എ.ആര്‍ റഹ്മാന്‍ എങ്ങനെയാണ് വീട്ടിലിരുന്ന് ജോലി ചെയ്യുന്നത്?

Update:2020-04-26 10:00 IST

കുളിച്ച് നല്ല വസ്ത്രം ധരിച്ച് വീട്ടിലെ ഓഫീസ് മുറിയിലേക്ക് പ്രവേശിക്കുന്ന എആര്‍ റഹ്മാനെ കാണണമെങ്കില്‍ കുടുംബാംഗങ്ങളും വസ്ത്രം മാറി വരണം. പുറത്തുള്ള ഓഫീസില്‍ വരുന്നതുപോലെ. വര്‍ക് ഫ്രം ഹോം മികച്ചതാക്കാന്‍ അദ്ദേഹത്തിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍:

രാത്രിയിലാണ് ജോലി ചെയ്യുന്നതെങ്കിലും പൈജാമയില്‍ നിങ്ങള്‍ക്ക് എആര്‍ റഹ്മാനെ കാണാനാകില്ല. ഓഫീസ് വസ്ത്രം ധരിച്ചുമാത്രമേ അദ്ദേഹം വീട്ടിലെ സ്റ്റുഡിയോയിലും പ്രവേശിക്കൂ. അഗര്‍ബത്തിയോ മെഴുകുതിരിയോ കത്തിച്ചുവെച്ച് അവിടം ഒരു ദേവാലയത്തിന്റെ പ്രതീതി സൃഷ്ടിക്കും.

ലോക്ഡൗണ്‍ സമയത്ത് പലരും 'വര്‍ക് ഫ്രം ഹോം' പ്രവര്‍ത്തനശൈലി സ്വീകരിച്ചിരിക്കുകയാണ്. എന്നാല്‍ ഉല്‍പ്പാദനക്ഷമത കുറയാതിരിക്കണമെങ്കില്‍ നിങ്ങള്‍ ഏറെ ശ്രദ്ധ പുലര്‍ത്തേണ്ടിവരും. അതിനുള്ള ഏറ്റവും മികച്ച മാര്‍ഗങ്ങളാണ് എആര്‍ റഹ്മാന്‍ പറയുന്നത്. ഗുല്‍ പനാഗ് ഇന്‍സ്റ്റാഗ്രാമില്‍ എആര്‍ റഹ്മാനുമായി നടത്തിയ ലൈവ് വീഡിയോയില്‍ നിന്നുള്ള പ്രസക്തഭാഗങ്ങള്‍:

$ മാനസികവും ശാരീരികവുമായ ആരോഗ്യം നോക്കണം

മാനസിക ആരോഗ്യത്തിന് പ്രാധാന്യം കൊടുക്കണം. നിങ്ങളുടെ മനസിനാണ് ഏറ്റവും പ്രാധാന്യം. മനസ് എപ്പോഴും ശുചിയായി സൂക്ഷിക്കുക. അല്ലെങ്കില്‍ ജോലി നന്നായി ചെയ്യാനാകില്ല. ആവശ്യത്തിന് ഉറങ്ങണം. നല്ല ഭക്ഷണം കഴിക്കണം. എന്നാല്‍ അമിതഭക്ഷണവും അരുത്.

$ ഓഫീസില്‍ പോകുന്നതുപോലെ ഒരുങ്ങുക

വൃത്തിയും ശുചിത്വവും പ്രധാനമാണ്. ഞാന്‍ കുളികഴിഞ്ഞ് വസ്ത്രം മാറിയാണ് ജോലി തുടങ്ങാറുള്ളത്. വീട്ടിലിരുന്നാണ് ജോലി ചെയ്യുന്നതെങ്കിലും വസ്ത്രം മാറണം. രാത്രിയാണ് ജോലി ചെയ്യുന്നതെങ്കിലും എന്നെയൊരിക്കലും നിങ്ങള്‍ക്ക് പൈജാമയില്‍ കാണാനാകില്ല. എനിക്ക് ചില നിയമങ്ങളുണ്ട്.

എന്റെ ഭാര്യയോ കുട്ടികളോ വീട്ടിലെ സ്റ്റുഡിയോയില്‍ വന്നാല്‍പ്പോലും എന്നെക്കാണാന്‍ ഓഫീസില്‍ വരുന്നതുപോലെ അവരും വസ്ത്രം മാറിയാണ് വരേണ്ടത്. വീടിനുള്ളിലാണെങ്കിലും നിങ്ങളുടെ വീടും വര്‍ക്‌സ്‌പേസും തമ്മിലുള്ള വ്യത്യാസം ഉണ്ടാകേണ്ടതിന് ഇത് വളരെ പ്രധാനമാണ്.

$ ദേവാലയം പോലെ സൂക്ഷിക്കുക

ജോലി ചെയ്യുന്നിടത്ത് ഒരു അഗര്‍ബത്തിയോ മെഴുകുതിരിയോ മറ്റോ കത്തിച്ചുവെക്കാന്‍ എനിക്കിഷ്ടമാണ്. ആളുകള്‍ വരുമ്പോള്‍ അവര്‍ക്ക് അതില്‍നിന്ന് ഒരു പ്രത്യേക 'വൈബ്' കിട്ടുന്നു. നിങ്ങള്‍ ജോലി ചെയ്യുന്നിടം ഒരു ദേവാലയം പോലെ തോന്നുന്നു.

$ ശ്രദ്ധ മാറ്റുന്ന ഒന്നും വേണ്ട

ഞാന്‍ ജോലി ചെയ്യുമ്പോള്‍ എന്റെ ഫോണ്‍, ഇ-മെയ്ല്‍ എല്ലാം ഓഫ് ചെയ്തുവെക്കുന്നു. എന്തിലെങ്കിലും മുഴുകിയിരിക്കുമ്പോഴായിരിക്കും നികുതി അടക്കണം എന്ന സന്ദേശം വരുന്നത്. അത് എന്റെ ശ്രദ്ധ മൊത്തത്തില്‍ മാറ്റിയേക്കാം. ഫോണില്ലാതെ നിലനില്‍ക്കാന്‍ പ്രയാസമാണെന്നറിയാം, എന്നാലും ആ ഒരു മണിക്കൂര്‍ സമയം നിങ്ങള്‍ക്ക് നിങ്ങളുടെ ആന്തരിക അവബോധത്തിലേക്ക് കടന്നുചെന്ന് ജോലിയില്‍ പൂര്‍ണ്ണമായി മുഴുകാന്‍ സാധിക്കും. അതാണ് നമുക്ക് വേണ്ടതും.

$ ദിനചര്യ ഉണ്ടാക്കുക

ഞാന്‍ നേരത്തെ പറഞ്ഞ രീതി പിന്തുടരുക. ജോലി പൂര്‍ത്തിയാക്കിക്കഴിയുമ്പോള്‍ നിങ്ങളുടെ ആളുകളിലേക്ക് നിങ്ങള്‍ക്ക് മടങ്ങിച്ചെല്ലാം. എങ്കില്‍ നിങ്ങളെ എപ്പോള്‍ ബുദ്ധിമുട്ടിക്കരുതെന്ന് അവര്‍ക്ക് കൃത്യമായി മനസിലാകും.

ഒരു ദിനചര്യ വളരെ ആവശ്യമാണ്. എന്റെ കുട്ടികള്‍ ചെറുതായിരുന്നപ്പോള്‍ ഇത് വളരെ ബുദ്ധിമുട്ടായിരുന്നു. എന്റെ മകള്‍ റഹീമ വന്ന് എന്റെ എല്ലാ സംഗീതോപകരണങ്ങളിലും കംപ്യൂട്ടറിലുമൊക്കെ കളിക്കുമായിരുന്നു. ഇപ്പോള്‍ ഞങ്ങള്‍ അതൊക്കെ ഓര്‍ത്ത് ചിരിക്കും.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News