റേഷന്‍ മസ്റ്ററിംഗ് നടത്താത്ത 14 ലക്ഷം പേര്‍, കണ്ടെത്താന്‍ റേഷനിംഗ് ഇന്‍സ്‌പെക്ടര്‍മാര്‍ വീടുകളിലേക്ക്
നാട്ടിലുണ്ടായിരുന്നിട്ടും മസ്റ്ററിംഗ് പൂര്‍ത്തിയാക്കാത്തവര്‍ക്ക് നോട്ടീസ് നല്‍കാനാണ് തീരുമാനം;
കേരളത്തില്‍ റേഷന്‍ കാര്‍ഡ് മുന്‍ഗണന വിഭാഗത്തിലുള്ളവരില്‍ മസ്റ്ററിംഗ് നടത്താന്‍ ബാക്കിയുള്ളത് 14 ലക്ഷത്തോളം പേര്‍. മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡുകളിലായിട്ടാണ് ഇത്രയും പേര്‍ മസ്റ്ററിംഗ് പൂര്‍ത്തിയാക്കാനുള്ളത്. ഇരു കാര്‍ഡിലുമായി ആകെയുള്ളത് 1.48 കോടി അംഗങ്ങളാണുള്ളത്. ഇതില്‍ 1.34 കോടി പേരാണ് ഇതുവരെ മസ്റ്ററിംഗ് നടത്തിയത്. 90.64 ശതമാനം പേരുടെ മസ്റ്ററിംഗാണ് പൂര്‍ത്തിയായത്. മസ്റ്ററിംഗ് ബാക്കിയുള്ളവരുടെ കാര്യത്തില്‍ നടപടികള്‍ വേഗത്തിലാക്കാന്‍ ഭക്ഷ്യ പൊതുവിതരണവകുപ്പ് നടപടി തുടങ്ങി.
ബാക്കിയുള്ളവര്‍ കേരളത്തിലില്ല?
മസ്റ്ററിംഗ് നടത്താതിരിക്കുന്നവരിലേറെയും കേരളത്തില്‍ ഇല്ലെന്നാണ് ഭക്ഷ്യപൊതുവിതരണ വകുപ്പിന്റെ വിലയിരുത്തല്‍. പഠനത്തിനും ജോലിക്കുമായി ഇതര സംസ്ഥാനങ്ങളിലും വിദേശ രാജ്യങ്ങളിലും പേയവരാകാം മസ്റ്ററിംഗ് നടത്താതിരിക്കുന്നതെന്നാണ് കരുതുന്നത്. മസ്റ്ററിംഗ് നടപടികള്‍ വേഗത്തിലാക്കാന്‍ റേഷനിംഗ് ഇന്‍സ്‌പെക്ടര്‍മാര്‍ വീടുകളിലെത്തി നേരിട്ട് പരിശോധന നടത്താനും കാരണം കണ്ടെത്താനും വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. നാട്ടിലുണ്ടായിരുന്നിട്ടും മസ്റ്ററിംഗ് പൂര്‍ത്തിയാക്കാത്തവര്‍ക്ക് നോട്ടീസ് നല്‍കാനാണ് തീരുമാനം.
കഴിഞ്ഞ സെപ്റ്റംബറിലാണ് റേഷന്‍ കാര്‍ഡ് മസ്റ്ററിംഗ് കേരളത്തില്‍ ആരംഭിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരമാണിത്. ഡിസംബര്‍ വരെയായിരുന്നു സമയം അനുവദിച്ചിരുന്നത്. എന്നാല്‍ മസ്റ്ററിംഗ് പൂര്‍ത്തിയാകാത്ത പശ്ചാത്തലത്തില്‍ ഇപ്പോഴും തുടരുന്നുണ്ട്. റേഷന്‍ കടകളിലെ ഇ പോസ് യന്ത്രങ്ങളില്‍ വിരല്‍ പതിപ്പിച്ചോ താലുക്ക് സപ്ലൈ ഓഫീസുകളിലെത്തി ഐറിസ് സ്‌കാനര്‍ സംവിധാനം വഴിയോ മേരാ ഇകൈവസി എന്ന ഫേസ് ആപ്പ് വഴിയോ മസ്റ്ററിംഗ് നടത്താം.