33 ശതമാനം ഭക്ഷണം പാഴാകുന്നു; തടയാനുള്ള പദ്ധതിയുമായി സൗദി സര്‍ക്കാര്‍; സര്‍വെക്ക് തുടക്കം

ഒരാള്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 250 കിലോ ഭക്ഷണം;

Update:2025-01-08 20:44 IST

Image: Canva

ഭക്ഷ്യവസ്തുക്കള്‍ പാഴാക്കി കളയുന്നത് കുറക്കാനുള്ള പദ്ധതികളുമായി സൗദി സര്‍ക്കാര്‍. രാജ്യത്ത് മൊത്തം ലഭ്യമായ ഭക്ഷണത്തിന്റെ 33 ശതമാനം പാഴാകുന്ന അവസ്ഥ മാറ്റാനാണ് സര്‍ക്കാര്‍ മുന്നോട്ടു വരുന്നത്. ആദ്യ ഘട്ടത്തില്‍ വിവിധ തലങ്ങളില്‍ സര്‍വെ തുടങ്ങി. ജനറല്‍ ഫുഡ് സെക്യൂരിറ്റി അതോറിറ്റിയുടെ നേതൃത്വത്തിലാണ് രാജ്യത്താകമാനം പഠനം നടക്കുന്നത്. വിഷന്‍ 2030 പദ്ധതിയുടെ ഭാഗമായി രാജ്യത്ത് ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ശ്രമത്തിലാണ് സൗദി സര്‍ക്കാര്‍. അഞ്ചു വര്‍ഷം മുമ്പ് ഈ മേഖലയില്‍ സര്‍ക്കാര്‍ സര്‍വെ നടത്തിയിരുന്നു. 33 ശതമാനം ഭക്ഷ്യവസ്തുക്കള്‍ പാഴായി പോകുന്നതായാണ് അന്ന് കണ്ടെത്തിയത്. തുടര്‍ന്ന് ജനങ്ങള്‍ക്കിടയില്‍ ബോധവല്‍ക്കരണം വ്യാപകമാക്കി. രണ്ടാം ഘട്ടമെന്ന നിലയിലാണ് പുതിയ സര്‍വെ നടത്തുന്നത്. ഭക്ഷ്യ വസ്തുക്കളുടെ ഉല്‍പ്പാദനം, വില്‍പ്പന ശൃംഖല, ഗതാഗതം, സ്റ്റോറേജ്, വിതരണം, ഉപയോഗം തുടങ്ങി വിവിധ മേഖലകളില്‍ ഭക്ഷ്യവസ്തുക്കള്‍ കൈകാര്യം ചെയ്യുന്ന രീതിയാണ് പരിശോധിക്കുന്നത്.

പാഴാകുന്നത് 40 ലക്ഷം ടണ്‍

പ്രതിവര്‍ഷം 40 ലക്ഷം ടണ്‍ ഭക്ഷണം പാഴാകുന്നുണ്ടെന്നാണ് 2019 ല്‍ സൗദി ഗ്രെയിന്‍സ് ഒര്‍ഗനൈസേഷന്‍ (sago) നടത്തിയ പഠനത്തില്‍ കണ്ടെത്തിയത്. ഏതാണ്ട് 92 കോടി രൂപയുടെ നഷ്ടമാണ് ഇതുവഴിയുണ്ടാകുന്നത്. ആഗോള തലത്തില്‍ പ്രതിവര്‍ഷം ഒരാള്‍ പാഴാക്കുന്ന ഭക്ഷണത്തിന്റെ അളവ് 115 കിലോയാണ്. സൗദി അറേബ്യയില്‍ ഇത് 250 കിലോയാണ്. പ്രധാനമായും പച്ചക്കറിയും മാംസങ്ങളുമാണ് പാഴാകുന്നത്. ഉരുളക്കിഴങ്ങ്, തക്കാളി, സവാള, വെള്ളരി തുടങ്ങി വിവിധ ഇനങ്ങള്‍ വലിയ തോതില്‍ പാഴാകാറുണ്ട്. മൈദ, ബ്രെഡുകള്‍, അരി, മാംസങ്ങള്‍, മല്‍സ്യം എന്നിവയും പട്ടികയിലുണ്ട്.

ലക്ഷ്യം 10 ശതമാനം കുറക്കല്‍

2030 ആകുമ്പോഴേക്കും ഭക്ഷണത്തിന്റെ പാഴാക്കല്‍ 10 ശതമാനമെങ്കിലും കുറക്കാനാകുമെന്നാണ് സര്‍ക്കാര്‍ കണക്കാക്കുന്നത്. സര്‍വെയില്‍ നിന്ന് ലഭിക്കുന്ന ഡാറ്റയുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ഇടപടലുകള്‍ക്കുള്ള മുന്‍ഗണനാ മേഖലകള്‍ നിര്‍ണയിക്കും. ഉല്‍പ്പാദന, വിതരണ ശൃംഖലകളിലെ പ്രധാന കമ്പനികളെ കൂടി സഹകരിപ്പിച്ചാണ് പദ്ധതി നടപ്പാക്കുന്നതെന്ന് ജനറല്‍ ഫുഡ് സെക്യൂരിറ്റി മേധാവി അഹമ്മദ് അല്‍ ഫാരിസ് പറഞ്ഞു.

Tags:    

Similar News