വീട്ടിലിരുന്നും ജോലി ചെയ്യാം; റിമോട്ട് വര്‍ക്കിന് പച്ചകൊടി കാട്ടി അബുദബി ഗ്ലോബല്‍ മാര്‍ക്കറ്റ്

മാറ്റങ്ങള്‍ ഏപ്രില്‍ ഒന്ന് മുതല്‍;

Update:2025-01-09 20:22 IST

യുഎഇയിലെ തൊഴില്‍ മേഖലയില്‍ വലിയ മാറ്റങ്ങള്‍ക്ക് ഇടയാക്കാവുന്ന പുതിയ നിയമവുമായി അബുദബിയിലെ പ്രമുഖ ധനകാര്യ ഏജന്‍സിയായ അബുദബി ഗ്ലോബല്‍ മാര്‍ക്കറ്റ്. രാജ്യ തലസ്ഥാനത്തെ സാമ്പത്തിക നിയമങ്ങളെ നിയന്ത്രിക്കുന്ന ഗ്ലോബല്‍ മാര്‍ക്കറ്റിന്റെ രജിസ്‌ട്രേഷന്‍ അതോരിറ്റിയാണ് പുതിയ ചട്ടങ്ങള്‍ പ്രഖ്യാപിച്ചത്. ഗ്ലോബല്‍ മാര്‍ക്കറ്റിന്റെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്ക് യുഎഇക്ക് പുറത്തും ജീവനക്കാരെ റിമോട്ട് വര്‍ക്കിംഗ് സംവിധാനത്തില്‍ നിയമിക്കാമെന്നതാണ് ചട്ടങ്ങളില്‍ പ്രധാനം. യുഎഇയില്‍ ജോലി ചെയ്യുന്നവരുടെ അതേ രീതിയിലുള്ള നിയമനമാണ് ഈ ജീവനക്കാര്‍ക്കും നല്‍കുക. തൊഴില്‍ നിയമങ്ങള്‍ അനുസരിച്ചുള്ള ആനുകൂല്യങ്ങള്‍ ലഭിക്കും. ഇതിനായി തൊഴില്‍ ചട്ടങ്ങളില്‍ തൊഴിലാളി എന്ന വാക്കിന്റെ നിര്‍വചനം മാറ്റും.

മാറ്റങ്ങള്‍ ഏപ്രില്‍ 1 മുതല്‍

ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ഫ്രീസോണുകളില്‍ ഒന്നാണ് അബുദബി ഗ്ലോബല്‍ മാര്‍ക്കറ്റ്. ബഹുരാഷ്ട്ര ബാങ്കുകള്‍ ഉള്‍പ്പടെയുള്ള ധനകാര്യ സ്ഥാപനങ്ങള്‍ യുഎയഇയില്‍ പ്രവര്‍ത്തിക്കുന്നത് ഗ്ലോബല്‍ മാര്‍ക്കറ്റിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് അനുസരിച്ചാണ്. പുതിയ തൊഴില്‍ ചട്ടം ഏപ്രില്‍ ഒന്ന് മുതലാണ് നിലവില്‍ വരികയെന്ന് ഗ്ലോബല്‍ മാര്‍ക്കറ്റ് വക്താവ് പറഞ്ഞു. മാറ്റങ്ങള്‍ക്കനുസരിച്ചുള്ള ക്രമീകരണങ്ങള്‍ നടത്തുന്നതിന് തൊഴിലുടമകള്‍ക്ക് സമയം അനുവദിക്കുന്നതിന് വേണ്ടിയാണ് ഇത്.

വര്‍ക്ക് കോണ്‍ട്രാക്ടില്‍ മാറ്റം വരും

പുതിയ ചട്ടങ്ങള്‍ക്കനുസരിച്ച് ജീവനക്കാരുടെ വര്‍ക്ക് കോണ്‍ട്രാക്ടില്‍ മാറ്റങ്ങള്‍ വരും. യുഎഇ തൊഴില്‍ നിയമങ്ങള്‍ക്ക് അനുസരിച്ച് സ്വന്തം നാട്ടില്‍ ജോലി ചെയ്യുന്നവരായി ജീവനക്കാര്‍ മാറും. ജോലിക്കാവശ്യമായ ഉപകരണങ്ങള്‍ കമ്പനികള്‍ നല്‍കണം. റിമോട്ട് സംവിധാനത്തിലാണ് ജീവനക്കാരുള്ളതെന്ന് തൊഴില്‍ കോണ്‍ട്രാക്ടില്‍ രേഖപ്പെടുത്തും. ഇത്തരം ജീവനക്കാര്‍ക്കും റെസിഡന്‍സ് വിസ, എമിറേറ്റ്‌സ് ഐഡി എന്നിവ കമ്പനികളുടെ ചിലവില്‍ നല്‍കാവുന്നതാണെന്നും പുതിയ ചട്ടം പറയുന്നു.

Tags:    

Similar News