കേരളത്തിലേക്ക് വരുന്ന പ്രവാസികള്‍ അറിയാന്‍... പ്രവാസി സംരംഭകരുടെ നീറുന്ന അനുഭവങ്ങള്‍
ഇതൊരു കഥയല്ല, എന്റെ സുഹൃത്തിന്റെ അനുഭവമാണ്. അദ്ദേഹം ഏറെ പ്രതീക്ഷകളോടെയാണ് നാട്ടിലേക്ക് വന്നത്. സ്ട്രക്ചറല്‍ എന്‍ജിനീയറിംഗില്‍ ഏറെ അനുഭവസമ്പത്തുള്ള വ്യക്തിയായിരുന്നു അദ്ദേഹം. ഇവിടത്തെ പ്രശ്‌നങ്ങളൊന്നും അദ്ദേഹത്തിന് അറിയില്ല. ചെലവും ചെറിയൊരു ലാഭവുമൊക്കെ കണക്കാക്കി എസ്റ്റിമേറ്റ് എടുത്ത് കൊടുത്തു. അദ്ദേഹത്തിന് ഒരു നല്ല പ്രോജക്റ്റ് ലഭിക്കുകയും ചെയ്തു.
പക്ഷെ പണി തുടങ്ങിക്കഴിഞ്ഞപ്പോഴാണ് പ്രതീക്ഷിക്കാത്ത നിരവധി പ്രശ്‌നങ്ങളും ചെലവുകളും വരുന്നത്. വലിയൊരു സ്റ്റീലിന്റെ സ്ട്രക്ചര്‍ വെക്കാന്‍ അദ്ദേഹം ക്രെയ്ന്‍ വിളിച്ചു. അത് വന്ന് കഴിഞ്ഞപ്പോള്‍ അവിടെ യൂണിയന്റെ ആറ് ആളുകളുണ്ടായിരുന്നു. ഇത് വന്നാല്‍ തങ്ങള്‍ക്ക് പണിയില്ലാതാകുമെന്നും ഞങ്ങള്‍ക്ക് കൂലി വേണമെന്നും ആറ് പേരും പറഞ്ഞു. ആറ് പേരെ ജോലിക്കെടുത്ത് ദിവസം 1200 രൂപ വീതം കൂലി കൊടുത്തുകൊണ്ടിരുന്നു. അവര് വെറുതെ വന്ന് ഭിത്തിയില്‍ ചാരിനില്‍ക്കുകയേയുള്ളു. ഒരു പണിയും ചെയ്യില്ല. ക്രെയ്‌നിനുള്ള ചെലവ് വേറെ.
ഇവിടെയെല്ലാവരും കൈക്കൂലി കൊടുക്കാനുള്ളതും യൂണിയന്‍കാര്‍ക്ക് കൊടുക്കാനുള്ളതുമെല്ലാം ചെലവിലേക്ക് കൂട്ടിയാണ് എസ്റ്റിമേറ്റ് കൊടുക്കുന്നത്. പക്ഷെ അത് അദ്ദേഹത്തിനറിയില്ലല്ലോ. അങ്ങനെ അദ്ദേഹം വലിയ നഷ്ടത്തിലായി. ഒടുവില്‍ കമ്പനി പൂട്ടി, കടക്കെണിയിലായി കരഞ്ഞുകൊണ്ട് അദ്ദേഹം തിരിച്ചുപോയി.
എന്റെ അനുഭവം
25 വര്‍ഷമായി ഓട്ടോമാറ്റിക് ഗ്യാരേജ് ഡോര്‍ മേഖലയിലാണ് ഞാന്‍ ജോലി ചെയ്തിരുന്നത്. 20 വര്‍ഷം കഴിഞ്ഞപ്പോള്‍ തന്നെ അത്തരത്തിലൊരു ബിസിനസ് ഇവിടെ ചെയ്യണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. കാരണം നിരവധി ഡോറുകള്‍ ഞങ്ങളുടെ കമ്പനി കേരളത്തിലേക്ക് അയച്ചുകൊടുത്തിരുന്നു. സ്വാഭാവികമായും ഇവിടെ അത്തരത്തിലൊരു സ്ഥാപനം തുടങ്ങണമെന്ന മോഹം എനിക്കുണ്ടായി. എന്റെ അത്രയും കാലത്തെ അനുഭവസമ്പത്തും വൈദഗ്ധ്യവും ഉപയോഗിക്കാമെന്ന വളരെ പ്രതീക്ഷയോടെയാണ് ഞാനും വന്നത്.
ബിസിനസ് തുടങ്ങി അവിടത്തേതുപോലെ എല്ലാക്കാര്യങ്ങളിലും പ്രൊഫഷണലിസം പുലര്‍ത്താന്‍ ഞാന്‍ തുടക്കത്തില്‍ ശ്രമിച്ചു. സമയനിഷ്ഠ കൃത്യമായി പാലിക്കുകയും മറ്റുള്ളവരെ അതിന് നിര്‍ബന്ധിക്കുകയും ചെയ്തു. അതുകണ്ടപ്പോള്‍ തന്നെ എന്റെ സഹോദരന്മാര്‍ 'ചേട്ടന്റെ ഈ രീതി ഇവിടെ നടക്കില്ല' എന്ന് എന്നെ താക്കീത് ചെയ്തു. ആദ്യത്തെ ഒന്നുരണ്ടു വര്‍ഷം പ്രതീക്ഷിച്ചതുപോലെ കാര്യങ്ങളൊന്നും നടന്നില്ല. പതിയെ ഞാന്‍ ഇവിടത്തെ സംവിധാനങ്ങള്‍ക്കനുസരിച്ച് മാറുകയായിരുന്നു.
എന്നിട്ടും നിരവധി പ്രശ്‌നങ്ങളുണ്ടായി. ഡോറുമായി വളരെ ദൂരെയുള്ള സൈറ്റിലേക്ക് പോകുമ്പോഴായിരിക്കും യൂണിയന്‍കാര്‍ പ്രശ്‌നമുണ്ടാക്കുന്നത്. ചോദിക്കുമ്പോള്‍ ഇവര്‍ പറയും, ''ഇത് കേരളമാണ്, ഇവിടെ ഇങ്ങനെയാണ് ഭായ്.'' ഒരു ജോലിപരിചയവുമില്ലാത്ത യൂണിയന്‍ വര്‍ക്കേഴ്‌സിനെയും ജോലിക്ക് കയറ്റാതെ പണി തുടങ്ങാന്‍ പറ്റുകയില്ല.
എല്ലാം കഴിഞ്ഞ് പണി തുടങ്ങുമ്പോഴായിരിക്കും വൈദ്യുതി പോകുന്നത്. അതോടെ ആ ദിവസത്തെ പണിമുടങ്ങി. അങ്ങനെ നിരവധി പ്രശ്‌നങ്ങളെ അഭിമുഖീകരിച്ചാണ് മുന്നോട്ടുപോകുന്നത്. ഇതൊന്നും ഇവിടേക്ക് വരുന്ന പ്രവാസികള്‍ക്ക് അറിയില്ല. കാരണം അവര്‍ ഇതിന് മുമ്പ് ഇത്തരം പ്രശ്‌നങ്ങള്‍ അഭിമുഖീകരിച്ചിട്ടില്ലല്ലോ.
വിദേശരാജ്യങ്ങളില്‍ നിന്ന് തിരിച്ചുവരുന്ന പ്രവാസികള്‍ പൊസിറ്റീവ് മനോഭാവത്തോടെയും പ്രതീക്ഷയോടെയുമാണ് വരുന്നത്. വിദേശരാജ്യങ്ങളില്‍ വര്‍ഷങ്ങളായി ജോലി ചെയ്തിരുന്നവരുടെ മനോഭാവം വളരെ വ്യത്യാസമുണ്ട്. മികച്ച പ്രൊഫഷണല്‍ അന്തരീക്ഷത്തില്‍ ജോലിയോ ബിസിനസോ ചെയ്തുവന്നവര്‍ക്ക് ഇവിടത്തെ പ്രശ്‌നങ്ങളും ബുദ്ധിമുട്ടുകളും അവര്‍ക്ക് അറിയില്ല. പ്രശ്‌നങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്നും അറിയില്ല. അവരുടെ മനോഭാവം കൊണ്ടുതന്നെ പരാജയപ്പെടാനുള്ള സാധ്യത ഏറെയാണ്. കാര്യങ്ങള്‍ വിചാരിക്കുന്നതുപോലെ നടക്കാതെ വരുമ്പോള്‍ ബിസിനസിലേക്ക് നിക്ഷേപിച്ച കോടികള്‍ വെള്ളത്തിലാവുകയും ബാങ്ക് വായ്പ പെരുകുകയും ചെയ്യുന്നു.
വാഗ്ദാനങ്ങളില്‍ വിശ്വസിക്കല്ലേ...
നിരവധി മോഹനവാഗ്ദാനങ്ങള്‍ കണ്ടായിരിക്കും പ്രവാസികള്‍ അവിടത്തെ നല്ല ജോലിയും സൗകര്യങ്ങളുമെല്ലാം ഉപേക്ഷിച്ച് ഇവിടേക്ക് വരുന്നത്. ഇവിടെ വന്നുകഴിയുമ്പോള്‍ ഒന്നും ഉണ്ടാകില്ലെന്ന് മാത്രമല്ല, കുറ്റം കണ്ടെത്താന്‍ നിരവധിപ്പേരുണ്ടാകും. ഞാന്‍ ഡോര്‍ കൊണ്ടുവരുന്നത് ചൈനയില്‍ നിന്നാണ്. ചില ഉദ്യോഗസ്ഥര്‍ക്ക് (എല്ലാവരും അല്ല കെട്ടോ) നമ്മളെ സഹായിക്കണമെന്ന് യാതൊരു ഉദ്ദേശവുമില്ല. എങ്ങനെയെങ്കിലും സംരംഭകന്റെ തെറ്റുകള്‍ കണ്ടുപിടിക്കുക എന്ന ലക്ഷ്യമേയുള്ളു.
എനിക്ക് ഒരുപാട് ഉദ്ദാഹരണങ്ങള്‍ പറയാനുണ്ട്. എന്റെ സംരംഭം തുടങ്ങി എട്ട് വര്‍ഷങ്ങള്‍ കഴിയുന്നു. ഇപ്പോഴും ഞാന്‍ നിലനില്‍പ്പിനായി ഏറെ ബുദ്ധിമുട്ടുകയാണ്. ഈ മേഖലയില്‍ എന്റെയത്ര എക്‌സ്പീരിയന്‍സുള്ളവര്‍ ഇന്ത്യയില്‍ കാണില്ല. ചൈനയില്‍ നിന്ന് ഡോര്‍ ഇറക്കുമതി ചെയ്ത് കസ്റ്റംസ് ഓഫീസിലെത്തുമ്പോള്‍ തുടങ്ങുന്നു പ്രശ്‌നങ്ങള്‍. ആദ്യം ഉദ്യോഗസ്ഥര്‍. അതിനുശേഷം അവിടെനിന്ന് ഉല്‍പ്പന്നം ഗോഡൗണില്‍ എത്തിക്കുമ്പോള്‍ യൂണിയന്‍കാരുടെ പ്രശ്‌നങ്ങള്‍. പിന്നാലെ നമ്മള്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത നിരവധി പ്രശ്‌നങ്ങള്‍.
ലക്ഷങ്ങള്‍ നഷ്ടപ്പെട്ടു
യു.എ.ഇയില്‍ ആയിരുന്ന കാലത്ത് ഞങ്ങള്‍ 50 പേര്‍ ചേര്‍ന്ന് ആലുവയ്ക്കടുത്ത് ഒരു ഡ്രൈക്ലീനിംഗ് കമ്പനി തുടങ്ങി. 15 കൊല്ലം മുമ്പ്. മന്ത്രി വന്ന് ഉദ്ഘാടനം ചെയ്ത് വളരെ കെങ്കേമമായി സ്ഥാപനം തുടങ്ങി. പക്ഷെ അതിനുശേഷം അവിടെ നിരവധി പ്രശ്‌നങ്ങളുണ്ടായി. ആരോ പരാതി കൊടുത്ത് ഇലക്ട്രിസിറ്റി ഓഫീസില്‍ നിന്ന് ഉദ്യോഗസ്ഥര്‍ വന്നപ്പോള്‍ ഞങ്ങള്‍ പവര്‍ മിച്ചമെടുത്തുവെന്ന് ആരോപിച്ചു. പക്ഷെ അങ്ങനെ ചെയ്തിട്ടില്ല. എന്നിട്ടും നാല് ലക്ഷത്തോളം രൂപ പിഴയിട്ടു. അതിനെതിരെ കേസിന് പോയി. അതിനുശേഷം ജീവനക്കാരുടെ ഭാഗത്തുനിന്നുള്ള പ്രശ്‌നങ്ങള്‍. ആദ്യത്തെ മാനേജര്‍ ഇവിടത്തെ ഉപഭോക്താക്കളെ കൊണ്ടുപോയി സ്വന്തമായി ബിസിനസ് തുടങ്ങി. പിന്നീട് വന്ന മാനേജറാകട്ടെ കമ്പനിയിലെ മെഷീന്‍ പുറത്തുകൊണ്ടുപോയി വിറ്റു. ഒടുവില്‍ കമ്പനി പൂട്ടി. ഇപ്പോഴും ആ സ്ഥലവും കെട്ടിടവും വെറുതെ കിടക്കുകയാണ്. എല്ലാവര്‍ക്കും അതില്‍ ലക്ഷങ്ങള്‍ നഷ്ടപ്പെട്ടു.
അതുകൊണ്ട് ഇവിടേക്ക് വരുന്ന പ്രവാസി സുഹൃത്തുക്കളോട് എനിക്ക് പറയാനുള്ള ചില കാര്യങ്ങള്‍:
1. സര്‍ക്കാരിന്റെ വാഗ്ദാനങ്ങള്‍ പ്രശംസനീയമാണ്. പക്ഷെ അത് പൂര്‍ണ്ണമായും വിശ്വസിച്ച് പ്രവാസികള്‍ നാട്ടിലേക്ക് വിമാനം കയറരുത്. ഇവിടത്തെ പ്രശ്‌നങ്ങളും സങ്കീര്‍ണ്ണതകളും നന്നായി പഠിച്ച്, മികച്ച രീതിയില്‍ ഗൃഹപാഠം ചെയ്തു മാത്രമേ ബിസിനസിലേക്ക് ഇറങ്ങാവൂ.
2. പ്രവാസികളുടെ മനോഭാവം മാറ്റാതെ ഇവിടെ വിജയിക്കാനാകില്ല. ഇവിടെ ബിസിനസ് തുടങ്ങാന്‍ വരുന്ന പ്രവാസികള്‍ അവരുടെ സ്വഭാവവും മനോഭാവവും വിമാനത്തില്‍ കയറും മുമ്പ് മാറ്റിയിരിക്കണം.
3. എങ്ങനെയും കുറ്റങ്ങള്‍ കണ്ടുപിടിച്ച് കുഴപ്പമുണ്ടാക്കി മടക്കുക എന്നതാണ് ഇവിടത്തെ മിക്ക ഉദ്യോഗസ്ഥരുടെയും മനോഭാവം. ചെറിയൊരു കാര്യത്തിന് പോലും ഓഫീസുകള്‍ കയറിയിറങ്ങി ചെരുപ്പ് തേയും.
4. വലിയ സ്വപ്‌നങ്ങള്‍ കാണണമെന്നാണ് മഹാന്മാര്‍ പറയുന്നത്. എന്നാല്‍ വന്‍ പ്രതീക്ഷകളുമായി ഇങ്ങോട്ട് വരരുത്.
5. അറിയാവുന്ന മേഖലയിലേ കൈവെക്കാവൂ. മറ്റൊരാള്‍ വിജയിച്ചു എന്നുപറഞ്ഞ് അത് അനുകരിച്ചോ അല്ലെങ്കില്‍ മറ്റൊരാള്‍ നല്ലതാണെന്ന് പറഞ്ഞതിന്റെ പേരിലോ എടുത്തുചാടി ബിസിനസ് തുടങ്ങരുത്. ബിസിനസ് തുടങ്ങുന്നതിന് മുമ്പ് അറിവുള്ളവരുമായി കണ്‍സള്‍ട്ട് ചെയ്ത് തെറ്റുകള്‍ ഒഴിവാക്കുക.
6. നല്ലതുപോലെ അറിയാവുന്നവരുമായി മാത്രമേ പാര്‍ട്ണര്‍ഷിപ്പ് ബിസിനസ് തുടങ്ങാവൂ. നിങ്ങളുടെ മനോഭാവവുമായി ചേരുന്നവരുമായി വേണം ബിസിനസ് പങ്കാളിത്തത്തിലേര്‍പ്പെടാന്‍.
7. മറുനാടന്‍ മലയാളികള്‍ അദ്ധ്വാനശീലരാണ്. പക്ഷെ ഇവിടെ അങ്ങനെയാകണമെന്നില്ല. ഇവിടുള്ളവര്‍ക്ക് ജോലി ചെയ്യാനല്ല, മറ്റുള്ളവരേക്കൊണ്ട് ജോലി ചെയ്യിക്കാനാണ് കൂടുതല്‍ മിടുക്ക് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.
8. വിദേശത്ത് എട്ട് മണിക്കൂര്‍ കൊണ്ട് ചെയ്യുന്ന ജോലി ഇവിടെ 20 മണിക്കൂറെടുക്കും എന്ന് മനസിലാക്കി ചിലവും സമയവും കണക്കാക്കുക.
9. ഇവിടെ ഒരു ജോലിയും കൃത്യസമയത്ത് തീരുമെന്ന് ഉറപ്പുപറയാനാകില്ല. കാരണം തൊഴിലാളികള്‍ പറഞ്ഞ സമയത്ത് വരുമെന്ന് യാതൊരു ഉറപ്പുമില്ല. അടിക്കടി ഉണ്ടാകുന്ന ഹര്‍ത്താലുകളും സമരങ്ങളും മൂലം ഉദ്ദേശിക്കുന്നതുപോലെ കാര്യങ്ങള്‍ നടക്കണമെന്നുമില്ല. വൈദ്യുതി തടസങ്ങളും ഇവിടത്തെ സ്ഥിരം പ്രശ്‌നമാണ്.
10. ബിസിനസ് തുടങ്ങുന്നതിന് കാലതാമസം ഉണ്ടായാലും അതിന് ആവശ്യമായ അനുമതികളെല്ലാം നേരത്തെ തന്നെ വാങ്ങിവെക്കുക.
11. വിദേശത്തെ നിയമവും ചിട്ടയും കരാറും പേയ്‌മെന്റ് വ്യവസ്ഥകളുമൊന്നും ഇവിടെ ചെലവാകില്ല. ചെറിയ ജോലിക്ക് പോലും നാല് പേജ് കരാര്‍ ഉണ്ടാക്കുന്ന വിദേശമലയാളികളുണ്ട്. അതില്‍ അണുവിട മാറ്റം ഉണ്ടായാല്‍ പേയ്‌മെന്റ് തരാതിരിക്കുന്ന മനുഷ്യത്വരഹിതമായ സ്വഭാവം പലരും കാണിക്കാറുണ്ട്.
12. തിരിച്ചുവരുന്ന പരിചയസമ്പന്നരായ തൊഴിലാളികള്‍ക്ക് കേരളത്തില്‍ നല്ല അവസരമുണ്ട്. എന്നാല്‍ ഇവിടെ വന്ന് എന്ത് ജോലിയും ചെയ്യാനുള്ള സന്നദ്ധതയും മനസും ഉണ്ടാകണം. വിദേശത്തെ സൗകര്യങ്ങളും ശമ്പളവുമൊന്നും പ്രതീക്ഷിക്കരുത്. നിലനില്‍പ്പാണ് വലുതെന്ന് മനസിലാക്കുക.
(സെനിത്ത് എന്ന ബ്രാന്‍ഡില്‍ ഓട്ടോമാറ്റിക് ഗരാജ് ഡോറുകള്‍ വില്‍ക്കുന്ന പ്രൈം ഓട്ടോമേറ്റഡ് ഡോര്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെ എക്‌സിക്യൂട്ടിവ് ഡയറക്റ്ററാണ് ലേഖകന്‍)
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline