'കാലനെ കൈക്കൂലി കൊടുത്ത് പാട്ടിലാക്കാനാകില്ല', ഇന്‍ഷുറന്‍സ് എടുത്തേ പറ്റൂ; അനില്‍ ആര്‍. മേനോന്‍

പോളിസി നിബന്ധനകള്‍ നിർബന്ധമായും വായിക്കണം, കണ്ണുടമച്ച് ഒപ്പിടരുത്

Update:2024-02-22 16:30 IST

Anil Menon R

ജീവിതത്തിലെ അനിശ്ചിതത്വങ്ങളെ കരുതിയിരിക്കണമെന്നും ഇന്‍ഷുറന്‍സ് പരിരക്ഷ ഒഴിവാക്കി മുന്നോട്ടു പോകുന്നത് ബുദ്ധിപരമല്ലെന്നും ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്റും ബിസിനസ് സ്ട്രാറ്റജിസ്റ്റുമായ അനില്‍ ആര്‍. മേനോന്‍.

'യമരാജനെ കൈക്കൂലി കൊടുത്ത് നിങ്ങള്‍ക്ക് പാട്ടിലാക്കാനാകില്ല'. അതിനാല്‍ മുന്നോട്ടുള്ള ജീവിതം സുഗമമാക്കാനുള്ള പരിരക്ഷ ഉറപ്പു നല്‍കുന്ന പോളിസികളെടുക്കണം. ടേം ഇന്‍ഷുറന്‍സ് പോളിസികള്‍ താരതമ്യേന ചെലവ് കുറവാണ്. എന്നാല്‍ കുറഞ്ഞ പ്രീമിയം മാത്രം നോക്കിയാകരുത് പോളിസിയെടുക്കേണ്ടത്. വാര്‍ഷിക വരുമാനത്തിന്റെ 10-15 മടങ്ങെങ്കിലും സം അഷ്വേര്‍ഡ് ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണം. മാത്രമല്ല വായ്പകളുണ്ടെങ്കില്‍ അതിന്റെ തിരിച്ചടവു കൂടി കണക്കിലെടുക്കണമെന്നും അനില്‍ മേനോന്‍ പറഞ്ഞു.
ധനം ബിസിനസ് മീഡിയയുടെ ആഭിമുഖ്യത്തില്‍ കൊച്ചിയില്‍ സംഘടിപ്പിച്ച ബാങ്കിംഗ്, ഫിനാന്‍സ്, ഇന്‍ഷുറന്‍സ്, ഇന്‍വെസ്റ്റ്‌മെന്റ് രംഗത്തെ ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സംഗമമായ ധനം ബി.എഫ്.എസ്.ഐ സമ്മിറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കമ്പനികളുമായി വില പേശാം
പലപ്പോഴും പോളിസി രേഖകള്‍ വായിച്ചു മനസിലാക്കാതെ പോളിസി എടുക്കുന്നതു വഴി ക്ലെയിം നിഷേധിക്കപ്പെടാറുണ്ട്. പോളിസി ഡോക്യുമെന്റുകള്‍ വരികള്‍ക്കിടയിലൂടെ വായിക്കണം. പല നിബന്ധനകളുമുണ്ടാകും. ഇന്‍ഷുറന്‍സ് കമ്പനികളുമായി വില പേശി നമുക്ക് ആവശ്യമായ കാര്യങ്ങള്‍ ഉള്‍പ്പെടുത്തി വേണം പോളിസി അന്തിമമാക്കാന്‍. ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസികളില്‍ റൂം റെന്റ് പരിധിപോലുള്ള കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം. ഒറ്റ പോളിസികളില്‍ മാത്രമായി ഒതുങ്ങണമെന്നില്ല മള്‍ട്ടി ഇന്‍ഷുറന്‍സ് പോളിസികള്‍ പരിഗണിക്കുന്നതും അനുയോജ്യമാണ്.
കുടുംബത്തിന് വേണ്ടി പോളിസി എടുക്കുമ്പോള്‍ എം.ഡബ്ല്യു.പി (Married women's property act പ്രകാരമുള്ള Policy) പോളിസി എടുക്കണം. കാരണം ഇത്തരം പോളിസികളില്‍ പോളിസിയുടമ മരണപ്പെട്ടാല്‍ അവരുടെ ബാധ്യതകളിലേക്ക് ഇന്‍ഷുറന്‍സ് തുക മാറ്റാനാകില്ല എന്ന് നിബന്ധനയുണ്ട്. അതിനാല്‍ ഇന്‍ഷുറന്‍സ് തുക പൂര്‍ണമായും പങ്കാളിക്ക് ലഭിക്കും. അതായത് പോളിസി ഉടമയ്ക്ക് വായ്പകളോ മറ്റോ ഉണ്ടെങ്കില്‍ സാധാരണ പോളിസികളില്‍ അതുകഴിഞ്ഞുള്ള തുകയാണ് ഭാര്യക്ക് ലഭിക്കുക. അതൊഴിവാക്കാന്‍ ഇത് സഹായിക്കും.
ക്ലെയിം സെറ്റില്‍മെന്റ് റേഷ്യായാണ് (CSR) പരിഗണിക്കേണ്ട മറ്റൊരു കാര്യം. ഐ.ആര്‍.ഡി.എയുടെ വെബ്‌സൈറ്റില്‍ ലഭ്യമാണ്. മികച്ച സി.എസ്.ആര്‍ ഉള്ള ഓഹരികള്‍ തിരിഞ്ഞെടുക്കാം.
പലപ്പോഴും ഇന്‍ഷുറന്‍സ് പോളിസികളെടുത്ത് കഴിയുമ്പോഴാണ് അതിലെ തുക പോര എന്ന തോന്നല്‍ വരുന്നത്. അത്തരം സാഹചര്യങ്ങളില്‍ പുതിയ പോളിസികള്‍ എടുക്കുകയാണ് പലരും ചെയ്യുന്നത്. അതിനു പകരം നിലവിലെ ഇന്‍ഷുറന്‍സ് പോളിസികളുടെ കവറേജ് ഉയര്‍ത്താവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
Tags:    

Similar News