₹32,700 കോടി ചെലവ്! ചെന്നൈ നഗരത്തിലെ രണ്ടാമത്തെ വിമാനത്താവളം ഉടന്‍, എതിര്‍പ്പുമായി നടന്‍ വിജയ് അടക്കം വമ്പന്മാര്‍

ചെന്നൈയിലേത് അടക്കം രാജ്യത്തെ മൂന്ന് വിമാനത്താവളങ്ങള്‍ക്ക് തത്വത്തില്‍ അനുമതി നല്‍കാന്‍ കേന്ദ്രം;

Update:2025-01-09 11:49 IST

image credit : canava , X , Narendra Modi

ചെന്നൈ നഗരത്തിലെ പരന്തൂരില്‍ പുതിയ വിമാനത്താവളത്തിന് കേന്ദ്രസര്‍ക്കാര്‍ വൈകാതെ അനുമതി നല്‍കുമെന്ന് റിപ്പോര്‍ട്ട്. ചെന്നൈ നഗരത്തിലെ രണ്ടാമത്തെ വിമാനത്താവളമാണിത്. ബംഗളൂരുവിന് സമീപം ഹുസൂറില്‍ വിമാനത്താവളം സ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങള്‍ തമിഴ്‌നാട് തുടരുന്നതിനിടെയാണ് കേന്ദ്രനീക്കം. രാജസ്ഥാനിലെ കോട്ട, ഒഡിഷയിലെ പുരി എന്നിവിടങ്ങളിലും പുതിയ വിമാനത്താവളത്തിന് തത്വത്തിലുള്ള അനുമതി നല്‍കിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

32,704 കോടി ചെലവ്

കാഞ്ചീപുരം ജില്ലയില്‍ 13 വില്ലേജുകളിലെ 2,171 ഹെക്ടര്‍ ഭൂമിയിലാണ് 32,704 കോടി രൂപ ചെലവഴിച്ച് പുതിയ വിമാനത്താവളം വിഭാവനം ചെയ്തിരിക്കുന്നത്. നാല് ഘട്ടമായാണ് നിര്‍മാണം. മൂന്ന് ടെര്‍മിനലുകളുണ്ടാകും. കാര്‍ഗോ കൈകാര്യം ചെയ്യാന്‍ ആധുനിക രീതിയിലുള്ള കാര്‍ഗോ വില്ലേജ് അടക്കമാണ് പുതിയ വിമാനത്താവള പദ്ധതി ഒരുങ്ങുന്നത്. നിലവില്‍ ചെന്നൈ വിമാനത്താവളം വഴി ദിവസേന 65,000 പേര്‍ യാത്ര ചെയ്യുന്നുണ്ടെന്നാണ് കണക്ക്. പുതിയ വിമാനത്താവളം വരുന്നതോടെ കൂടുതല്‍ പേര്‍ക്ക് വിമാനയാത്ര സാധ്യമാകും. പ്രതിവര്‍ഷം 10 കോടി പേര്‍ക്ക് യാത്ര ചെയ്യാവുന്ന വിധത്തിലാണ് പുതിയ വിമാനത്താവളം ഒരുക്കുന്നത്.

എതിര്‍പ്പുമായി നടന്‍ വിജയ് അടക്കം വമ്പന്‍മാര്‍

കൃഷിഭൂമിയടക്കം ഏറ്റെടുത്ത് നടത്തുന്ന പദ്ധതിക്കെതിരെ ഏറെക്കാലമായി പ്രദേശവാസികള്‍ സമരം ചെയ്യുന്നുണ്ട്. അനുമതി ലഭിച്ചാലും പ്രദേശവാസികളുടെ എതിര്‍പ്പിനെ മറികടക്കുക എം.കെ സ്റ്റാലിന്‍ സര്‍ക്കാരിന് വെല്ലുവിളിയാകും. അടുത്തിടെ നടന്‍ വിജയ് രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച വേളയില്‍ ഉയര്‍ത്തിയ പ്രധാന മുദ്രാവാക്യങ്ങളിലൊന്ന് പരന്തൂര്‍ വിമാനത്താവള പദ്ധതിയുമായി ബന്ധപ്പെട്ടായിരുന്നു. പദ്ധതി ഇക്കാര്യത്തില്‍ വലിയ രാഷ്ട്രീയ ചര്‍ച്ചകളും തമിഴകത്ത് അരങ്ങേറുന്നുണ്ട്. സംസ്ഥാനത്തിന്റെ വികസനത്തിന് ആവശ്യമായ പദ്ധതിയാണെന്നും വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും ഒരു വിഭാഗം ആവശ്യപ്പെടുമ്പോള്‍ കര്‍ഷകരെ കുടിയൊഴിപ്പിക്കുന്ന നിര്‍മാണം വേണ്ടെന്നാണ് ഒരു വിഭാഗം ആവശ്യപ്പെടുന്നുണ്ട്. പദ്ധതിക്ക് വേണ്ടി വലിയ തോതില്‍ കൃഷി ഭൂമി നികത്തണമെന്നും മരങ്ങള്‍ മുറിക്കണമെന്നും ഇത് പ്രകൃതിയെ വലിയ രീതിയില്‍ ബാധിക്കുമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

രണ്ടെണ്ണത്തിന് കൂടി അനുമതി

ചെന്നൈയിലേതിന് പുറമെ രാജസ്ഥാനിലെ കോട്ട, ഒഡീഷയിലെ പുരി എന്നിവിടങ്ങളിലും പുതിയ വിമാനത്താവളം ഉയരുമെന്നാണ് റിപ്പോര്‍ട്ട്. കോട്ടയില്‍ നിലവിലുള്ള വിമാനത്താവളത്തിന് പകരമായാണ് പുതിയത് വരുന്നത്. തീര്‍ത്ഥാടക നഗരമായ പുരിയിലേത് ഭുവനേശ്വറിനെ കൂടി ലക്ഷ്യം വച്ചിട്ടുള്ളതാണ്. ഇവക്ക് തത്വത്തിലുള്ള അനുമതി ഉടനുണ്ടാകും. തുടര്‍ന്ന് ഡി.പി.ആര്‍ തയ്യാറാക്കലിലേക്കും പദ്ധതിയുടെ മറ്റ് നടപടികളിലേക്കും കടക്കാനാകും. നിലവില്‍ ഇന്ത്യയില്‍ 159 വിമാനത്താവളങ്ങള്‍ ഉണ്ടെന്നാണ് കണക്ക്.
Tags:    

Similar News