തേങ്ങ വിപണി പിടിച്ചടക്കി കര്‍ണാടകയും തമിഴ്‌നാടും, വില കുതിച്ചുയര്‍ന്നപ്പോള്‍ കേരള കര്‍ഷകര്‍ക്ക് നിരാശ മാത്രം; കേരം തിങ്ങും നാടിനു എന്ത് പറ്റി?

കേരളത്തിന്റെ തനതു കൃഷിയായ തെങ്ങ്‌, ഉത്പാദനത്തിലും ആവശ്യകത നിറവേറ്റുന്നതിലും പിന്നോക്കം പോകുമ്പോൾ, കര്‍ണാടകയും തമിഴ്‌നാടും നേട്ടങ്ങള്‍ കൈവരിക്കുന്നു;

Update:2025-01-08 11:22 IST
ഒരുകാലത്ത് വിഭവ സമൃദ്ധമായിരുന്നു കേരളത്തിലെ തെങ്ങ് കൃഷി. ഏക്കറുകളോളം നീണ്ടുകിടക്കുന്ന തെങ്ങിന്‍ തോട്ടങ്ങളും തേങ്ങാ മാര്‍ക്കറ്റുമെല്ലാം ഇപ്പോള്‍ പക്ഷേ ഓര്‍മകള്‍ മാത്രമാണ്. തേങ്ങ കയറ്റുമതി നടത്തിയിരുന്ന കാലംമാറി. മലയാളിക്കിപ്പോള്‍ കറിക്ക് അരയ്ക്കണമെങ്കില്‍ അതിര്‍ത്തി കടന്ന് തേങ്ങ എത്തേണ്ട അവസ്ഥ.
തെങ്ങുകൃഷി നഷ്ടമായിരുന്നു അടുത്ത കാലം വരെ. മുമ്പ് ഈ രംഗത്തുണ്ടായിരുന്ന പലരും കൃഷി ഉപേക്ഷിച്ചു. മൂന്ന് ലക്ഷത്തിലധികം പേര്‍ തെങ്ങുമായി ബന്ധപ്പെട്ട മേഖലയില്‍ ജോലി ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ കഥയാകെ മാറി. അടുത്ത കാലം വരെ തേങ്ങയ്ക്ക് നിസാര വിലയായിരുന്നു കിട്ടിയിരുന്നത്. കേന്ദ്ര സര്‍ക്കാര്‍ എണ്ണ ഇനങ്ങളുടെ ഇറക്കുമതി തീരുവ ഉയര്‍ത്തിയതോടെ കേരകര്‍ഷകരുടെ സമയം തെളിഞ്ഞു, പക്ഷേ നേട്ടം കര്‍ണാടകയിലെയും തമിഴ്‌നാട്ടിലെയും കര്‍ഷകര്‍ കൊണ്ടുപോയെന്ന് മാത്രം.

തേങ്ങാവിലയില്‍ കുതിച്ചുചാട്ടം

ഉത്പാദനം കുറയുകയും ആവശ്യം വര്‍ധിക്കുകയും ചെയ്തതോടെ പച്ചത്തേങ്ങ വില കുതിച്ചുകയറിയിരിക്കുകയാണ്. ഏഴു വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് നിലവില്‍ നാളികേരം, കിലോയ്ക്ക് 60 രൂപയ്ക്ക് മുകളിലാണ് ഹോള്‍സെയില്‍ വില. കടയില്‍ നിന്ന് വാങ്ങുമ്പോള്‍ ഇത് പിന്നെയും ഉയരും. കഴിഞ്ഞ വേനലില്‍ ഉത്പാദനം നാലിലൊന്നായി കുറഞ്ഞതും എണ്ണവില ഉയര്‍ന്നതുമാണ് തേങ്ങാവില കൂടാന്‍ കാരണമെന്ന് ഇടുക്കി ചേലച്ചുവട് ആസ്ഥാനമായി ഹോള്‍സൈയില്‍ തേങ്ങാ വ്യാപാരം നടത്തുന്ന സോബിന്‍ തോമസ് ധനംഓണ്‍ലൈനോട് പറഞ്ഞു. കേരളത്തില്‍ മുമ്പേ ലഭ്യത കുറവുണ്ടായിരുന്നു, എന്നാലിപ്പോള്‍ തമിഴ്‌നാട്ടില്‍ നിന്നും കാര്യമായ ലോഡ് വരുന്നില്ലെന്നാണ് സോബിന്‍ പറയുന്നത്.

പിന്തള്ളി കര്‍ണാടകയും തമിഴ്‌നാടും

ഒരു കാലത്ത് കേരളത്തിന്റെ കുത്തകയായിരുന്നു തേങ്ങയും അനുബന്ധ മേഖലകളും. എന്നാല്‍ മാറിമാറി വന്ന സര്‍ക്കാരുകള്‍ തെങ്ങ്കൃഷിക്ക് കാര്യമായ പരിഗണന നല്‍കാതായതോടെ കര്‍ഷകര്‍ക്കും താല്പര്യം നഷ്ടമായി. തെങ്ങുകളെ ബാധിക്കുന്ന രോഗങ്ങളും മറ്റും വര്‍ധിച്ചതോടെ കൃഷി തന്നെ നഷ്ടമായി. ഇതോടെ കേരളത്തില്‍ നിന്ന് തെങ്ങുകള്‍ പതിയെ അപ്രത്യക്ഷമായി തുടങ്ങി.
രാജ്യത്ത് തേങ്ങ ഉത്പാദനത്തില്‍ നിലവില്‍ മൂന്നാം സ്ഥാനത്താണ് കേരളം. 2017-18 സാമ്പത്തികവര്‍ഷം 845.2 കോടി തേങ്ങയാണ് കേരളത്തിന് ഉത്പാദിപ്പിക്കാനായത്. എന്നാല്‍ ഓരോ വര്‍ഷവും ഉത്പാദനം കുറയുന്നതിനാണ് പിന്നീടുള്ള വര്‍ഷങ്ങള്‍ സാക്ഷ്യംവഹിച്ചത്. 2023-24 വര്‍ഷത്തെ ഉത്പാദനം 564.7 കോടിയില്‍ ഒതുങ്ങുന്നു. കേവലം അഞ്ചുവര്‍ഷം കൊണ്ട് 300 കോടിക്കടുത്താണ് ഉത്പാദനത്തിലുണ്ടായ കുറവ്. മറ്റ് സംസ്ഥാനങ്ങള്‍ തേങ്ങ ഉത്പാദനത്തില്‍ മുന്നോട്ടു പോകുമ്പോഴാണ് കേരളത്തിന്റെ പിന്‍നടപ്പ്.

 ഉത്പാദനത്തില്‍ മാത്രമല്ല കൃഷി ചെയ്യുന്ന സ്ഥലത്തിന്റെ അളവിലും ഓരോ വര്‍ഷവും കുറവു വരുന്നുണ്ട്. 2000ല്‍ 9.25 ലക്ഷം ഹെക്ടറില്‍ കേരളത്തില്‍ നാളികേര കൃഷിയുണ്ടായിരുന്നു. ഇപ്പോള്‍ 7.59 ലക്ഷം ഹെക്ടറിലേക്ക് അത് ഒതുങ്ങി. 2017ല്‍ 8.07 ഹെക്ടറിലായിരുന്നു കൃഷി ഉണ്ടായിരുന്നത്. ആറു വര്‍ഷം കൊണ്ട് 48,000 ഹെക്ടറില്‍ കൃഷി ഇല്ലാതായി.
രാജ്യത്ത് തേങ്ങ ഉത്പാദനത്തില്‍ ഇപ്പോള്‍ മുന്നിലുള്ളത് കര്‍ണാടകയും തമിഴ്‌നാടുമാണ്. കഴിഞ്ഞ സാമ്പത്തികവര്‍ഷം കര്‍ണാടകയുടെ തേങ്ങ ഉത്പാദനം 726 കോടിയാണ്. തമിഴ്‌നാടിന്റേത് 578 കോടിയും. ഈ സംസ്ഥാനങ്ങള്‍ തേങ്ങ ഉത്പാദനത്തില്‍ ഓരോ വര്‍ഷം കഴിയുന്തോറും വലിയ കുതിപ്പാണ് നടത്തുന്നത്.

എന്തുകൊണ്ട് തമിഴ്‌നാടും കര്‍ണാടകയും

ഒരുകാലത്ത് നാളികേര കൃഷിയില്‍ വലിയ തലയെടുപ്പൊന്നും ഇല്ലാത്ത സംസ്ഥാനമായിരുന്നു തമിഴ്‌നാട്. എന്നാല്‍ സര്‍ക്കാര്‍ പിന്തുണയില്‍ പടിപടിയായി തെങ്ങ് തമിഴ്‌നാട്ടുകാരുടെ ജീവിതത്തിന്റെ ഭാഗമാകുന്നതിനാണ് കഴിഞ്ഞ പതിറ്റാണ്ട് സാക്ഷ്യം വഹിച്ചത്. തരിശായി കിടക്കുന്ന സ്ഥലങ്ങളില്‍ കൃഷി വ്യാപിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ നാളികേര കൃഷിക്ക് അവര്‍ വലിയ പ്രാധാന്യം നല്‍കി.
കര്‍ഷകരെ സഹായിക്കുന്നതിനായി പലവിധത്തിലുള്ള പദ്ധതികളും തമിഴ്‌നാട് സര്‍ക്കാര്‍ നടപ്പിലാക്കുന്നുണ്ട്. തെങ്ങില്‍ നിന്നും തേങ്ങയില്‍ നിന്നുമുള്ള വിവിധയിനം മൂല്യവര്‍ധക ഉത്പന്നങ്ങള്‍ നിര്‍മിക്കുന്നതിന് സര്‍ക്കാര്‍ തലത്തില്‍ വലിയ പിന്തുണയാണ് നല്‍കുന്നത്. കര്‍ഷകരെ സഹായിക്കുന്നത് റേഷന്‍ കടകളിലൂടെ വെളിച്ചെണ്ണ വിതരണം ചെയ്യാനുള്ള നീക്കങ്ങളും തമിഴ്‌നാട് നടത്തുന്നുണ്ട്.

വ്യത്യസ്തതയാണ് പ്രധാനം

തമിഴ്‌നാട്ടിലെ കര്‍ഷകര്‍ സന്ദര്‍ഭത്തിനനുസരിച്ച് ഉത്പാദനത്തിലും വിളവെടുപ്പിലും മാറ്റം കൊണ്ടുവരും. അതുതന്നെയാണ് അവരുടെ വിജയരഹസ്യവും. കരിക്കിന് ഡിമാന്‍ഡുള്ള വേനല്‍ക്കാലത്ത് അതിര്‍ത്തി കടന്ന് നിരവധി കരിക്കിന്‍ ലോഡുകളാണ് കേരളത്തിലേക്ക് എത്തുന്നത്. കുറഞ്ഞ നിരക്കില്‍ കേരളത്തിലെ ഇടനിലക്കാര്‍ക്കും വഴിയോര കച്ചവടക്കാര്‍ക്കും കരിക്ക് എത്തിച്ചു കൊടുക്കാനും തമിഴ്‌നാട്ടില്‍ ആളുണ്ട്.
വെളിച്ചെണ്ണ വില കൂടിയതോടെ തമിഴ്‌നാട്ടിലെ കര്‍ഷകര്‍ കരിക്കായി വില്ക്കുന്നതിന് താല്പര്യക്കുറവ് കാണിക്കുന്നുണ്ടെന്ന് കരിക്ക് മൊത്ത വിതരണക്കാരനായ ഇടുക്കി കുമളി സ്വദേശി സുജിത്ത് സുധാകരന്‍ ധനംഓണ്‍ലൈനോട് പറഞ്ഞു. പാമോയില്‍ ഉള്‍പ്പെടെയുള്ള എണ്ണകളുടെ ഇറക്കുമതിക്ക് കേന്ദ്രം നികുതി വര്‍ധിപ്പിച്ചതിന് പിന്നാലെ തമിഴ്‌നാട്ടില്‍ നിന്നെത്തുന്ന കരിക്കിന്റെ ലഭ്യത കുറഞ്ഞെന്നും അദ്ദേഹം പറയുന്നു.
തമിഴ്‌നാട്ടില്‍ കോയമ്പത്തൂര്‍ ജില്ലയിലാണ് തേങ്ങ ഉത്പാദനം കൂടുതല്‍. കേരളത്തിലേക്ക് തേങ്ങ വരുന്നതിലേറെയും പൊള്ളാച്ചിയില്‍ നിന്നാണ്. നാമക്കല്‍. ദിണ്ഡിഗല്‍, തേനി എന്നിവിടങ്ങളിലും തെങ്ങ് കൃഷി ഏറെയാണ്. തെങ്ങിന്‍തോട്ടങ്ങള്‍ വര്‍ധിച്ചതോടെ ചകിരിയില്‍ നിന്ന് ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന ചെറുകിട യൂണിറ്റുകളും ഇവിടങ്ങളില്‍ വര്‍ധിച്ചിട്ടുണ്ട്.

നീര എവിടെ ?

സംസ്ഥാന സര്‍ക്കാര്‍ കൊട്ടിഘോഷിച്ച് നടപ്പിലാക്കിയ പദ്ധതിയായിരുന്നു നീര. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന 2014ലാണ് പദ്ധതി ആവിഷ്‌കരിക്കുന്നത്. തുടക്കത്തില്‍ നല്ലരീതിയില്‍ മുന്നോട്ടു പോയെങ്കിലും മാറിമാറി വന്ന സര്‍ക്കാരുകള്‍ ഈ രംഗത്തേക്ക് വന്ന സംരംഭകരെ നിലയില്ലാക്കയത്തിലേക്കാണ് തള്ളിയിട്ടത്. തെങ്ങില്‍ നിന്ന് മൂല്യവര്‍ധിത ഉത്പന്നം ഉണ്ടാക്കുന്നതിലൂടെ കര്‍ഷകര്‍ക്ക് വലിയ വരുമാനം ലഭിക്കുമായിരുന്ന പദ്ധതിയാണ് ഇച്ഛാശക്തിയില്ലാത്തതിനാല്‍ പാതിയില്‍ അസ്തമിച്ചത്.
50000 കോടി വിറ്റ് വരവ് പ്രതീക്ഷിച്ച പദ്ധതി നടപ്പാക്കുന്നതിലൂടെ സംസ്ഥാനത്തിന്റെ വരുമാനത്തില്‍ വന്‍ കുതിപ്പുണ്ടാവുമെന്നും കേരകര്‍ഷകരുടെ ദുരിതത്തിന് പരിഹാരമാവുമെന്നായിരുന്നു പ്രതീക്ഷ. നീരയുടെ ഉത്പാദനത്തിനും വിപണനത്തിനുമായി 12 കമ്പനികളും 260 ഫെഡറേഷനുകളും ചേര്‍ന്ന് കണ്‍സോര്‍ഷ്യം രൂപീകരിച്ചു. 5,800 ഓളം സൊസെറ്റികള്‍ രജിസ്റ്റര്‍ ചെയ്തു.
നീരയുടെ ഉപോല്‍പ്പന്നങ്ങളായി ശര്‍ക്കരപ്പാവും, തെങ്ങിന്‍ പഞ്ചസാരയും, സിറപ്പും, തേനും, ഹല്‍വയുമെല്ലാം നിര്‍മിക്കാന്‍ പദ്ധതിയുണ്ടായിരുന്നു. കര്‍ഷകന് തെങ്ങ് ഒന്നിന് പ്രതിമാസം 1500 രൂപ വരുമാനം ലഭിക്കുമെന്നായിരുന്നു സര്‍ക്കാര്‍ വാദം. തുടക്കത്തില്‍ എല്ലാം നല്ലരീതിയില്‍ പോയെങ്കിലും പിന്നീട് താളംതെറ്റി. നീരയ്ക്കായി വലിയ പ്രൊജക്ടുകളുമായെത്തിയ സംരംഭകര്‍ പലരും ഇന്ന് കടക്കെണിയിലാണ്. തെങ്ങ് ചതിക്കില്ലെന്നാണ് പഴമൊഴിയെങ്കിലും കേരളത്തിലെ കര്‍ഷകരുടെ അനുഭവം നേരെ തിരിച്ചാണെന്നതാണ് സത്യം.
Tags:    

Similar News