ഓരോ തവണ റിസർവ് ബാങ്ക് പലിശ നിരക്കിൽ കുറവ് വരുത്തുമ്പോഴും നമ്മുടെ വായ്പാ ചെലവുകളും കുറയുമെന്ന് നാം പ്രതീക്ഷിക്കാറുണ്ട്. എന്നാൽ എല്ലായ്‌പ്പോഴും അങ്ങനെയായിരിക്കില്ല കാര്യങ്ങൾ.
ഓഗസ്റ്റ് 2017 ന് ശേഷം ഇതാദ്യമായാണ് ഇന്നലെ ആർബിഐ റിപ്പോ നിരക്ക് 25 ബേസിസ് പോയ്‌ന്റ് കുറച്ചത്. ഇതിനനുസരിച്ച് വാണിജ്യ ബാങ്കുകളും പലിശ നിരക്ക് കുറക്കണമെന്നാണ് ആർബിഐയുടെ ലക്ഷ്യം.
എന്നാൽ ഈ നിരക്ക് മാറ്റത്തിന്റെ ഗുണം ഉപഭോക്താക്കൾക്ക് ലഭ്യമാകണമെങ്കിൽ കുറച്ച് കാത്തിരിക്കണമെന്നാണ് ബാങ്കുകൾ നൽകുന്ന സൂചന.
വരുന്ന ഏപ്രിൽ മാസത്തിൽ ബാങ്കുകൾ വായ്പാ പലിശ നിരക്കുകൾ കുറയ്ക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇക്കാര്യം ചർച്ച ചെയ്യാൻ ആർബിഐ ഗവർണർ ശക്തികാന്ത ദാസും ബാങ്കുകളുമായി ഈ മാസം തന്നെ യോഗം ചേരുന്നുണ്ട്.
നിക്ഷേപങ്ങൾക്ക് നൽകുന്ന പലിശ നിരക്കിൽ മാറ്റം വരുത്തിയതിന് ശേഷമേ വായ്പാ നിരക്കിൽ എന്തെങ്കിലും മാറ്റം പ്രതീക്ഷിക്കാനാകൂ. മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ഡെപ്പോസിറ്റ് ബേസ്ഡ് ലെന്റിങ് റേറ്റ് (MCLR) പ്രകാരം നിക്ഷേപ പലിശയിലാണ് ആദ്യം കുറവ് വരുത്തേണ്ടത്. ഡെപ്പോസിറ്റ് നിരക്കുകൾ മാർച്ച് മാസത്തിന് മുൻപ് പുനർനിർണയിക്കാനാവില്ല.
ആര്‍ബിഐ ബാങ്കുകള്‍ക്ക് കടം കൊടുക്കുന്ന തുകയ്ക്കുള്ള പലിശ നിരക്കാണ് റിപ്പോ. ഉപഭോക്താക്കൾക്ക് വായ്പ നല്കാൻ ആവശ്യമായ പണത്തിന്റെ ചെറിയൊരു ശതമാനം മാത്രമേ ബാങ്കുകൾ ആർബിഐയുടെ പക്കൽ നിന്ന് വാങ്ങുന്നുള്ളൂ. അതായത് റിപ്പോ സംവിധാനം അവർക്ക് അധികം ഉപയോഗിക്കേണ്ടി വരാറില്ല എന്നർത്ഥം. ബാങ്കുകൾ പണലഭ്യതയ്ക്ക് ഏറ്റവുമധികം ആശ്രയിക്കുന്നത് നിക്ഷേപങ്ങളെയാണ്. അതിനാലാണ് റിപ്പോ നിരക്ക് കുറയുന്ന ഉടനേ പലിശ നിരക്കുകൾ കുറക്കാൻ ബാങ്കുകൾ തയ്യാറാകാത്തത്.