ജി.എസ്.ടി വിഹിതം കുറയ്ക്കാന്‍ കേന്ദ്ര നീക്കം; കേരളത്തിന്റെ ലക്ഷ്യങ്ങള്‍ പാളും, കടം ഏറും

Update:2020-07-29 12:25 IST

സംസ്ഥാനങ്ങള്‍ക്കുള്ള ജിഎസ്ടി വിഹിതം വെട്ടിക്കുറയ്‌ക്കേണ്ടിവരുമെന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാട് കേരളത്തിന് പുതിയ തലവേദനയാകും.കോവിഡ് പ്രതിസന്ധി മറികടക്കാനുള്ള പ്രഖ്യാപനങ്ങളും തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടു രൂപം നല്‍കിയ സാമൂഹിക ക്ഷേമ പരിപാടികളും നടപ്പാക്കണമെങ്കില്‍ അമിതമായി കടമെടുക്കേണ്ടിവരുന്ന സാഹചര്യമാണ് സംസ്ഥാനം നേരിടുന്നത്.

വരുമാനം പങ്കിടലുമായി ബന്ധപ്പെട്ട നിലവിലെ സൂത്രവാക്യം അനുസരിച്ച് സംസ്ഥാനങ്ങളുടെ ജിഎസ്ടി വിഹിതം നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിന് കഴിയില്ലെന്ന് ധനകാര്യ സെക്രട്ടറി അജയ് ഭൂഷണ്‍ പാണ്ഡെ ചൊവ്വാഴ്ച നടന്ന യോഗത്തില്‍ ധനകാര്യ പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റിയെ അറിയിച്ചിരുന്നു.വരുമാന ശേഖരണം ഒരു പരിധിക്ക് താഴെയാണെങ്കില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനുള്ള സൂത്രവാക്യം പുനര്‍നിര്‍മ്മിക്കാന്‍ ജിഎസ്ടി നിയമത്തില്‍ വ്യവസ്ഥയുണ്ടെന്ന് പാണ്ഡെ ചൂണ്ടിക്കാട്ടി.

ലോക്ഡൗണിനുശേഷം ആദ്യമായി യോഗം ചേര്‍ന്ന ധനകാര്യ പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി യോഗത്തില്‍ ഇക്കാര്യങ്ങളെക്കുറിച്ചും പകര്‍ച്ചവ്യാധി മൂലം വന്‍ തിരിച്ചടി നേരിട്ട നിലവിലെ സമ്പദ്വ്യവസ്ഥയെക്കുറിച്ചും വ്യക്തമായി ചര്‍ച്ച ചെയ്യാത്തതില്‍  എംപിമാരായ മനീഷ് തിവാരി, അംബിക സോണി, ഗൗരവ് ഗോഗോയ്, പ്രഫുല്‍ പട്ടേല്‍ എന്നിവര്‍ പ്രതിഷേധം രേഖപ്പെടുത്തി. നിലവിലെ സൂത്രവാക്യം പരിഷ്‌കരിക്കുന്നതിന് ജിഎസ്ടി കൗണ്‍സില്‍ ജൂലൈയില്‍ യോഗം ചേരുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതുവരെ യോഗം നടന്നിട്ടില്ല.കേന്ദ്ര വിഹിതം സംബന്ധിച്ച് യാതൊരു ഉറപ്പും സംസ്ഥാനങ്ങള്‍ക്കു ലഭിക്കാത്ത സ്ഥിതിയാണുണ്ടായിട്ടുള്ളത്.

സംസ്ഥാനങ്ങള്‍ക്ക് 2019-20 സാമ്പത്തിക വര്‍ഷത്തെ ജിഎസ്ടി നഷ്ടപരിഹാര കുടിശികയിനത്തില്‍ 13806 കോടി കഴിഞ്ഞ ദിവസം അനുവദിച്ചെങ്കിലും ഇനിയുള്ള കാര്യത്തില്‍ വലിയ പ്രതീക്ഷ വേണ്ടെന്ന സൂചനയാണ് അജയ് ഭൂഷണ്‍ പാണ്ഡെ നല്‍കിയത്. കേരളത്തിന് 8111 കോടി ഈ ഇനത്തില്‍ കേന്ദ്ര വിഹിതം ലഭിക്കും.അതേസമയം, ഇനിയും 5200 കോടി രൂപ കിട്ടാനുണ്ട്.

ജിഎസ്ടി യിലേക്ക് മാറുന്നതിന്റെ ഭാഗമായി വരുമാനനഷ്ടം ഉണ്ടാവുന്ന സാഹചര്യത്തില്‍ ആദ്യ 5 വര്‍ഷം ആ നഷ്ടം എത്രയാണോ അത് കേന്ദ്ര സര്‍ക്കാര്‍ നല്‍കണമമെന്നാണു വ്യവസ്ഥ. ജിഎസ്ടി വരുമാനത്തില്‍ 14% എങ്കിലും വളര്‍ച്ച രേഖപ്പെടുത്തിയില്ല എങ്കില്‍ വരുന്ന വരുമാന നഷ്ടം ആണ് കേന്ദ്ര സര്‍ക്കാര്‍ ഇപ്രകാരം ആദ്യ 5 വര്‍ഷം നല്‍കുന്നത്.അരുണ്‍ ജെയ്റ്റ്‌ലി ധനമന്ത്രി ആയിരുന്ന സമയത്ത് സംസ്ഥാനങ്ങള്‍ക്ക് കൊടുത്ത വാഗ്ദാനം ആയിരുന്നു ഇത്.

പണം ഇല്ലെങ്കില്‍ കടം എടുത്ത് എങ്കിലും കുടിശിക നല്‍കണമെന്ന് സംസ്ഥാനം കേന്ദ്ര ധനമന്ത്രാലയത്തൊട് ആവശ്യപ്പെട്ടിരുന്നു.കഴിഞ്ഞ ജൂണുമായി താരതമ്യപ്പെടുത്തുമ്പോള്‍ ജിഎസ്ടിയില്‍ കഴിഞ്ഞമാസം 455 കോടി വരുമാനം കേരളത്തില്‍ കുറഞ്ഞു. ഈ സാഹചര്യത്തിലാണ് കേന്ദ്രധന മന്ത്രാലയത്തോട്് കുടിശിക ആവശ്യപ്പെട്ടത്. സംസ്ഥാനം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടാന്‍ കുടിശിക തന്നു തിര്‍ത്തേ മതിയാകൂ എന്നാണ് സംസ്ഥാനം വ്യക്തമാക്കിയ നിലപാട്. സംസ്ഥാനത്തിന്റെ നികുതി വരുമാനത്തില്‍ ഗുണപരമായ മാറ്റമില്ല എന്ന വിലയിരുത്തലും കേരളം കേന്ദ്രത്തോട് വ്യക്തമാക്കി.

കേരളം വീണ്ടും കടമെടുക്കാന്‍ നിര്‍ബന്ധിതമാകുകയാണ്. ഇപ്പോള്‍തന്നെ സംസ്ഥാനത്തിന്റെ സഞ്ചിത കടം ഒരു ലക്ഷം കോടി കവിഞ്ഞു. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ കേരളത്തിന്റെ കടം ഇരട്ടിയായി. 2007-08ല്‍ 55410 കോടിയായിരുന്നു സഞ്ചിത കടം. ആളോഹരി കടത്തിലും വര്‍ധനയുണ്ട്. ആളോഹരി കടം അന്ന് 15,700 രൂപയായിരുന്നെങ്കില്‍ ഇന്നു 30,000 കവിഞ്ഞു. ഇതു തമിഴ്‌നാട്, ആന്ധ്ര, കര്‍ണാടക സംസ്ഥാനങ്ങളുടെ ആളോഹരി കടത്തിന്റെ ഇരട്ടിയോളമാണ്. സഞ്ചിത കടം ഏറ്റവും കൂടുതലുള്ള മൂന്നു സംസ്ഥാനങ്ങളിലൊന്നാണു കേരളം. പഞ്ചാബും ബംഗാളുമാണു മറ്റു രണ്ടെണ്ണം. പൊതുഭരണച്ചെലവ് ഏറ്റവും കൂടിയ സംസ്ഥാനങ്ങളിലൊന്നു കൂടിയാണു കേരളം.

അര്‍ഹതയുള്ള ജിഎസ്ടി നഷ്ടപരിഹാരം സംസ്ഥാനങ്ങള്‍ക്കു കിട്ടാത്ത സാഹചര്യം വലിയ പ്രത്യാഘാതമുണ്ടാക്കുമെന്നും ഇക്കാര്യത്തിലെ അനിശ്ചിതത്വം തുടരാന്‍ അനുവദിക്കരുതെന്നും മുഖ പ്രസംഗത്തില്‍ 'ഹിന്ദു' ദിനപത്രം അഭിപ്രായപ്പെട്ടു. നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നിലൊന്നു കടന്നു പോയിട്ടും മഹാമാരിയുടെ പേരു പറഞ്ഞ് ഇത്തരം കാര്യങ്ങളില്‍ അവ്യക്തത അവശേഷിപ്പിച്ചാല്‍ സംസ്ഥാനങ്ങള്‍ കൂടുതല്‍ ബുദ്ധിമുട്ടിലാകും.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Tags:    

Similar News