ്യന്‍ പങ്കുവച്ചത്. പുരുഷന്മാരേക്കാള്‍ വനിതാ നിക്ഷേപകര്‍ക്കാണ് നിക്ഷേപ മേഖലയില്‍ കൂടുതല്‍ സാധ്യത. പഠിക്കാനും അതിനു വേണ്ടി സമയം ചെലവഴിക്കാനും വിലപേശാനുമൊക്കെ കൂടുതല്‍ ക്ഷമയും താത്പര്യവും അവര്‍ക്കാണുള്ളതെന്നും ഷൈനി സെബാസ്റ്റ്യന്‍ പറഞ്ഞു.
നമ്മുടെ സാഹചര്യം മനസിലാക്കിയാണ് ഏതിലാണ് നിക്ഷേപിക്കുന്നതെന്ന് തീരുമാനിക്കേണ്ടതെന്നും ചെലവഴിക്കാന്‍ സമയമുണ്ടെങ്കില്‍ ഓഹരി വിപണിയില്‍ നേരിട്ട് നിക്ഷേപിക്കാമെന്നും അല്ലാത്തവര്‍ക്ക് മ്യൂച്വല്‍ഫണ്ടുകള്‍ വഴി നിക്ഷേപിക്കാമെന്നും അക്ഷയ് അഗര്‍വാള്‍ പറഞ്ഞു.

Similar News